തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാട്ടിലെയും ചേലക്കരയിലെയും വോട്ടെടുപ്പ് ഇന്ന്. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയാണ് പോളിംഗ്. നിശബ്ദ പ്രചാരണദിനമായ ഇന്നലെ സ്ഥാനാർത്ഥികൾ വോട്ടർമാരെ നേരിൽക്കണ്ട് വോട്ടുറപ്പിക്കുന്ന തിരക്കിലായിരുന്നു. എൽ.ഡി.എഫ് സ്ഥാനാർത്ഥി യു.ആർ. പ്രദീപും യു.ഡി.എഫിന്റെ രമ്യാ ഹരിദാസും നേർക്കുനേർ ഏറ്റുമുട്ടുന്ന ചേലക്കരയിൽ കെ. ബാലകൃഷ്ണനാണ് ബി.ജെ.പിക്കായി കളത്തിലിറങ്ങിയത്.
ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി എം.പി സ്ഥാനം രാജിവച്ച വയനാട്ടിൽ സഹോദരിയും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. സി.പി.ഐയുടെ മുതിർന്ന നേതാവ് സത്യൻ മൊകേരി എൽ.ഡി.എഫിനായും, ബി.ജെ.പിയുടെ നവ്യഹരിദാസാണ് എൻ.ഡി.എയ്‌ക്കായും കളത്തിലുണ്ട്.
ചേലക്കരയിൽ 85 പിന്നിട്ട വൃദ്ധരും ഭിന്നശേഷിക്കാരും വീട്ടിൽ വോട്ടിട്ടു. 85 കഴിഞ്ഞ 925 പേർ വോട്ടിട്ടു. ആകെ 1375 വോട്ട് പോൾ ചെയ്തു. പ്രത്യേക പരിഗണന ലഭിച്ച 457 ഭിന്നശേഷിക്കാരിൽ 450 പേരും വോട്ടിട്ടു. വോട്ടിടുന്നത് വീഡിയോയിൽ പകർത്തി. വയനാട് തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ തിരുവമ്പാടി മണ്ഡലത്തിൽ ജില്ലാ കളക്ടർ സ്‌നേഹിൽ കുമാർ സിംഗ്യാൻ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ വൈകിട്ട് ആറ് മുതൽ ഇന്ന് വൈകിട്ട് ആറ് വരെയാണ് നിരോധനാജ്ഞ. റാലികൾ, പൊതുയോഗങ്ങൾ, ജാഥകൾ എന്നിവ പാടില്ലെന്നാണ് ഉത്തരവ്. ഉത്തരവ് പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ സ്റ്റാറ്റിക് സർവൈലൻസ് സംഘം, ഫ്ലൈയിംഗ് സ്‌ക്വാഡ് എന്നിവർ രംഗത്തുണ്ട്. നിരോധനാജ്ഞ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കും.
ജാർഖണ്ഡിൽ 43 മണ്ഡലങ്ങളിൽ ഇന്ന് വോട്ടെടുപ്പ്
ന്യൂഡൽഹി: ജാർഖണ്ഡ് മുക്തി മോർച്ച(ജെ.എം.എം) നേതൃത്വം നൽകുന്ന 'ഇന്ത്യ' മുന്നണിയും ബി.ജെ.പിയും നേർക്കുനേർ പോരാടുന്ന ജാർഖണ്ഡിൽ 15 ജില്ലകളിലെ 43 മണ്ഡലങ്ങളിൽ ഇന്ന് വോട്ടെടുപ്പ്. 15,344 പോളിംഗ് സ്റ്റേഷനുകളിൽ രാവിലെ 7 മണി മുതലാണ് പോളിംഗ്.
മത്സരിക്കുന്ന 683 സ്ഥാനാർത്ഥികളിൽ ബി.ജെ.പിയിലേക്ക് മാറിയ മുൻ മുഖ്യമന്ത്രിയും ജെ.എം.എം നേതാവുമായ ചമ്പായി സോറൻ(സെരായ്കേലിയ), ആരോഗ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ബന്ന ഗുപ്ത(ജാംഷ്ഡ്പൂർ വെസ്റ്റ്), ജെ.എം.എമ്മിന്റെ രാജ്യസഭാ എംപി മഹുവ മാജി(റാഞ്ചി), മുൻ മുഖ്യമന്ത്രി മധു കോഡയുടെ ഭാര്യ ഗീത കോഡ(ജഗനാഥ്പൂർ) തുടങ്ങിയ പ്രമുഖരുമുണ്ട്.
ജെ.എം.എം സർക്കാർ ആദിവാസി ഭൂമി കുടിയേറ്റക്കാർക്ക് കൈമാറിയെന്നും അവരെ പുറത്താക്കുമെന്നുമായിരുന്നു ബി.ജെ.പി പ്രചാരണം. വഖഫ് ബിൽ, ഏകസിവിൽ കോഡ് വിഷയങ്ങളും ഉന്നയിച്ചു. ജെ.എം.എം നേതാവും മുഖ്യമന്ത്രിയുമായ ഹേമന്ത് സോറനെതിരായ അഴിമതി ആരോപണങ്ങളും വിഷയമാക്കി.ജാതി സെൻസസ്, പ്രതിമാസ ധന സഹായം തുടങ്ങിയ വാഗ്ദാനങ്ങളാണ് 'ഇന്ത്യ' മുന്നണിയിൽ കോൺഗ്രസ് അടക്കം ഉയർത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |