കൊച്ചി: സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ സമാപന വേദിയില്‍ പൊലീസും വിദ്യാര്‍ത്ഥികളും തമ്മില്‍ കയ്യാങ്കളി. സ്‌പോര്‍ട്‌സ് സ്‌കൂളുകളെ കിരീടത്തിന് പരിഗണിച്ചതില്‍ പ്രതിഷേധമുണ്ടായതിനെ തുടര്‍ന്നാണ് കയ്യാങ്കളി നടന്നത്. നാവാമുകുന്ദ, മാര്‍ ബേസില്‍ സ്‌കൂളുകളാണ് തിരുവനന്തപുരം ജി.വി രാജ സ്‌കൂളിന് രണ്ടാം സ്ഥാനം നല്‍കിയതില്‍ പ്രതിഷേധിച്ചത്. തുടര്‍ന്ന് ചടങ്ങുകള്‍ വെട്ടിച്ചുരുക്കുകയും പരിപാടി വേഗത്തില്‍ അവസാനിപ്പിക്കുകയും ചെയ്തു.
സമാപന ചടങ്ങുകള്‍ പുരോഗമിക്കുമ്പോള്‍ വേദിയില്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയും ഉണ്ടായിരുന്നു. ഈ സമയത്ത് വിദ്യാര്‍ത്ഥികള്‍ മന്ത്രിയെ തടഞ്ഞ് അദ്ദേഹത്തിന് മുന്നിലേക്ക് പ്രതിഷേധവുമായി എത്തുകയായിരുന്നു. തുടര്‍ന്ന് പൊലീസ് എത്തിയാണ് മന്ത്രിയെ സ്റ്റേജില്‍ നിന്ന് മാറ്റിയത്. കായികമന്ത്രി വി.അബ്ദുറഹ്‌മാനേയും പൊലീസ് എത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയായിരുന്നു.
സ്‌കൂളുകളുടെ വിഭാഗത്തില്‍ 80 പോയിന്റോടെ ഒന്നാമതെത്തിയത് കടകശ്ശേരി ഐഡിയല്‍ ഇ.എച്ച്.എസ്.എസ്. ആണ്. ഔദ്യോഗിക സൈറ്റിലെ പോയിന്റ് പട്ടികയില്‍ 44 പോയിന്റോടെ തിരുന്നാവായ നാവാമുകുന്ദ എച്ച്.എസ്.എസും 43 പോയിന്റോടെ എറണാകുളം കോതമംഗലം മാര്‍ ബേസിലുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. എന്നാല്‍, ഇവര്‍ക്കു പകരം സ്‌പോര്‍ട്‌സ് സ്‌കൂളായ ജി.വി. രാജയ്ക്ക് രണ്ടാംസ്ഥാനം നല്‍കുകയായിരുന്നു.
വിദ്യാര്‍ത്ഥികളും മാതാപിതാക്കളും അദ്ധ്യാപകരുമടക്കം കടുത്ത പ്രതിഷേധമാണ് ഇതേത്തുടര്‍ന്ന് സമാപന വേദിയില്‍ ഉയര്‍ത്തിയത്. 'മാദ്ധ്യമങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ ഞങ്ങള്‍ കാണിച്ചു തന്നേനേ', എന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് ഭീഷണിപ്പെടുത്തിയതായും പോലീസ് മര്‍ദ്ദിച്ചതായും ആരോപണം ഉയരുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |