പമ്പ: സീതത്തോട്ടിൽ നിന്ന് വെള്ളം പമ്പുചെയ്ത് നിലയ്ക്കൽ ബേസ് ക്യാമ്പിൽ എത്തിക്കുന്ന പദ്ധതി ഇത്തവണത്തെ ശബരിമല തീർത്ഥാടന കാലത്തുതന്നെ യാഥാർത്ഥ്യമാക്കാനാണ് സർക്കാർ പരിശ്രമിക്കുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. തീർത്ഥാടനത്തിന് മുന്നോടിയായി ജലസേചന വകുപ്പിന്റെ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിന് പമ്പയിൽ ചേർന്ന അവലോകനയോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പമ്പയിൽ നിന്ന് ടാങ്കറുകളിലാണ് ഇപ്പോൾ നിലയ്ക്കലിൽ വെള്ളം എത്തിക്കുന്നത്. തീർത്ഥാടകർ കൂടുതലായി എത്തുമ്പോൾ ഇത് ബുദ്ധിമുട്ടാകും. പമ്പിംഗ് സംവിധാനം പ്രവർത്തനസജ്ജമാക്കുന്നതോടെ ഇതിന് പരിഹാരമാകും. പമ്പയിൽ 10 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്ക് ക്രമീകരിച്ചിട്ടുണ്ട്. മണിക്കൂറിൽ 15000 ലിറ്റർ ശേഷിയുള്ള ആർ.ഒ പ്ലാന്റുകളും സ്ഥാപിച്ചു. അതേസമയം, പ്രവർത്തനങ്ങൾ കൃത്യതയോടെ നിരീക്ഷിക്കുന്നതിനും അറ്റകുറ്റപ്പണികൾക്കുമായി 12 പേരുടെ സംഘത്തെ 24 മണിക്കൂറും വിന്യസിക്കുമെന്നും മന്ത്രി പറഞ്ഞു.
നിലയ്ക്കലിൽ സൗജന്യ
ബസ് സർവീസ് വേണം
ടി.എസ് സനൽകുമാർ
പത്തനംതിട്ട: തീർത്ഥാടനകാലത്ത് നിലയ്ക്കലിൽ സൗജന്യമായി മിനി ബസ് സർവീസ് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ശബരിമല സ്പെഷ്യൽ കമ്മിഷണർ ആർ.ജയകൃഷ്ണൻ കെ.എസ്.ആർ.ടി.സി എം.ഡിക്ക് കത്ത് നൽകി. നിലയ്ക്കലിൽ 12,000 വാഹനങ്ങൾക്കാണ് പാർക്കിംഗ് സംവിധാനം. ഏഴ് കിലോമീറ്റർ ചുറ്റളവിലാണ് പാർക്കിംഗ് ഗ്രൗണ്ടുകൾ.
നിലയ്ക്കലിലേക്ക് വലിയ വാഹനങ്ങളിലെത്തുന്ന തീർത്ഥാടകരെ പാർക്കിംഗ് ഗ്രൗണ്ടുകളിൽ നിന്ന് നിലയ്ക്കൽ ബസ് സ്റ്റാൻഡിലേക്ക് എത്തിക്കാനും ദർശനം കഴിഞ്ഞ് പമ്പയിൽ നിന്ന് മടങ്ങിയെത്തുന്ന തീർത്ഥാടകരെ നിലയ്ക്കൽ ബസ് സ്റ്റാൻഡിൽ നിന്ന് പാർക്കിംഗ് ഗ്രൗണ്ടിലേക്ക് എത്തിക്കാനുമാണ് ബസ് വേണ്ടത്. കുറഞ്ഞത് മൂന്ന് ബസെങ്കിലും വേണമെന്ന് കത്തിൽ പറയുന്നു.
ശബരിമല, ക്രിസ്മസ് തിരക്ക്:പ്രതിവാര ട്രെയിൻ സർവീസ് ജനുവരി 29 വരെ
തിരുവനന്തപുരം: ശബരിമല, ക്രിസ്മസ് തിരക്കിനെ തുടർന്ന് ബയ്യപ്പനഹള്ളി ടെർമിനൽ (എസ്.എം.വി.ടി)–തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) സ്പെഷ്യൽ പ്രതിവാര ട്രെയിനിന്റെ സർവീസ് ജനുവരി 29 വരെ നീട്ടി. കോട്ടയം വഴിയുള്ള ട്രെയിനിന്റെ ജനുവരി 8 വരെയുള്ള ഓൺലൈൻ റിസർവേഷൻ ആരംഭിച്ചു. 16 എ.സി ത്രീ ടയർ, 2 സ്ലീപ്പർ കോച്ചുകളുള്ള സ്പെഷ്യൽ ട്രെയിനിൽ 30% അധിക ടിക്കറ്റ് നിരക്ക് ഈടാക്കും. ചൊവ്വാഴ്ചകളിൽ കൊച്ചുവേളിയിൽ നിന്നും ബുധനാഴ്ചകളിൽ ബംഗളൂരുവിൽ നിന്നുമാണ് സർവീസ്.
സ്പെഷ്യൽ ട്രെയിനിന് ഏറ്റുമാനൂരിലും ഒരു മിനിറ്റ് സ്റ്റോപ് അനുവദിച്ചു. കെ.ആർ. പുരം, ബംഗാർപേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, പോത്തന്നൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം എന്നിവയാണ് മറ്റു സ്റ്റോപ്പുകൾ.
പ്രതിവാര സ്പെഷ്യൽ (06084)
നവംബർ 13, 20, 27, ഡിസംബർ 4,11,18,25, ജനുവരി 1,8,15,22,29 ദിവസങ്ങളിൽ ഉച്ചയ്ക്ക് 12.45ന് ബയ്യപ്പനഹള്ളിയിൽ നിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 6.45ന് കൊച്ചുവേളിയിലെത്തും.
നവംബർ 12, 19, 26, ഡിസംബർ 3,10,17,24,31, ജനുവരി 7,14,21,28 ദിവസങ്ങളിൽ വൈകിട്ട് 6.05ന് കൊച്ചുവേളിയിൽനിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 10.55ന് ബയ്യപ്പനഹള്ളിയിലെത്തും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |