കൊച്ചി: സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയെ നയിക്കാൻ വീണ്ടും മോഹൻലാൽ എത്തില്ല. 'അമ്മ' ഭാരവാഹിയാകാൻ ഇനി ഇല്ലെന്ന് മോഹൻലാൽ അറിയിച്ചു. ഭാരവാഹിത്വം ഏൽക്കണ്ടെന്നാണ് അദ്ദേഹത്തോട് കുടുംബവും സുഹൃത്തുക്കളും ആവശ്യപ്പെട്ടതെന്നാണ് വിവരം. 'അമ്മ' ജനറൽ ബോഡി തിരഞ്ഞെടുപ്പ് ജൂണിലാവും ഉണ്ടാവുക. പഴയ ഭരണസമിതി വരുമെന്ന് മുൻ വൈസ് പ്രസിഡന്റ് ജയൻ ചേർത്തല പറഞ്ഞിരുന്നു. സുരേഷ് ഗോപിയും ഇത്തരത്തിലുള്ള സൂചന നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് തീരുമാനം വ്യക്തമാക്കി മോഹൻലാൽ എത്തിയത്.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് 'അമ്മ'യിൽ കൂട്ട രാജി ഉണ്ടായത്. ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്നുള്ള സംഭവങ്ങൾ എല്ലാവർക്കും തുറന്ന് സംസാരിക്കാനുള്ള അവസരമാണെന്നും അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യെ ക്രൂശിക്കുന്നത് ശരിയല്ലെന്നും മോഹൻലാൽ പറഞ്ഞിരുന്നു. കൃത്യമായ തെളിവുകൾ ഉണ്ടെങ്കിൽ കുറ്റം ചെയ്‌തവർ ശിക്ഷിക്കപ്പെടണം. കേരളത്തിൽ നിന്ന് ഇതൊരു വലിയ പ്രസ്ഥാനമാകട്ടെ. ആയിരങ്ങൾ ജോലി ചെയ്യുന്ന മലയാള സിനിമാ വ്യവസായത്തെ വിവാദങ്ങളിലൂടെ തകർക്കരുതെന്നും മോഹൻലാൽ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.
അതേസമയം, ഭരണസമിതി രാജിവച്ച് രണ്ട് മാസത്തിലേറെയായിട്ടും തിരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിലാണ്. ജൂൺ വരെ കാവൽ ഭരണസമിതിക്ക് തുടരാമെന്നാണ് ബൈലോയിലെ നിബന്ധനയെന്ന് ഒരു പ്രധാന ഭാരവാഹി ഒരു മാദ്ധ്യമത്തോട് പറഞ്ഞത്. അതുവരെ സമയമുള്ളതിനാലാണ് തിടുക്കപ്പെട്ട് ജനറൽ ബോഡി വിളിക്കാത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
ജനറൽ സെക്രട്ടറി സിദ്ദിഖ് ഉൾപ്പെടെയുള്ള ഭാരവാഹികൾക്കെതിരെ ലൈംഗികാരോപണം ഉയർന്നതിനെ തുടർന്നാണ് ഭരണസമിതി മുഴുവൻ ഓഗസ്റ്റ് 27ന് രാജിവച്ചത്. രണ്ടുമാസത്തിനുള്ളിൽ ജനറൽബോഡി വിളിച്ച് പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കുമെന്നായിരുന്നു രാജിസമയത്ത് അറിയിച്ചിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |