
സ്വർണവില അടിക്കടി ഉയർന്നുകൊണ്ടിരിക്കുന്ന കാര്യം നമുക്കറിയാം. കഴിഞ്ഞ ഒരു വർഷത്തിനെ തന്നെ 40,000 രൂപയിലധികം വർദ്ധനവുണ്ടായി. അതിനാൽ സ്വർണത്തിൽ നിക്ഷേപം നടത്തിയവർക്ക് വൻ ലാഭമാണുണ്ടായത്. നിലവിൽ സ്വർണവില ഒരു ലക്ഷം കവിഞ്ഞ സാഹചര്യത്തിൽ അത് വാങ്ങുക എന്നത് സാധാരണക്കാർക്ക് എളുപ്പത്തിൽ സാധിക്കുന്ന കാര്യമല്ല.
എന്നാൽ, സുരക്ഷിതമായി നിങ്ങൾക്ക് നിക്ഷേപം നടത്താൻ സാധിക്കുന്ന മറ്റൊരു ലോഹമുണ്ട്. അതാണ് വെള്ളി. നമ്മൾ ശ്രദ്ധിക്കാതെപോകുന്ന വെള്ളിക്ക് ഇന്ന് 2.5 ലക്ഷം രൂപയാണ് കിലോയ്‌ക്ക് വിലവരുന്നത്. അന്താരാഷ്‌ട്ര വിപണിയിൽ വെള്ളി ഔൺസിന് 83.62 ഡോളർ (7,520 രൂപ) എന്ന എക്കാലത്തെയും ഉയർന്ന നിലയിലാണ്. 2026ൽ വെള്ളിയിൽ നിക്ഷേപിക്കുന്നത് മൂല്യവത്താണോയെന്ന് പരിശോധിക്കാം.
2025 വെള്ളി വില
ഇക്കൊല്ലം മികച്ച പ്രകടനമാണ് വെള്ലി വിലയിലുണ്ടായത്. 2025ൽ സ്വർണ വില ഏകദേശം 80 ശതമാനം വർദ്ധിച്ചപ്പോൾ വെള്ളിക്ക് 140 ശതമാനം വർദ്ധനവാണുണ്ടായത്. കഴിഞ്ഞ ആഴ്‌ചയിൽ മാത്രം 15 ശതമാനം വെള്ളിവില വർദ്ധിച്ചു. നിർണായക ധാതുവായി യുഎസ് വെള്ളിയെ വിശേഷിപ്പിച്ചതും നിക്ഷേപം കൂടിയതുമാണ് വില വർദ്ധിക്കാനുള്ള കാരണം.

2026ൽ വെള്ളിവില ചാഞ്ചാടാനാണ് സാദ്ധ്യത. വില നല്ല രീതിയിൽ വർദ്ധിക്കും. എന്നാൽ, 2026 അവസാനത്തിന് മുമ്പ് വെള്ളി വിൽക്കാതിരിക്കുന്നതാണ് ഉചിതമെന്ന് സാനർ മെറ്റൽസിന്റെ വൈസ് പ്രസിഡന്റും സീനിയർ മെറ്റൽ സ്ട്രാറ്റജിസ്റ്റുമായ പീറ്റർ ഗ്രാന്റ് പറഞ്ഞു.
2026ൽ മികച്ച പ്രകടനം
ഇലക്ട്രിക് വാഹനങ്ങൾ (ഇവി), സോളാർ, സെമികണ്ടക്ടറുകൾ, ഡാറ്റാ സെന്ററുകൾ എന്നിവയിൽ വെള്ളിക്കുള്ള ആവശ്യകത കണക്കിലെടുത്താണ് 2026ൽ വെള്ളിയുടെ വില എത്ര ഉയരുമെന്ന് നിർണയിക്കാനാകുക. സിൽവർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ അഭിപ്രായപ്രകാരം, 2024 മുതൽ നാല് വർഷത്തേക്ക് വെള്ളിയുടെ ആവശ്യകത വർദ്ധിക്കുമെന്നാണ്.
2026 ജനുവരി ഒന്ന് മുതൽ വെള്ളിയുടെ കയറ്റുമതിയിൽ നിയന്ത്രണം ഏർപ്പെടുത്താനുള്ള ചൈനയുടെ തീരുമാനം ആഗോള വിതരണ ശൃംഖലകളെ ബാധിച്ചേക്കാമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. കഴിഞ്ഞ അഞ്ച് വർഷമായി ആവശ്യകതയേക്കാൾ കുറവാണ് വെള്ളിയുടെ ഉൽപ്പാദനം. പല വ്യാവസായിക പ്രക്രിയകൾക്കും വെള്ളി ആവശ്യമാണ്. അതിനാൽ വെള്ളിയുടെ വില കുതിക്കുന്ന സ്ഥിതി നല്ലതല്ലെന്നാണ് ടെസ്‌ല സിഇഒ എലോൺ മസ്‌ക് അഭിപ്രായപ്പെട്ടത്. ആഗോളതലത്തിൽ കടുത്ത വിതരണക്ഷാമം ഉണ്ടാകുന്നതോടെ വെള്ളി വില കുതിച്ചുയരുമെന്ന് ചില ഗവേഷകർ പറയുന്നത്. 2026ൽ രണ്ടുതവണ വെള്ളി വില കുറയും. ആദ്യത്തേത് വർഷത്തിന്റെ മദ്ധ്യത്തിലും രണ്ടാമത്തേത് വർഷത്തിന്റെ അവസാനത്തിലുമാകും.

വെള്ളിയിൽ നിക്ഷേിക്കാമോ?
ധൈര്യമായി നിക്ഷേപിക്കാം. 2026ൽ വെള്ളി ഔൺസിന് 100 ഡോളർ (8,992 രൂപ) എന്ന നിരക്കിൽ എത്താൻ സാദ്ധ്യതയുണ്ടെന്നാണ് വിദഗ്ദ്ധർ പറയുന്നത്. നിലവിൽ 70 മുതൽ 85 വരെയാണ് വെള്ളി ഔൺസിന് വില. അതായത് 6,294 മുതൽ 7,643 രൂപ വരെ. സ്വർണത്തെക്കാൾ കൂടുതൽ വേഗത്തിലാകും വെള്ളിയുടെ വില ഉയരുക. 2026ൽ സ്വർണവില എട്ട് മുതൽ 15 ശതമാനം വരെ ഉയരുമ്പോൾ വെള്ളി വില 20 മുതൽ 35 ശതമാനം വരെ വർദ്ധിക്കും. അതിനാൽ എത്രയും വേഗം വെള്ളിയിൽ നിക്ഷേപിച്ചോളൂ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |