നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ പുത്തൻ ഗെറ്റപ്പ് ആണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. കാലങ്ങൾക്ക് ശേഷം അദ്ദേഹം താടി വടിച്ചിരിക്കുകയാണ്. പുതിയ ചിത്രമായ 'ഒറ്റക്കൊമ്പന്' വേണ്ടിയാണ് താൻ താടി വടിക്കാതിരിക്കുന്നതെന്നും സെപ്തംബറിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും സുരേഷ് ഗോപി മുമ്പ് പറഞ്ഞിരുന്നു.
സുരേഷ് ഗോപിയെ നായകനാക്കി നവാഗതനായ മാത്യു തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒറ്റക്കൊമ്പൻ. പാലാക്കാരൻ അച്ചായന്റെ വേഷത്തിലാണ് സുരേഷ് ഗോപി ഒറ്റക്കൊമ്പനിൽ എത്തുന്നത്. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് നിർമ്മാണം.
സുരേഷ് ഗോപിയുടെ 250-ാമത്തെ ചിത്രമായിട്ടാണ് ഇത് നേരത്തെ പ്രഖ്യാപിച്ചത്. താടി വടിച്ചതോടെ ഒറ്റക്കൊമ്പന്റെ അവസ്ഥ എന്താകുമെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. സിനിമയിൽ അഭിനയിക്കാൻ കേന്ദ്രത്തിൽ നിന്ന് അനുമതി ലഭിക്കാത്തതിനാൽ ചിത്രീകരണം നീട്ടിവച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
കേന്ദ്രമന്ത്രി പദത്തിലിരിക്കുന്ന ഒരാൾക്ക് മറ്റ് ജോലികൾ ചെയ്യാൻ പെരുമാറ്റച്ചട്ടപ്രകാരം സാദ്ധ്യമല്ലെന്ന് മുമ്പ് ലോക്‌സഭാ മുൻ ജനറൽ സെക്രട്ടറി പി ഡി ടി ആചാരി ഒരു മാദ്ധ്യമത്തോട് പറഞ്ഞിരുന്നു. മുഴുവൻ സമയ ജോലിയായിട്ടാണ് മന്ത്രിപദത്തെ കാണേണ്ടതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |