ട്രംപ് വൈറ്റ്‌ഹൗസിലേക്ക് ചുവടുവയ്ക്കുമ്പോൾ വൈസ് പ്രസിഡന്റായി 40കാരൻ ജെയിംസ് ഡേവിഡ് വാൻസും. ഒഹായോയിൽ നിന്നുള്ള സെനറ്ററാണ് വാൻസ്.
യു.എസിലെ ഏറ്റവും പ്രായം കുറഞ്ഞ വൈസ് പ്രസിഡന്റുമാരിൽ മൂന്നാമനാണ് ജെ.ഡി. വാൻസ്. 36- ാം വയസിൽ അധികാരത്തിലെത്തിയ ജോൺ സി. ബ്രെക്കിൻ റിഡ്ജിനാണ് റെക്കാഡ്. റിച്ചാർഡ് നിക്സണ് രണ്ടാം സ്ഥാനം (40 വയസ്, 11 ദിവസം).
രാഷ്ട്രീയ എതിരാളികളെ നിശിതമായി വിമർശിക്കുന്ന ആളാണ് വാൻസ്. ഒരിക്കൽ ട്രംപിന്റെ കടുത്ത വിമർശകനായിരുന്നു. പിന്നെ ആരാധനയായി. ഇപ്പോൾ 'ട്രംപിസ'ത്തിന്റെ വക്താവാണ്.
നാഷണൽ സെലിബ്രിറ്റി
കെന്റക്കിയിലെ ഗ്രാമീണ ജീവിതവും ഒഹായോയിലെ സാമൂഹിക സാമ്പത്തിക പ്രശ്നങ്ങളും ചർച്ചയാക്കുന്ന വാൻസിന്റെ ' ഹിൽബില്ലി എലജി' (2016) എന്ന ഓർമ്മക്കുറിപ്പ് അദ്ദേഹത്തെ നാഷണൽ സെലിബ്രിറ്റിയാക്കി. ഇത് സിനിമയും ആയി.
വാൻസ് കുട്ടിയായിരിക്കുമ്പോൾ മാതാപിതാക്കൾ വേർപിരിഞ്ഞു. മാതാവ് ലഹരിക്കടിമയായിരുന്നെന്നും പട്ടിണിയും ദുരിതവും നിറഞ്ഞതായിരുന്നു കുട്ടിക്കാലമെന്നും വാൻസ് പറഞ്ഞിട്ടുണ്ട്. അമ്മയുടെ മാതാപിതാക്കളാണ് വളർത്തിയത്. 17 ാം വയസിൽ പലചരക്കുകടയിൽ കാഷ്യറായി. ഹൈസ്കൂൾ പഠനം പൂർത്തിയാക്കി യു.എസ് മറൈനിൽ ചേർന്നു.
നാല് വർഷത്തെ സർവീസിനിടെ ഇറാക്കിലും നിയോഗിക്കപ്പെട്ടു. തുടർന്ന് ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി, യേൽ ലോ സ്കൂൾ എന്നിവിടങ്ങളിൽ ഉന്നത വിദ്യാഭ്യാസം. 2022ലാണ് സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഗർഭച്ഛിദ്രം, സ്വവർഗ്ഗ വിവാഹം, തോക്ക് നിയന്ത്രണം, യുക്രെയിനുള്ള അമേരിക്കൻ സൈനിക സഹായം എന്നിവയ്ക്ക് എതിരാണ് വാൻസ്.
സെക്കൻഡ് ലേഡി ഉഷ
ഇന്ത്യൻ വംശജ
അമേരിക്കൻ പ്രസിഡന്റിന്റെ പത്നിയെ ഫസ്റ്റ് ലേഡി എന്ന് പറയും. വൈസ് പ്രസിഡന്റിന്റെ പത്നി സെക്കൻഡ് ലേഡി. വാൻസിന്റെ ഭാര്യയും പുതിയ സെക്കൻഡ് ലേഡിയുമായ ഉഷ ചിലുകുരി ഇന്ത്യൻ വംശജയാണ്. ഉഷയുടെ മാതാപിതാക്കൾ ആന്ധ്രപ്രദേശിൽ നിന്ന് യു.എസിലേക്ക് കുടിയേറിയവരാണ്. ഉഷ ജനിച്ചതും വളർന്നതും കാലിഫോർണിയയിലെ സാൻഡിയാഗോയിലാണ്.
യേൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ചരിത്രത്തിൽ ബിരുദവും കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഫിലോസഫിയിൽ ബിരുദാനന്തര ബിരുദവും നേടി. യേൽ ലോ സ്കൂളിലാണ് വാൻസിനെ ഉഷ പരിചയപ്പെട്ടത്.
നിയമ ബിരുദം നേടിയതിന് പിന്നാലെ 2014ൽ ഇരുവരും വിവാഹിതരായി. ഹിന്ദു ആചാരപ്രകാരം ആയിരുന്നു വിവാഹം. ഇവാൻ, വിവേക്, മിറാബെൽ എന്നിവരാണ് മക്കൾ. വാൻസിനൊപ്പം രാഷ്ട്രീയത്തിൽ സജീവമാണ് ഉഷ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |