പുതുക്കാട് : ആന്ധ്രയിൽ നിന്നും വൻതോതിൽ കഞ്ചാവ് കൊണ്ടുവന്ന് മദ്ധ്യകേരളത്തിലെ വിവിധ സ്ഥലങ്ങളിൽ സൂക്ഷിച്ച് ചില്ലറ വിൽപ്പന നടത്തി വന്ന മൂന്നംഗ സംഘത്തെ ചാലക്കുടി ഡിവൈ.എസ്.പി കെ.സുമേഷ് റൂറൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എം.ഉല്ലാസ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് പിടികൂടി. സിമന്റ് ലോറിയിൽ അഞ്ച് പായ്ക്കറ്റിലായി കടത്തിയ പത്ത് കിലോ കഞ്ചാവും പിടികൂടി.
ആലപ്പുഴ കാർത്തികപ്പിള്ളി വലയകത്ത് വടക്കേതിൽ മൻസൂർ എന്ന രാജേഷ് (38), പുതുക്കാട് കണ്ണമ്പത്തൂർ കരുവന്നൂക്കാരൻ സുവിൻ എന്ന സുരേന്ദ്രൻ (29), വരന്തരപ്പിള്ളി കുടൻചിറ മനക്കുളങ്ങരപറമ്പിൽ മുനീർ മുജീബ് റഹ്മാൻ (28) എന്നിവരാണ് പിടിയിലായത്. പിടികൂടിയ മൻസൂർ എറണാകുളം ചമ്പന്നൂരിലും, മഞ്ഞപ്രയിലും കാമുകിമാരുടെ വീടുകളിൽ മാറി മാറി താമസിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
ഏതാനും ദിവസമായി പൊലീസ് ഡാൻസാഫ് ടീമംഗങ്ങൾ നടത്തിവന്ന രഹസ്യ നിരീക്ഷണത്തിനിടെ ഇന്നലെ പാലിയേക്കര ടോൾ പ്ലാസ പരിസരത്ത് നിന്നാണ് മൂവരെയും പടികൂടിയത്. പൊലീസിനെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ ബലപ്രയോഗത്തിലൂടെയാണ് പിടികൂടിയത്.
ആന്ധ്രയിലെ ഈസ്റ്റ് ഗോദാവരി ജില്ലയിലെ രാജേമുന്ദ്രിയിൽ നിന്നും കഞ്ചാവ് വാങ്ങി വരവേ ഇവരുടെ വാഹനത്തിന് തകരാർ സംഭവിച്ചതിനാൽ കഞ്ചാവിന്റെ ഭൂരിഭാഗവും തമിഴ്‌നാട്ടിൽ വിറ്റഴിച്ച ശേഷം സുഹൃത്തിന്റെ സിമന്റ് ലോറിയിൽ കയറി നാട്ടിലേക്ക് വരികയായിരുന്നു. പുതുക്കാട് സർക്കിൾ ഇൻസ്‌പെക്ടർ വി.സജേഷ്‌കുമാർ, സബ് ഇൻസ്‌പെക്ടർ എൻ.പ്രദീപ്, റൂറൽ ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡംഗങ്ങളായ വി.ജി.സ്റ്റീഫൻ, കെ.ജയകൃഷ്ണൻ, സി.ആർ.പ്രദീപ്കുമാർ, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം.മൂസ, വി.യു.സിൽജോ, സൂരജ് വി.ദേവ്, ലിജു ഇയ്യാനി, എ.യു.റെജി, എം.ജെ.ബിനു, സി.കെ.ബിജു, ഷിജോ തോമസ്, പി.എക്‌സ്.സോണി, കെ.ജെ.ഷിന്റോ, എ.ബി.നിഷാന്ത്, പുതുക്കാട് സ്‌റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർമാരായ ജോബി മഞ്ഞളി, ആന്റോ ജോസഫ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ബിജു ചന്ദ്രൻ, സ്‌പെഷ്യൽ ബ്രാഞ്ച് എസ്.ഐ വിശ്വനാഥൻ എന്നിവരടങ്ങിയ സംഘമാണ് ടോൾപ്ലാസയിലും അനുബന്ധ റോഡിലും നിലയുറപ്പിച്ച് പിഴവില്ലാത്ത വാഹന പരിശോധന നടത്തി ലഹരിക്കടത്ത് സംഘത്തെ പിടികൂടിയത്.
വിവിധ ജില്ലകളിലായി ഇരുപത്തിയെട്ടോളം ക്രിമിനൽ കേസിലും പ്രതിയാണ് മൻസൂർ എന്ന രാജേഷ്. സുവിൻ സുരേന്ദ്രനും മുനീറും ലഹരി വസ്തുക്കളുടെ വിപണനത്തിനും ഉപയോഗത്തിനുമായി നാലോളം കേസുകളിൽ പ്രതികളാണ്. ജില്ലയിലെ പീച്ചി, മണ്ണുത്തി, ഒല്ലൂർ, പുതുക്കാട് മേഖലകളിലും എറണാകുളം മലയാറ്റൂർ നീലീശ്വരം, അയ്യമ്പുഴ, തുറവൂർ, അങ്കമാലി, നെടുമ്പാശേരി എയർപോർട്ട് മേഖലകളിലും വ്യാപകമായി കഞ്ചാവും രാസലഹരിയും വിപണനം ചെയ്തു വന്നിരുന്ന സംഘമാണ് പിടിയിലായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |