തിരുവനന്തപുരം: ഭരണത്തിന്റെ ചാലകശക്തിയായി പ്രവർത്തിക്കേണ്ട സിവിൽ സർവീസിന്റെ ഔന്നത്യവും അച്ചടക്കവും തകർന്ന നിലയിൽ കേരള കേഡർ ഐ.എ.എസ്. കണ്ടഭാവം പോലും നടിക്കാതെ സർക്കാർ.
സീനിയർ ഓഫീസർക്കെതിരെ ജൂനിയർ ഓഫീസർ ആക്ഷേപകരമായ പരാമർശങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ നടത്തിയതാണ് പുതിയ സംഭവം.
താൻ ഔദ്യോഗിക ചുമതലകളിൽ വീഴ്ച വരുത്തിയെന്ന റിപ്പോർട്ട് മനഃപൂർവം ചമച്ചതാണെന്നും അതു മാദ്ധ്യമങ്ങൾക്ക് നൽകിയതിനു പിന്നിൽ അഡിഷണൽ ചീഫ് സെക്രട്ടറി ജയതിലകാണെന്നും
ജൂനിയർ ഐ.എ.എസ് ഓഫീസർ എൻ.പ്രശാന്ത് സോഷ്യൽമീഡിയയിലൂടെ തുറന്നടിക്കുകയായിരുന്നു.
ചിത്തരോഗി എന്നാണ് സീനിയർ ഓഫീസറെ ഭംഗ്യന്തരേണ പരിഹസിച്ചത് .
പട്ടിക വിഭാഗങ്ങളുടെ ക്ഷേമത്തിനും വിവിധ പദ്ധതികളുടെ നിർവഹണത്തിനുമായി രൂപവത്കരിച്ച ഉന്നതിയിലെ (കേരള എംപവർമെന്റ് സൊസൈറ്റി) ഫയലുകൾ കാണാനില്ലെന്ന് കഴിഞ്ഞ ദിവസമാണ് വാർത്ത പുറത്തുവന്നത്. ആ ഫയലുകൾ അന്നത്തെ മന്ത്രി കെ. രാധാകൃഷ്ണനെ ഏൽപ്പിച്ചിട്ടുണ്ടെന്ന് പ്രശാന്ത് വിശദീകരിക്കുന്നു.പക്ഷെ ഈ വിവരം ഔദ്യോഗികാന്വേഷണത്തിൽ പ്രശാന്ത് പറഞ്ഞിരുന്നില്ല.
ആ വകുപ്പിലായിരിക്കേ,മാസത്തിൽ പത്തുദിവസംപോലും ഓഫീസിൽ എത്തിയിരുന്നില്ലെന്നും ഫീൽഡിലെന്ന് വ്യാജ റിപ്പോർട്ട് നൽകി ആനുകൂല്യങ്ങൾ കൈപ്പറ്റിയെന്നുമാണ് അദ്ദേഹത്തിനെതിരെയുള്ള റിപ്പോർട്ട്. മുഖ്യമന്ത്രിക്ക് നൽകിയ ഈ റിപ്പോർട്ടാണ് പുറത്തുവന്നത്.
അഗ്രികൾച്ചർ ഡവലപ്മെന്റ് ആൻഡ് ഫാർമേഴ്സ് വെൽഫയർ ഡിപ്പാർട്ട്മെന്റ് സെക്രട്ടറിയാണ് നിലവിൽ എൻ.പ്രശാന്ത്.
വ്യവസായവകുപ്പ് ഡയറക്ടറായ മുതിർന്ന ഐ.എ.എസ്.ഓഫീസർ മതത്തിന്റെ പേരിൽ വാട്സ് ആപ്പ് ഗ്രൂപ്പുണ്ടാക്കിയെന്ന വാർത്തയും അടുത്തിടെ കേരളത്തെ ഞെട്ടിച്ചിരുന്നു. ഫോൺ ഹാക്ക് ചെയ്തുവെന്നാണ് അദ്ദേഹം നൽകിയ വിശദീകരണം. സർക്കാർ ഇക്കാര്യത്തിലും ഇടപെട്ടിട്ടില്ല.അതേസമയം എൻ.പ്രശാന്തിന് പകരം ഉന്നതിയുടെ സി.ഇ.ഒ.ആക്കിയത് ആരോപണവിധേയനായ ഗോപാലകൃഷ്ണനെയാണ്.
ഗോപാലകൃഷ്ണനെയും കണക്കിന് പരിഹസിക്കുന്നുണ്ട് പ്രശാന്ത്.
പരിഹാസത്തിന്റെ കൂരമ്പുകൾ
1.`സർക്കാർ ഫയലുകൾ പൊതുജനമദ്ധ്യത്തിൽ ചർച്ച ചെയ്യേണ്ടിവന്നത് ഇഷ്ടമല്ലെങ്കിലും, തൽക്കാലം വേറെ നിർവാഹമില്ല. വിവരാവകാശപ്രകാരം പൊതുജനത്തിന് അറിയാൻ അവകാശമുള്ള കാര്യങ്ങൾ മാത്രമാണ് വെളിപ്പെടുത്താൻ ഉദ്ദേശിക്കുന്നത്. ഇന്നും തുടർന്നുള്ള ദിവസങ്ങളിലും പോസ്റ്റ് ചെയ്യും. അടുത്ത ചീഫ് സെക്രട്ടറിയാണെന്നു സ്വയം പ്രഖ്യാപിച്ച മഹദ് വ്യക്തിയാണ്. അതുകൊണ്ട് വേണ്ടവിധം ഭയഭക്തിബഹുമാനം വേണം കേട്ടോ''– ജയതിലകിന്റെ ചിത്രം സഹിതം ഉൾപ്പെടുത്തിയാണ് പ്രശാന്ത് സാമൂഹ്യമാധ്യമങ്ങളിലെ കുറിപ്പ് തുടങ്ങിയത്.
2. ബഹു. മന്ത്രിയുടെ അനുമതിയോടെയും നിർദ്ദേശപ്രകാരവും ഫീൽഡ് വിസിറ്റും മീറ്റിങ്ങുകളിലും പങ്കെടുക്കാൻ പോകുമ്പോൾ 'അദർ ഡ്യൂട്ടി' മാർക്ക് ചെയ്യുന്നതിനെ 'ഹാജർ ഇല്ല' എന്ന് വ്യാജമായി റിപ്പോർട്ടാക്കണമെങ്കിൽ അതിനുപിന്നിൽ എന്തുമാത്രം കഷ്ടപ്പാട് ഉണ്ട്! ആ സമയത്ത് അവനവന്റെ ജോലി ചെയ്തൂടേ എന്ന് ചോദിക്കുന്നില്ല
3.തനിക്ക് പകരം ഉന്നതിയിൽ സി.ഇ.ഒ.ആയി നിയമിതനായ ഗോപാലകൃഷ്ണനെതിരെയും കമന്റുണ്ട്. 'സ്വയം കുസൃതികൾ ഒപ്പിച്ചശേഷം ആ കുസൃതിക്കെതിരെ പരാതിപ്പെടുന്ന പ്രവണത ഐ.എ.എസുകാരിൽ കൂടി വരുന്നില്ലേ എന്ന് നാം ശങ്കിക്കേണ്ടിയിരിക്കുന്നു. ചിലരുടെ ഓർമ്മശക്തി ആരോ 'ഹാക്ക്' ചെയ്തതാണോ എന്നൊരു സംശയം! 'മെറ്റ'ക്കൊരു കത്തയച്ചാലോ?'
231 പേർ:
പേരാണ് കേരള കേഡർ ഐ.എ.എസിലുള്ളത്
142 പേർ നിലവിൽ കേരളത്തിലുള്ള
െഎ.എ.എസുകാർ
89 പേർ:
ഡെപ്യൂട്ടേഷനിലും
അവധിയിലും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |