തിരുവനന്തപുരം: ഉടമസ്ഥർ സ്ഥലത്തില്ലാത്തതും ആൾപ്പാർപ്പില്ലാത്തതുമായ വീടും വസ്തുവും വില്പനയ്ക്കെന്ന് പരസ്യം നൽകി, തട്ടിപ്പ് നടത്തുന്ന സംഘം വ്യാപകമാകുന്നു. പ്ലോട്ടുകളുടെയും വീടുകളുടെയും മുമ്പിലാണ് പരസ്യം സ്ഥാപിക്കുന്നത്. വ്യാജ രേഖയുണ്ടാക്കി, ഉടമയുമായി രൂപസാദൃശ്യമുള്ളവരെ മുന്നിൽനിറുത്തി പുരയിടം കൈമാറ്റം ചെയ്യും. വില്പനയ്ക്കും ഭൂമി രജിസ്ട്രേഷൻ നടപടികൾക്കും വൻ സംഘം പ്രവർത്തിക്കുന്നുണ്ടെന്നാണ് സൂചന.
വർഷങ്ങളോളം സ്ഥലത്തില്ലാത്തവരുടെ വീടും ഭൂമിയുമാണ് തട്ടിപ്പിനുപയോഗിക്കുന്നത്. ആദ്യം പ്ലോട്ട് ഫോർ സെയിൽ എന്നൊരു പരസ്യം പതിപ്പിക്കും. ആരെങ്കിലും എതിർപ്പുമായെത്തിയാൽ മറ്റേതെങ്കിലും വസ്തുവിന്റേതാണെന്ന് പറഞ്ഞ് തടിതപ്പും. പരസ്യവും അപ്രത്യക്ഷമാകും. ഇല്ലെങ്കിൽ മാസങ്ങളോളം സ്ഥിതി നിരീക്ഷിച്ചശേഷം കരാറുണ്ടാക്കുമെന്ന് പൊലീസ്, റവന്യു ഉദ്യോഗസ്ഥർ പറയുന്നു. ഈ സമയത്തിനുള്ളിൽ ആധാരം, ഉടമയുടെ ആധാർ കാർഡ് തുടങ്ങിയവയുടെ വ്യാജ രേഖകളുണ്ടാക്കും. ഉടമയുമായി സാമ്യമുള്ളവരെ ഹാജരാക്കിയാണ് രജിസ്ട്രേഷൻ പൂർത്തിയാക്കുന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ജവഹർ നഗറിലെ തട്ടിപ്പ്:
അന്വേഷണം പാതിവഴിയിൽ
അമേരിക്കയിൽ താമസിക്കുന്ന തിരുവനന്തപുരം ജവഹർ നഗർ സ്വദേശിയുടെ വീടും വസ്തുവും ഒന്നരക്കോടി രൂപയ്ക്ക് വിറ്റതോടെയാണ് തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്തായത്. സംഭവത്തിൽ പുനലൂർ അലയമൺ പഞ്ചായത്തിൽ മണക്കാട് പുതുപറമ്പിൽ വീട്ടിൽ മെറിൻ ജേക്കബ് (27), വട്ടപ്പാറ മരുതൂർ ചീനിവിള പാലയ്ക്കാടു വീട്ടിൽ വസന്ത (76) എന്നിവരെ അറസ്റ്റുചെയ്തു. വൻ തട്ടിപ്പ് സംഘം പിന്നിലുണ്ടെന്ന് മ്യൂസിയം പൊലീസ് കണ്ടെത്തി. വ്യാജ ആധാരമുണ്ടാക്കിയെന്ന് സംശയിക്കുന്ന കോൺഗ്രസ് നേതാവ് മണികണ്ഠൻ അടക്കമുള്ളവരെ പിടികൂടാനുണ്ടെന്നും പൊലീസ് പറയുന്നു. ഇവർ സമാനമായ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കുകയാണ്. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുമെന്നാണ് വിവരം.
ഡോറ അസറിയ ക്രിപ്സ് എന്ന സ്ത്രീയുടെ ഉടമസ്ഥതയിലുള്ള വീടും സ്ഥലവും ഡോറയുടെ വളർത്തു മകളെന്ന പേരിൽ മെറിന് ധനനിശ്ചയം ചെയ്യുകയും ചന്ദ്രസേനൻ എന്നയാൾക്ക് വിലയാധാരം നൽകുകയുമായിരുന്നു. വട്ടപ്പാറ സ്വദേശി വസന്തയെ ഡോറയായി ആൾമാറാട്ടം നടത്തിച്ചാണ് ശാസ്തമംഗലം രജിസ്ട്രാർ ഓഫീസിൽ പ്രമാണം രജിസ്റ്റർ ചെയ്തത്. ഡോറയുടെ വസ്തുവിന്റെ കെയർടേക്കറായിരുന്നയാൾ കരം അടയ്ക്കാനെത്തിയപ്പോഴാണ് മറ്റൊരാൾ കരം അടച്ചതും വസ്തുവും വീടും മറ്റൊരാളുടെ പേരിലായതും അറിഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |