SignIn
Kerala Kaumudi Online
Wednesday, 09 July 2025 9.35 PM IST

ഒരു കാര്യം ഓർമ്മപ്പെടുത്തട്ടെ ഒന്നു രണ്ട് വർഷത്തിനുള്ളിൽ ഇനിയും തമ്പാനൂരിൽ വെള്ളപൊക്കമുണ്ടാകും,​ കാരണം ഇതാണെന്ന് ബിജു പ്രഭാകർ ഐ.എ.എസ്

Increase Font Size Decrease Font Size Print Page
biju-prabhakar

രണ്ട് വർഷങ്ങൾക്ക് മുമ്പ് മാനമൊന്ന് ഇരുണ്ടാൽ തലസ്ഥാനവാസികളുടെ മനവും അതുപോലെ ഇരുളുമായിരുന്നു. അൽപം ശക്തമായി മഴ പെയ്‌താൽ പോലും തിരുവനന്തപുരം നഗരം വെള്ളക്കെട്ടിൽ മുങ്ങുന്നതായിരുന്നു അതിന് കാരണം. എന്നാൽ ഇത് തടയാനായി അന്നത്തെ സർക്കാർ കൊണ്ടുവന്ന 'ഓപ്പറേഷൻ അനന്ത' പദ്ധതി തലസ്ഥാനത്തെ വെള്ളക്കെട്ടിന് ഭാഗികമായെങ്കിലും പരിഹാരമാവുകയായിരുന്നു. ഇതിന് ചുക്കാൻ പിടിച്ചതോ? അന്നത്തെ തിരുവനന്തപുരം കളക്‌ടറായിരുന്ന ബിജു പ്രഭാകർ ഐ.എ.എസും.

ഓടകളെല്ലാം നവീകരിച്ച് വെള്ളമൊഴുകാൻ വഴിയൊരുക്കിയ ഓപ്പറേഷൻ അനന്ത 2015ൽ ആണ് ആരംഭിച്ചത്. തമ്പാനൂരും കിഴക്കേകോട്ടയും അടക്കം 30 കിലോമീറ്റർ ദൂരത്തെ ഓടകൾ ശുചിയാക്കാനും കഴിഞ്ഞു. രണ്ട് വർഷം മുമ്പ് ഒന്നാം ഘട്ടം പൂർത്തിയായെങ്കിലും അതിന് ശേഷം നാളിതുവരെയായിട്ടും ഓപ്പറേഷൻ അനന്തയ്‌ക്ക് പുതുജീവൻ ലഭിച്ചിട്ടില്ല.

അതുകൊണ്ടുതന്നെ ഏറിയാൽ രണ്ടു കൊല്ലത്തിനകം തമ്പാനൂർ പഴയപടിയാകുമെന്ന് പറയുകയാണ് ഓപ്പറേഷൻ അനന്തയുടെ നെടുംതൂണായിരുന്ന ബിജു പ്രഭാകർ ഐ.എ.എസ്. അതിന് വ്യക്തമായ കാരണവും അദ്ദേഹം തന്റെ വെബ്‌സൈറ്റിൽ പങ്കുവയ്‌ക്കുന്നുണ്ട്.

കുറിപ്പ് വായിക്കാം-

'തിരുവനന്തപുരത്തു ഓരോ മഴക്കാലം വരുമ്പോഴും ചിലരെങ്കിലും എന്റെ പേര് ഓർക്കുന്നത് കാണുമ്പോൾ സന്തോഷം തോന്നും. എന്നാൽ ഇതിന്റെ പിന്നിൽ വലിയൊരു ടീം പ്രവർത്തിച്ചിരുന്നു. യാതൊരു ഉത്തരവുകളുടെയും പിൻബലമില്ലാതെ തന്നെ അവർ എന്നെയും ചീഫ് സെക്രട്ടറി ആയിരുന്ന ജിജി തോംസൺ സാറിനെയും വിശ്വസിച്ചു ഏതാണ്ട് 26 കിലോമീറ്റർ നീണ്ടു കിടക്കുന്ന ഓടക്കു മുകളിലുള്ള അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ മുൻ കൈ എടുതതുകൊണ്ടു മാത്രമാണ് ഇന്ന് കാണുന്ന വെള്ളപ്പൊക്കം ഒഴിവാക്കാൻ സാധിച്ചത്. അവരിൽ ചിലരുടെ ഫോട്ടോ ഇവിടെ പ്രസിദ്ധീകരിക്കട്ടെ. ( ഫോട്ടോ ലിങ്കിൽ കാണാം)


ഇവരെ കൂടാതെ വളരെ അധികം പേർ ഓപ്പറേഷൻ അനന്തക്കു വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്. ഇതിൽ എന്റെ ഒപ്പം രാപകൽ പ്രവർത്തിച്ച സബ് കലക്ടർ ഡോ.കാർത്തികേയൻ കഅട, ഓപ്പറേഷൻ അനന്ത നടക്കുമ്പോൾ അപകടമുണ്ടായി തല പൊട്ടിയ തിരുവനന്തപുരം തഹസിൽദാർ ശ്രീ.ശശികുമാർ തുടങ്ങി പല കാര്യങ്ങൾക്കായി നേതൃത്വം നൽകിയ പല ഉദ്യോഗസ്ഥരും കോണ്ട്രാക്ടര്മാരും തൊഴിലാളികളും ഉണ്ട് – അവരുടെ ഫോട്ടോ ഇതിൽ ഇല്ല . ഇവരെല്ലാമാണ് ഓപ്പറേഷൻ അനന്ത സമയബന്ധിതമായി നടപ്പാക്കിയ ഒരു വലിയ സംരംഭമാക്കി തിരുവനന്തപുരം സിറ്റിയിലെ വെള്ളക്കെട്ട് ഒഴിവാക്കിയത് .


ജിജി തോംസണ് എന്ന ഒരു ചീഫ് സെക്രട്ടറി ഞങ്ങൾക്കെല്ലാം, നൽകിയ പിന്തുണയാണ് ഇതെല്ലാം സാധ്യമാക്കിയത്. യാതൊരു ബഡ്ജറ്റോ പ്ലാനോ ഒന്നും ഇല്ലാതെയാണ് ഓപ്പറേഷൻ അനന്ത തുടങ്ങിയത്. തമ്പാനൂരിൽ എങ്ങനെ വെള്ള പൊക്കം ഉണ്ടാകുന്നു എന്ന ഒരു വീഡിയോ തയാറാക്കി ചീഫ് സെക്രട്ടറി മന്ത്രിസഭയിൽ കാണിക്കുകയും മന്ത്രി സഭ പണികൾ കാലാവര്ഷത്തിനു മുൻപ് തുടങ്ങാൻ നൽകിയ അനുമതിയും മാത്രമാണ് തുടക്കത്തിൽ ഉണ്ടായിരുന്നത്. ആരംഭ ഘട്ടത്തിൽ ഏതാണ്ടെല്ലാ ദിവസവും പ്ലാനുകളും എസ്റ്റിമേറ്റുകളും പരിശോധിക്കുകയും ഞങ്ങൾ നൽകിയ പ്രൊപ്പോസലുകൾ ചീഫ് സെക്രട്ടറിയുടെ തലത്തിൽ യോഗം വിളിച്ചു ധനകാര്യം, പ്ലാനിംഗ് തുടങ്ങിയ വകുപ്പുകളെ ഏകോപിപ്പിച്ചു ഉത്തരവാക്കി അദ്ദേഹം ഇറക്കി.


ചീഫ് സെക്രട്ടറി യുടെ എക്സിക്യൂട്ടീവ് അസിസ്റ്റന്റ് ആയ ഡോ.വാസുകി ഐ.എ.എസ് ഉടൻ ഉത്തരവ് /മിനുറ്റ്സ്സ് തയ്യാറാക്കി പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഒരു കാര്യം ഓർമ്മപ്പെടുത്തട്ടെ. ഒന്നു രണ്ടു വർഷത്തിനുള്ളിൽ ഇനിയും തമ്പാനൂരിൽ വെള്ളപ്പൊക്കം ഉണ്ടാകും.ഇപ്പോഴത്തെത്തു താൽകാലിക പരിഹാരം മാത്രമാണ്. അതിനു കാരണം ഇതാണ്. ഈ ചിത്രം നോക്കുക. (ചിത്രം ലിങ്കിൽ കാണാം)


ഇന്ത്യൻ കോഫി ഹൗസ്ൽ നിന്നും ആരംഭിക്കുന്നതും റയിൽവേ പാളത്തിന്റെ അടിയിൽ കൂടി പോകുന്നതുമായ 140 മീറ്റർ നീളം ഉള്ള വലിയ ഓടയിൽ ഏകദേശം 2 .5 മീറ്റർ പൊക്കവും 1 .5 മീറ്റർ സമചതുരമായി രണ്ടു പയിൽ ഫൗണ്ടേഷൻ നിൽക്കുന്നുണ്ട്. ഇതിൽ മണ്ണടിഞ്ഞിട്ടാണ് തമ്പാനൂരിൽ വെള്ളപ്പൊക്കം ഉണ്ടാകുന്നത് . മണ്ണു മുഴുവനായും ഓപ്പറേഷൻ അനന്തയിൽ മാറ്റിയിരുന്നു. ഈ കഴിഞ്ഞ 3 വര്ഷം കൊണ്ട് ഇതിൽ വളരെ അധികം മണ്ണ് അടിഞ്ഞിട്ടുണ്ടാകും. ഏറിയാൽ രണ്ടു കൊല്ലത്തിനകം തമ്പാനൂർ പഴയപടിയാകും.

ഏകദേശം 700 ലോഡ് മണ്ണും മറ്റു വേസ്റ്റും ആണ് ഈ 140 മീറ്റർ ഓടയിൽ നിന്നും അനന്ത ടീം നീക്കയത്. മറ്റാരും മുന്നോട്ടു വരാതിരുന്നപ്പോൾ അന്ന് ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ ആയ ശ്രീ.മജു ബാലകൃഷ്ണന്റെ നേതൃത്വത്തിൽ ഉള്ള എൻജിനീയർമാരും വിനോദ് എന്ന വളരെ കാര്യക്ഷമതയുള്ള ഒരു കോൺട്രാക്ടറും ആണ് ഇത് സാധ്യമാക്കിയത്. ഈ ഓട വൃത്തിയാക്കിയതുകൊണ്ടു മാത്രമാണ് തമ്പാനൂരിൽ നിന്നും വെള്ളം ഇപ്പുറത്തു ഒഴുകി എത്തുന്നത് . ഈ കക്കൂസ് മാലിന്യം അടങ്ങിയ അഴുക്കു വെള്ളത്തിൽ കിടക്കുന്ന വിനോദിന്റെ തൊഴിലാളികളെ (ഫോട്ടോ നോക്കുക ) എത്ര നമിച്ചാലും പോരാ. ഇവരോക്കെയാണ് റിയൽ ഫീറോസ്. ഇവരെയൊക്കെ നാം ഓർത്തേ മതിയാകൂ.

റെയിൽവേ സ്റ്റേഷന് അടിയിൽ കൂടി പോകുന്ന ഓടയിൽ നിന്നും മാറ്റിയ മണ്ണും വേസ്റ്റും കൊണ്ടുപോകാൻ ഇടമില്ലാതെ ദിവസങ്ങൾ കിടന്നു. റെയിൽവേ സ്റ്റേഷന് അടിയിൽ കൂടി പോകുന്ന ഓടയിൽ നിന്നും മണ്ണും വേസ്റ്റും ഹിറ്റാച്ചി കൊണ്ടു മാറ്റുന്നു. ഈ ഹിറ്റാച്ചിയിൽ ഓടയിലൂടെ ഇന്ത്യൻ കോഫി ഹൗസ് വരെ പോയി പരിശോധിക്കുമെന്നു ഞങ്ങൾ പറഞ്ഞിരുന്നെകിലും ട്രെയിനിന്റെ കക്കൂസിൽ നിന്ന് ദേഹത്ത് അഴുക്കു വെള്ളം വീഴാൻ സാധ്യത ഉള്ളതിനാൽ ആ ശ്രമം ഉപേക്ഷിച്ചു.

2016 ഫെബ്രുവരിയിൽ റിട്ടയർ ചെയ്യുന്നതിനാൽ തുടങ്ങിയ പണികൾ പൂർത്തീകരിച്ചിട്ടു മതി കിഴക്കേകോട്ട മുതൽ ഉപ്പിലമൂട് പാലം വരെയുള്ള വീതികൂട്ടൽ എന്ന് ജിജി തോംസൺ സർ ഞങ്ങളോട് ആവശ്യപ്പെട്ടു. കിഴക്കേകോട്ടയിലെ പാതിരാ കട്ടിൽ (അനധികൃതമായി വിൽക്കുന്ന) സ്ഥലത്തെ കൾവേർട്ട് പൊളിച്ചു പൈപ്പുകൾ മാറ്റിയില്ലെങ്കിൽ ഈ ചെയ്ത ജോലികൾ കൊണ്ട് പ്രയോജനം ഇല്ലാതാകും എന്ന ഘട്ടം വന്നു. അങ്ങനെയാണ് പുത്തരിക്കണ്ടം മൈതാനിക്കു കുറുകെ ഒരു ഓവർഫ്ളോ ഡക്‌ട് നിർമ്മിക്കാം എന്ന ആശയം ഉടലെടുത്തത്. എന്നാൽ മേയർ ആയ അഡ്വ. ചന്ദ്രിക സമ്മതിച്ചിട്ടും ഏതാനും ചിലർ ആ നീക്കത്തെ എതിർത്തു . ഒരു നേതാവ് കിഴക്കേ കോട്ടയിൽ നിരാഹാരം കിടന്നു. അങ്ങനെ ഒരു സ്‌റ്റെയിൽമേറ്റിൽ ഇരിക്കുമ്പോഴാണ് 2015 നവമ്പറിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഇലക്ഷനു ശേഷം ജില്ലാ കളക്ടർക്കു കോര്പറേഷൻ അഡ്മിൻസിട്രേറ്ററുടെ ചുമതല ലഭിക്കുന്നത്. ഇത് തന്നെ അവസരം എന്ന് കണക്കാക്കി ഉടൻതന്നെ ഒരു ഉത്തരവും ഇല്ലാതെ പുത്തരികണ്ടതിനു കുറുകെ 2 m X 2 m വിസ്തൃതിയിൽ ഓവർഫ്ളോ ഡക്‌ട് പണി ആരംഭിച്ചു. സെൻട്രൽ തീയേറ്ററിന് സമീപം ആമയിഴഞ്ചാൻ തോടിന്റെ അടിത്തട്ടിൽ നിന്നും ഏതാണ്ട് 2 മീറ്റർ പൊക്കത്തിൽ ഉയർന്നു നിൽക്കുന്ന 4 മീറ്റർ വായ് വിസ്താരം ഉള്ളതാണു ഈ ഓവർഫ്ളോ ഡക്‌ട്. വെള്ളം ഉയരുമ്പോൾ മാത്രം ഇതിൽ കൂടി ആയി ഓവർഫ്ളോ ആയി മലിന ജലം തെക്കിനികര കനാലിലേക്ക് ഒഴുകുന്നു. റെക്കോർഡ് സമയത്തിനുള്ളിൽ ഡിസൈൻ ചെയ്തു , പുത്തരിക്കണ്ടത്തിന്റെ കുറുകെ (ചാല റോഡിൽ വഖഫ് ബോർഡ് കെട്ടിടത്തിന് മുന്നിലൂടെ, പദ്മനാഭ തീയേറ്ററിന് പിറകിലൂടെ, അട്ടകുളങ്ങര സെൻട്രൽ സ്‌കൂൾ ക്യാമ്പസിലൂടെ) റെക്കോർഡ് സമയത്തിനുള്ളിൽ ഒരു പുതിയ ഓട തന്നെ നിർമ്മിച്ചത് കൊണ്ടു മാത്രമാണ് ഈസ്റ്റ് ഫോർട്ടിൽ ഇപ്പോൾ വെള്ളം കയറാത്തത് . മുമ്പ് ആമയിഴഞ്ചാൻ തോട് കര കവിഞ്ഞാണ് ഈസ്റ്റ് ഫോർട്ടിൽ വെള്ളം ഒഴുകി എത്തിയിരുന്നത്. അത് ഇപ്പോൾ ഒഴിവായി.വെള്ളം പൊങ്ങിയാൽ മാത്രം ഓവർഫ്ളോ ചെയ്യുന്ന തരത്തിലാണ് അത് ഡിസൈൻ ചെയ്തത്. ഇതാണ് കിഴക്കേ കോട്ടയിൽ വെള്ളം കെട്ടാതെ നോക്കുന്ന ഒരു പ്രധാന ഓട. യാതൊരു എസ്റ്റിമേറ്റും അനുമതിയുമില്ലാതെ തുടങ്ങിയ പുത്തരികണ്ടത്തെ പണിക്കു എല്ലാ സാധൂകരണവും ഉത്തരവുകളും പുറത്തിറക്കിയിട്ടാണ് ജിജി തോംസൺ സർ റിട്ടയർ ചെയ്തത്.

വാൽക്കഷണം : കോർപറേഷന്റെ ചാർജ് കേവലം പത്തു ദിവസത്തേക്ക് കിട്ടുന്നതിന് ഏതാനും ദിവസം മുൻപ് സെക്രട്ടേറിയറ്റിൽ പടി കയറുമ്പോൾ തെന്നി എന്റെ കാലിൽ ഒരു പൊട്ടലുണ്ടായി. പ്ലാസ്റ്റർ ഇട്ട കാലുമായി രണ്ടു പേർ താങ്ങി പിടിച്ചാണ് ഞാൻ എല്ലാ ദിവസവും കോര്പറേഷൻ മേയറുടെ ചേംബറിൽ ജോലിക്കു എത്തിയത്. ഒരു പക്ഷെ, ക്യാമ്പ് ഓഫീസിൽ ഇരുന്നോ കളക്ടറുടെ ചേംബറിൽ ഇരുന്നോ കോര്പറേഷൻ കാര്യങ്ങൾ നോക്കാമായിരുന്നു. കളക്ടർ എന്ന നിലയിൽ നിരന്തരം ആവശ്യപ്പെട്ടിട്ടും മൂന്ന് പ്രധാന കാര്യങ്ങൾ ചെയ്യാൻ കോർപറേഷനിലെ ചിലർക്ക് താല്പര്യമില്ലായിരുന്നു. അത് ഈ ചുരുങ്ങിയ 10 ദിവസം കൊണ്ട് നടപ്പാക്കാൻ കോര്പറേഷൻ മേയറുടെ കസേരയിൽ ഇരിക്കേണ്ടത് ആവശ്യമായിരുന്നു . അത് മൂന്നും കോർപറേഷനിലെ ജീവനക്കാരുടെ പൂർണ സഹകരണത്തോടെ നടപ്പാക്കുകയും ചെയ്തു : ഒന്ന് പുത്തരികണ്ടതിനു കുറുകെ ഉള്ള overflow duct . രണ്ടു , പുളിമൂട് മുതൽ കിഴക്കേ കോട്ട വരെ പാർക്കിംഗ് ഫീ ഏർപ്പെടുത്തി ട്രാഫിക്കിനു അടുക്കും ചിട്ടയും വരുത്തി. മൂന്നാമത്തെ കാര്യം എല്ലാവര്ക്കും അറിയാമെങ്കിലും റിട്ടയർ ചെയ്തിട്ട് പറയാം.

TAGS: BIJU PRABHAKAR, OPERATION ANATHA, DR BIJU PRABHAKAR IAS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.