ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ അൽമോറ ജില്ലയിൽ ബസ് മലയിടുക്കിൽ വീണുണ്ടായ അപകടത്തിൽ 36 മരണം. മർച്ചുലയിലെ 200 മീറ്റർ താഴ്‌ചയുള്ള മലയിടുക്കിലേയ്ക്ക് 45 സീറ്റുള്ള ബസ് ഇന്നുരാവിലെയാണ് വീണത്. ഗർവാളിലെ പോരിയിൽ നിന്ന് കുമോണിലെ രാം നഗറിലേയ്ക്ക് പോവുകയായിരുന്ന ബസ് നിയന്ത്രണംവിട്ട് താഴ്‌ചയിലേയ്ക്ക് വീഴുകയായിരുന്നു.
രാംപൂർ ആയിരുന്നു ബസ് എത്തേണ്ടിയിരുന്നത്. ഇവിടെനിന്ന് 35 കിലോമീറ്റർ അകലെവച്ച് രാവിലെ എട്ടരയോടെയാണ് അപകടം നടന്നത്. പ്രദേശത്ത് പൊലീസും ദുരന്ത നിവാരണ വകുപ്പ് ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തനം നടത്തുകയാണ്. പ്രദേശവാസികളാണ് ആദ്യം രക്ഷാപ്രവർത്തനം ആരംഭിച്ചത്. നിരവധി പേർ സംഭവസ്ഥലത്തുവച്ചുതന്നെ മരണപ്പെട്ടിരുന്നു. ഏഴുപേർ ആശുപത്രികളിൽ എത്തിച്ചതിനുശേഷമാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പത്തുപേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അഞ്ചുപേരെ കാണാതായതായും റിപ്പോർട്ടുകളുണ്ട്. ഗാർവാൾ മോട്ടോർ ഓണേഴ്‌സ് യൂണിയന്റെ ഉടമസ്ഥതയിലുള്ള ബസാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു.
രക്ഷാപ്രവർത്തനം ത്വരിതപ്പെടുത്താൻ ജില്ലാ ഭരണകൂടത്തിന് നിർദേശം നൽകിയതായി മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധമി പറഞ്ഞു. അപകടത്തിൽ പ്രദേശത്തെ ആർടിഒ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി ഉത്തരവിട്ടു. അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സർക്കാർ നാല് ലക്ഷം രൂപ പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് ഒരുലക്ഷം രൂപയും നൽകും. അപകടത്തിൽ മജിസ്റ്റീരിയൽ അന്വേഷണത്തിനും മുഖ്യമന്ത്രി ഉത്തരവിട്ടു. മരണപ്പെട്ടവരുടെ അടുത്ത ബന്ധുക്കൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് രണ്ട് ലക്ഷം രൂപയും അപകടത്തിൽ പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |