സംഗീതസംവിധായകൻ സുഷിൻ ശ്യാമിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ താരദമ്പതികളായ നസ്രിയയും ഫഹദും ക്ഷേത്രത്തിൽ പ്രവേശിച്ചതിനെ വിമർശിച്ച അഡ്വ. കൃഷ്‌ണ രാജിന് നടൻ വിനായകന്റെ മറുപടി. ഹിന്ദുക്കളുടെ മൊത്തം അട്ടിപ്പേറവകാശം നിങ്ങൾക്കാരാണ് പതിച്ചു തന്നതെന്ന് വിനായകൻ ചോദിക്കുന്നു. ഫേസ്‌ബുക്ക് കുറിപ്പിലൂടെയായിരുന്നു വിനായകന്റെ പ്രതികരണം.
ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ഇത് പറയാൻ നീയാരാടാ...
വര്‍ഗീയവാദി കൃഷണരാജെ
ഹിന്ദുക്കളുടെ മൊത്തം അട്ടിപ്പേറവകാശം നിനക്കാരാടാ പതിച്ചു തന്നത്....
നീ ആദ്യം സിന്ധ്, ഹിന്ദ്, ഇന്ത്യ, ഇന്ത്യൻ
എന്താണെന്നു അറിയാൻ ശ്രമിക്ക്
അല്ലാതെ
നിന്റെ തായ് വഴി കിട്ടിയ
നിന്റെ കുടുംബത്തിന്റെ
സനാതന ധർമമല്ല
ഈ ലോകത്തിന്റെ
സനാതന ധർമം.
ജയ് ഹിന്ദ്
'സഖാക്കൾ ദേവസ്വം ഭരിച്ചാൽ ഇതാണ് ഹിന്ദുവിന്റെ അവസ്ഥ. ഏത് അണ്ടനും അടകോഴനും ഏത് ക്രിസ്ത്യാനിക്കും മുസ്ലിമിനും ക്ഷേത്രത്തിനുള്ളിൽ കടക്കാം. വേണേൽ ശ്രീകോവിലിനുള്ളിലും ഇവന്മാർ കേറ്റും. തൃപ്പൂണിത്തുറ പൂർണ്ണത്രയീശ ക്ഷേത്രത്തിനുള്ളിലെ ഒരു ദൃശ്യം. ക്ഷേത്ര ആചാര ലംഘനം നടത്തിയ ഒരുത്തനെയും വെറുതെ വിടും എന്ന് കരുതേണ്ട. നമുക്ക് നോക്കാം'- എന്നായിരുന്നു ചിത്രങ്ങൾ പങ്കുവച്ച് ഫേസ്‌ബുക്കിലൂടെ അഡ്വ. കൃഷ്ണരാജിന്റെ വിമർശനം. ഇന്ന് ഉച്ചയോടെ ലൈവിൽ വരുമെന്നും കൃഷ്ണരാജ് അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞദിവസമാണ് സുഷിനും ഗായിക ഉത്തരകൃഷ്ണയും വിവാഹിതരായത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്. ഫഹദ് ഫാസിൽ, ഭാര്യ നസ്രിയ എന്നിവർക്ക് പുറമെ ജയറാം, പാർവതി, കാളിദാസ്, ശ്യാംപുഷ്കരൻ, ഉണ്ണിമായ, ദീപക് ദേവ് എന്നിവരും വിവാഹത്തിൽ പങ്കെടുത്തിരുന്നു. ജയറാമിന്റെ മകൾ മാളവികയുടെ വിവാഹത്തിന് സുഷിൻ തന്റെ പങ്കാളിയെ പരിചയപ്പെടുത്തിയിരുന്നു. അമൽ നീരദ് സംവിധാനം ചെയ്ത ബൊഗയ്‌വില്ലയാണ് സുഷിന്റെ സംഗീത സംവിധാനത്തിൽ പുറത്തിറങ്ങിയ അവസാന ചിത്രം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |