തൃശൂർ: ബി ജെ പി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷ് മുഖ്യമന്ത്രി പിണറായി വിജയന്റെ ടൂളാണെന്ന് പ്രതികരിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. ബിജെപിയിൽ വലിയ തരത്തിലുളള പ്രശ്നങ്ങളുണ്ടാകുന്നുവെന്ന എകെജി സെന്ററിന്റെ തിരക്കഥയുടെ നാവ് മാത്രമാണ് സതീശനെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. തിരൂർ സതീശന്റെ ആരോപണങ്ങളിൽ പ്രതികരിക്കുകയായിരുന്നു ശോഭാ സുരേന്ദ്രൻ.
'ബിജെപിയിൽ വലിയ പ്രശ്നങ്ങളുണ്ടെന്നും ആ തർക്കങ്ങളിലൂടെ കേരള ഘടകത്തിലെ ഒരു വ്യക്തിയെ ലക്ഷ്യം വച്ചുകൊണ്ട് ഞാൻ പരിശ്രമിക്കുന്നുണ്ടെന്ന് എകെജി സെന്റർ ഒരുക്കിയ തിരക്കഥയുടെ നാവ് മാത്രമാണ് സതീശന്റേത്. സതീശനെ വിലക്കെടുത്ത് കഴിഞ്ഞിട്ട് ഒരു വർഷത്തിലേറെയായി. നാവ് സതീശന്റേതാണെങ്കിലും പിന്നിൽ എകെജി സെന്ററാണ്. എനിക്ക് ബിജെപിയുടെ സംസ്ഥാന പ്രസിഡന്റാകാൻ വേണ്ടി സതീശനെക്കൊണ്ട് പറയിപ്പിക്കുകയാണെന്ന് എകെജി സെന്റർ തിരക്കഥയിൽ പറയുന്നത്. എനിക്ക് പ്രസിഡന്റാകാൻ അയോഗ്യത ഉണ്ടോ?
എന്റെ പേര് എടുത്ത് പറയാതെയാണ് ചാനലുകളിൽ ചർച്ചകൾ വന്നത്. കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങളോട് സതീശൻ കേരളാ ബാങ്ക് മേധാവി കണ്ണന് കടം കൊടുത്തിട്ടുണ്ടോ എന്ന് അന്വേഷിക്കാൻ മാദ്ധ്യമ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. കപ്പലണ്ടി കച്ചവടം നടത്തിയിരുന്ന കണ്ണൻ എങ്ങനെയാണ് കേരളാ ബാങ്കിന്റെ തലപ്പത്ത് എത്തിയതെന്ന് ഇതിന് മുൻപും ഞാൻ ചോദിച്ചിട്ടുണ്ട്.
ഇതിനൊന്നിനും ആരും ഉത്തരം തന്നിട്ടില്ല, എന്റെ സന്തത സഹചാരിയാണ് സതീശനെന്നാണ് ആദ്യം എല്ലാവരും പറഞ്ഞത്. രണ്ടാമത് എന്റെ ഡ്രൈവറായിരുന്നു സതീശനെന്ന് പറഞ്ഞു. പിന്നെ എന്റെ കാര്യങ്ങളിൽ മേൽനോട്ടം വഹിക്കുന്ന ആളാണ് സതീശനെന്ന് പറഞ്ഞു. എന്റെ പ്രവർത്തകർക്ക് ബുദ്ധിമുട്ടുണ്ടാകുമ്പോൾ ശാരീരിക ബുദ്ധിമുട്ടുകൾ മറികടന്ന് പ്രതികരിച്ച വ്യക്തിയാണ് ഞാൻ. ബിജെപിയിൽ ഒരു കാലത്ത് ദയനീയ സാഹചര്യങ്ങളിൽ നിന്ന് വളർന്നുപോരാടിയ നരേന്ദ്രമോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയായി. ഒരു സ്‌കൂളിൽ ചെറിയ ശമ്പളത്തിൽ ജോലി ചെയ്ത് അടിസ്ഥാന വർഗത്തിൽ നിന്നും ഉയർന്നുവന്ന ദ്രൗപതി മുർമു രാജ്യത്തിന്റെ രാഷ്ട്രപതിയായി. ഞാൻ പല സ്ഥാനങ്ങളിലേക്കും എത്തിയിട്ടുണ്ട്. നൂലിൽ കെട്ടി ഏതെങ്കിലും ഒരു ഗോഡ്ഫാദർ വളർത്തിവിട്ട ആളല്ല. ഞാൻ പാർട്ടിയിൽ ശക്തമായി പ്രവർത്തിച്ച വ്യക്തിയാണ്.
ടോൾ സമരത്തിന്റെ മുന്നിൽ നിന്ന് ഗൗരിയമ്മയ്ക്കും അജിതയ്ക്കും ശേഷം ക്രൂരമായ ലാത്തിചാർജ് ഏറ്റുവാങ്ങി ഓപ്പറേഷനുവരെ വിധേയമാക്കപ്പെട്ട ഒരു സ്ത്രീയാണ് ഞാൻ. എന്താണ് എന്റെ അയോഗ്യത. ആരാണ് സതീഷ്? താൻ ആർഎസ്എസ് ആണെന്ന് പറയുന്ന സതീഷ് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ പാർട്ടിയെയാണ് സമീപിക്കേണ്ടത്'- ശോഭാ സുരേന്ദ്രൻ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |