മമ്മൂട്ടിയെ നായകനാക്കി 1985ൽ പുറത്തിറങ്ങിയ ചിത്രമാണ് 'ഒരു നോക്കു കാണാൻ'. ബേബി ശാലിനി ഇരട്ടവേഷത്തിലെത്തിയ ചിത്രത്തിൽ മേനക, ശങ്കർ, അംബിക തുടങ്ങിയവരാണ് കേന്ദ്രകഥാപാത്രങ്ങളായി എത്തിയത്. തീയേറ്ററിൽ വമ്പൻ ഹിറ്റായ ചിത്രത്തിലെ ഗാനങ്ങൾ ഇപ്പോഴും പ്രേക്ഷകർക്ക് സുപരിചിതമാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്തുണ്ടായ അനുഭവങ്ങളെക്കുറിച്ച് തുറന്നുപറയുകയാണ് സംവിധായകൻ സാജൻ. കഥ പൂർത്തിയായ ശേഷം മമ്മൂട്ടിയെ കാണാൻ എത്തിയതും കേട്ടതിന് ശേഷം മമ്മൂട്ടി മുന്നോട്ടുവച്ച ഡിമാൻഡിനെക്കുറിച്ചുമാണ് സാജൻ പറയുന്നത്. സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലാണ് സാജന്റെ തുറന്നുപറച്ചിൽ..
സാജന്റെ വാക്കുകളിലേക്ക്..
'ഒരു നോക്കു കാണാൻ എന്ന ചിത്രത്തിന്റെ കഥ കേട്ടയുടൻ മമ്മൂട്ടി പറഞ്ഞ് ഇത് എനിക്ക് ചെയ്യാൻ പറ്റില്ല. ഈ പടം ചെയ്യാൻ ഞാനില്ല. ഈ പടം ചെയ്യാൻ എനിക്ക് താൽപര്യമില്ല. ഇത് കേട്ടതോടെ ഞങ്ങൾ എല്ലാവരും വല്ലാതെയായി. എന്താണ് അങ്ങനെ പറയാൻ കാരണമെന്ന് മമ്മൂട്ടിയോട് ഞങ്ങൾ ചോദിച്ചപ്പോൾ, ഈ കഥയ്ക്ക് കുഴപ്പമൊന്നുമില്ല, ഇത് 120 ദിവസം വരെ തീയേറ്ററിൽ ഓടും. എന്നാൽ ഇതിൽ വേറെ ഒരു കുഴപ്പമുണ്ട്.
ഈ സിനിമയിൽ ഞാൻ കല്യാണം കഴിച്ച സ്ത്രീയിലുണ്ടാകുന്ന കുട്ടി ബേബി ശാലിനി, പണ്ട് അംബികയെ ഞാൻ പ്രേമിച്ച് ചതിച്ചിട്ട് പോയി. അതിൽ ഉണ്ടാകുന്ന കുട്ടിയും ബേബി ശാലിനി. എന്തായാലും ശരി ചിത്രത്തിൽ എനിക്ക് രണ്ട് മക്കളുണ്ടാകുന്നുണ്ടല്ലോ. ആകാശത്ത് നിന്നൊന്നും കൊച്ചുങ്ങളുണ്ടാകില്ലല്ലോ. ഞാൻ ഏതെങ്കിലും സ്ത്രീകളെ തൊട്ടഭിനയിക്കേണ്ടെ, ആ വക പരിപാടി ഇങ്ങോട്ടു പറ്റില്ല, തൊടാതെ പിടിക്കാതെ നിങ്ങൾ മറ്റ് സിനിമകൾ എടുത്തില്ലേ, അതുപോലെയാണെങ്കിൽ ചെയ്യാം. ഇത് യാതൊരു കാരണവശാലും ചെയ്യാൻ പറ്റില്ലെന്ന് മമ്മൂട്ടി പറഞ്ഞു.
ഈ സമയത്ത് ഞാൻ മമ്മൂട്ടിയോട് പറഞ്ഞു, ഞങ്ങൾ ടെക്നീഷ്യൻ എന്നൊരു വിഭാഗമുണ്ടല്ലോ. ഒരു പെണ്ണിനെ കെട്ടിപ്പിടിച്ച് ബെഡ്റൂം കാണിക്കാതെ തന്നെ നമ്മൾ സജസ്റ്റീവ് ഷോട്ട് ഉപയോഗിച്ച് ചെയ്യാറില്ലേ. അത് എങ്ങനെ എന്ന് മമ്മൂട്ടി ചോദിച്ചപ്പോൾ, അതാണ് ഒരു ഡയറക്ടറുടെ കഴിവെന്ന് ഞാൻ പറഞ്ഞു. നിങ്ങളുടെ ഡിമാൻഡ് എന്താണ് നിങ്ങൾ പെണ്ണുങ്ങളെ കെട്ടിപ്പിടിക്കില്ല. തോളത്തും കയ്യിലൊന്നും തൊടുന്നത് കൊണ്ട് പ്രശ്നമില്ലല്ലോ, ഇല്ലെന്ന് മറുപടി പറഞ്ഞു. ഞങ്ങൾ ഈ സിനിമ എടുക്കുമെന്ന് ഞങ്ങളും പറഞ്ഞു. മമ്മൂട്ടിക്ക് ഒരു പരിക്കും പറ്റാതെ ഈ ചിത്രമെടുക്കുമെന്നും ഞങ്ങൾ വാക്ക് കൊടുത്തു'
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |