മാരുതി സുസുക്കി എർട്ടിഗ
ഒക്‌ടോബറിൽ 18,785 യൂണിറ്റ് എർട്ടിഗ വാഹനങ്ങളുടെ വില്‌പ്പനയുമായി മാരുതി സുസുക്കിയാണ് കഴിഞ്ഞ മാസം വിപണിയിൽ ആവേശം സൃഷ്‌ടിച്ചത്. മുൻവർഷത്തേക്കാൾ 32 ശതമാനം വർദ്ധനയാണ് വില്‌പ്പനയിൽ ദൃശ്യമായത്. മൾട്ടി യൂട്ടിലിറ്റി വാഹന വിപണിയിൽ എർട്ടിഗ കൂടുതൽ ഉപഭോക്തൃ താത്പര്യം നേടുന്നുവെന്നാണ് കണക്കുകൾ വൃക്തമാക്കുന്നത്. ചെറു വാഹനങ്ങളിൽ നിന്ന് മാറുന്ന ഉപഭോക്താക്കൾ മാരുതി എർട്ടിഗയാണ് കൂടുതലായും തിരഞ്ഞെടുക്കുന്നത്.
മാരുതി സ്വിഫ്‌റ്റ്
കഴിഞ്ഞ മാസം വില്‌പ്പനയിൽ രണ്ടാം സ്ഥാനം നേടിയത് മാരുതി സുസുക്കിയുടെ സ്വിഫ്‌റ്റ് കാറുകളാണ്. ഒക്‌ടോബറിൽ 17,539 സ്വിഫ്റ്റാണ് മാരുതി സുസുക്കി വിറ്റഴിച്ചത്. എന്നാൽ കഴിഞ്ഞ വർഷം ഒക്ടോബറിലെ 20,598 വാഹനങ്ങളേക്കാൾ 15 ശതമാനം ഇടിവുണ്ടായി. ഉത്സവ കാലയളവായിട്ടും വില്‌പ്പനയിലുണ്ടായ ഇടിവ് സാമ്പത്തിക മേഖലയിലെ തളർച്ച മൂലമാണ്.
ഹ്യുണ്ടായ് ക്രെറ്റ
ഇടത്തരം എസ്.യു.വി മേഖലയിൽ ഹ്യുണ്ടായ് അവതരിപ്പിക്കുന്ന ക്രെറ്റയുടെ 17,497 യൂണിറ്റുകളാണ് കഴിഞ്ഞ മാസം വിറ്റഴിച്ചത്. ഈ ബ്രാൻഡ് വിപണിയിൽ അവതരിപ്പിച്ചതിന് ശേഷം ലഭിക്കുന്ന ഏറ്റവും ഉയർന്ന പ്രതിമാസ വില്‌പ്പനയാണിത്. മുൻവർഷത്തേക്കാൾ 34 ശതമാനം വില്‌പ്പനയാണുണ്ടായത്. കഴിഞ്ഞ വർഷം ഒക്‌ടോബറിൽ 13,077 യൂണിറ്റ് ക്രെറ്റയാണ് വിറ്റഴിച്ചത്.
മാരുതി സുസുക്കി ബ്രെസ
ഒക്‌ടോബറിൽ 16,565 യൂണിറ്റ് ബ്രെസ കാറുകളാണ് മാരുതി സുസുക്കി വില്‌പ്പന നടത്തിയത്. കുടുംബങ്ങൾക്കായുള്ള ചെറു എസ്.യു.വിയായ ബ്രെസയുടെ വില്‌പ്പനയിൽ കഴിഞ്ഞ മാസം നേരിയ വർദ്ധയുണ്ടായി. ബ്രെസയുടെ സി.എൻ.ജി, ഓട്ടോമാറ്റിക് മോഡലുകൾക്കാണ് ഉപഭോക്താക്കളിൽ നിന്ന് ഏറെ വാങ്ങൽ താത്പര്യം ലഭിച്ചത്.
മാരുതി ഫ്രോംഗ്സ്
ഒക്ടോബറിൽ 16,419 യൂണിറ്റുകളുടെ വില്‌പ്പനയുമായി മാരുതി ഫ്രോംഗ്‌സ് വിപണിയിൽ മികച്ച തരംഗം സൃഷ്‌ടിച്ചു. മുൻവർഷത്തേക്കാൾ 45 ശതമാനം വർദ്ധനയാണ് മാരുതി സുസുക്കിയുടെ ഈ മോഡലിന് ലഭിച്ചത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ 11,357 യൂണിറ്റുകളാണ് വില്‌പ്പന നടത്തിയത്. ഇന്ത്യൻ ഉപഭോക്താക്കൾക്ക് മാരുതി ഫ്രോംഗ്സിനോട് പ്രിയമേറുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
മാരുതി ബലനോ
ഒക്‌ടോബറിൽ മാരുതി സുസുക്കി 16,082 വാഹനങ്ങളാണ് വിറ്റഴിച്ചത്. മുൻവർഷത്തേക്കാൾ നേരിയ കുറവ് വില്‌പ്പനയിൽ ദൃശ്യമായി. കഴിഞ്ഞ വർഷം ഒക്‌ടോബറിൽ 16,594 ബലനോ വാഹനങ്ങളുടെ വില്‌പ്പന നേടിയിരുന്നു. വിപണിയിലെ ഏറ്റവും ജനപ്രിയമായ ഹാച്ച്‌ബാക്ക് കാറെന്ന പദവി നിലനിറുത്താൻ ബലനോയ്‌ക്ക് ഇപ്പോഴും കഴിയുന്നു.
ടാറ്റ പഞ്ച്
ഇന്ത്യൻ കമ്പനികളിൽ ഏറ്റവും മികച്ച വില്‌പ്പന നേടുന്ന കാർ ബ്രാൻഡ് ടാറ്റ പഞ്ചാണ്. ഒക്‌ടോബറിൽ ടാറ്റ പഞ്ചിന്റെ വില്‌പ്പന മൂന്ന് ശതമാനം ഉയർന്ന് 15,740 യൂണിറ്റുകളായി. മുൻവർഷം ഒക്‌ടോബറിൽ 15,317 ടാറ്റ പഞ്ച് വാഹനങ്ങളാണ് ടാറ്റ മോട്ടോഴ്‌സ് വിറ്റഴിച്ചത്.
മഹീന്ദ്ര സ്കോർപ്പിയോ
സുസ്ഥിരവും സുരക്ഷിതവുമായ എസ്.യു.വി വാങ്ങുന്നവരുടെ ഏറ്റവും പ്രിയമുള്ള വാഹനമെന്ന ഖ്യാതി തുടർച്ചയായി മഹീന്ദ്ര സ്‌കോർപ്പിയോ നിലനിറുത്തുന്നു. ബ്രാൻഡ് റോയൽറ്റിയാണ് വാഹനത്തിന്റെ ഏറ്റവും വലിയ കരുത്ത്. ഒക്‌ടോബറിൽ സ്‌കോർപ്പിയോയുടെ വില്‌പ്പന 15 ശതമാനം ഉയർന്ന് 15,677 യൂണിറ്റുകളായി. മുൻവർഷം വില്‌പ്പന 13,578 യൂണിറ്റുകളായിരുന്നു.
ടാറ്റ നെക്സോൺ
ഒക്ടോബറിൽ ടാറ്റ നെക്സോണിന്റെ വില്പ്പന 13 ശതമാനം ഇടിഞ്ഞ് 14,759 യൂണിറ്റുകളായി. എസ്.യു.വി വിപണിയിൽ ടാറ്റ മോട്ടോഴ്‌സിന്റെ തിളക്കം മങ്ങുകയാണെന്ന് സൂചനയാണ് പുതിയ കണക്കുകൾ നൽകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |