ടെൽ അവീവ്: കൃഷി സ്ഥലത്ത് വിളവെടുപ്പിന് എത്തിയ പലസ്തീൻ വനിതയെ മുഖംമൂടി ധരിച്ച ഇസ്രായേൽ പൗരൻ വടികൊണ്ട് ആക്രമിച്ചു. വെസ്റ്റ് ബാങ്കിന് സമീപമുള്ള തുർമസ് അയ്യ ഗ്രാമത്തിലാണ് സംഭവം. ആക്രമണത്തിൽ 55കാരിയായ അഫാഫ് അബു ആലിയയെന്ന സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റു.
സ്ഥലത്തുണ്ടായിരുന്ന ജൂത കുടിയേറ്റക്കാരനായ യുവാവ് വലിയൊരു വടി ഉപയോഗിച്ച് ആലിയയെ തലങ്ങും വിലങ്ങും അടിക്കുകയയിരുന്നു. അവർ നിലത്തുവീണ ശേഷവും ഇയാൾ മർദനം തുടർന്നു. അക്രമം നടന്നപ്പോൾ സ്ഥലത്തുണ്ടായിരുന്ന യുഎസ് മാദ്ധ്യമ പ്രവർത്തകനാണ് ദൃശ്യങ്ങൾ പകർത്തി എക്സിൽ പങ്കുവച്ചത്.
ആക്രമണത്തിൽ ആലിയയ്ക്ക് തലച്ചോറിൽ രക്തസ്രാവം സംഭവിച്ചതായി പലസ്തീൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
'ഒലീവ് വിളവെടുപ്പിന്റെ ആദ്യ ദിനമായ ഒക്ടോബർ 19നാണ് ആക്രമണം നമടന്നത്. ഇസ്രായേലി സൈന്യം കർഷകരെ നേരിട്ട് സായുധരായ കുടിയേറ്റക്കാരുടെ ക്രൂരമായ ഒളിയാക്രമണത്തിലേക്ക് നയിക്കുകയായിരുന്നു' വീഡിയോ പങ്കുവച്ചുകൊണ്ട് മാദ്ധ്യമ പ്രവർത്തകൻ എക്‌സിൽ കുറിച്ചു.
"ഇത്തരം ആളുകൾ ഉടൻ തന്നെ ജയിലിലാക്കണം. ഈ ഗ്രാമത്തിലെയും പലസ്തീനിലെമ്പാടുമുള്ള ആളുകൾക്ക് സംരക്ഷണം ലഭിക്കണം. മതിയായി. ഇനിയും ഇത് തുടരാൻ അനുവദിക്കരുത്," അദ്ദേഹം ആവശ്യപ്പെട്ടു. ആക്രമണത്തിൽ ആലിയയെ കൂടാതെ മറ്റൊരു പലസ്തീൻ പൗരനും ഒരു വിദേശ പൗരനും പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ട്. ജൂത കുടിയേറ്റക്കാരുടെ ആക്രമണത്തിന് ഇരയാകുന്ന പലസ്തീനികളെ സഹായിക്കാനാണ് വിദേശ പൗരൻ ഇവിടെയെത്തിയത്.
ഇസ്രായേൽ പ്രതിരോധ സേന സ്ഥലത്തെത്തി സംഘർഷം നിയന്ത്രിച്ചുവെന്ന വാർത്ത പുറത്തു വന്നിരുന്നു. എന്നാൽ ഈ വാദം മാദ്ധ്യമപ്രവർത്തകൻ തള്ളി. ഇസ്രായേലി സൈന്യം സംഭവസ്ഥലത്ത് എത്തിയില്ലെന്നും നേരത്തെ അവിടെയുണ്ടായിരുന്ന സൈനികരാണ് തങ്ങളെയും മറ്റുള്ളവരെയും ആക്രമണത്തിന് പ്രേരിപ്പിച്ച് കെണിയിൽ തള്ളി വിട്ടതെന്നും അദ്ദേഹം ആരോപിച്ചു.
കുടിയേറ്റക്കാർ ആക്രമണം തുടങ്ങുന്നതിന് തൊട്ടുമുമ്പ് സൈനികർ വേഗത്തിൽ സ്ഥലം വിട്ടതായും അദ്ദേഹം പറയുന്നു. സംഭവത്തിൽ ഇസ്രായേലി അധികൃതർ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. വീഡിയോ പലസ്തീനിലെ മനുഷ്യാവകാശങ്ങൾക്കായുള്ള യുഎൻ സ്പെഷ്യൽ റിപ്പോർട്ടർ ഫ്രാൻസെസ്ക അൽബനീസിന്റെ ശ്രദ്ധയിൽപ്പെട്ടു. ഇസ്രായേലിന്റെ ഭാഗത്തുനിന്ന് നടപടിയൊന്നുമില്ലാതെ വർഷങ്ങളായി ഇത്തരം ആക്രമണങ്ങൾ തുടരുകയാണെന്നും അവർ വീഡിയോ പങ്കുവച്ചുകൊണ്ട് എക്‌സിൽ കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |