ലണ്ടൻ: സാഹിത്യത്തെ ഭൂമിയും കടന്ന് ബഹിരാകാശ ഭ്രമണപഥത്തിലെ തീവ്രാനുഭവമാക്കിയ ബ്രിട്ടീഷ് എഴുത്തുകാരി സാമന്ത ഹാർവിയുടെ( 45) 'ഓർബിറ്റൽ' എന്ന കുഞ്ഞുനോവലിന് ബുക്കർ പ്രൈസ്. 50,000 പൗണ്ട് ( 53 ലക്ഷം രൂപ ) ആണ് സമ്മാനത്തുക.
2019ന് ശേഷം ബുക്കർനേടുന്ന ആദ്യ വനിതയും ബുക്കർ നേടുന്ന 18ാമത്തെ വനിതയുമാണ്.
കോവിഡ് ലോക്ഡൗൺ കാലത്താണ് നോവൽ എഴുതിയത്. അടച്ചിട്ടമുറിയിൽ ഇരുന്ന് ബഹിരാകാശത്താണെന്ന് സ്വയം സങ്കൽപ്പിച്ച് സാമന്ത ഭൂമിയെ നോക്കിക്കാണുകയാണ് നോവലിൽ. ബഹിരാകാശ നിലയത്തിൽ ആറ് സാങ്കൽപ്പിക സഞ്ചാരികളുടെ ഒരു ദിവസത്തെ ജീവിതാനുഭവങ്ങളാണ് പ്രമേയം. അമേരിക്ക, റഷ്യ, ഇറ്റലി, ജപ്പാൻ, ബ്രിട്ടൻ എന്നിവിടങ്ങളിൽ നിന്നുള്ള സഞ്ചാരികളാണ് കഥാപാത്രങ്ങൾ. 400കിലോമീറ്റർ ഉയരത്തിൽ മണിക്കൂറിൽ 28,000കിലോമീറ്റർ വേഗതയിൽ സഞ്ചാരം.
24 മണിക്കൂറിൽ 16 സൂര്യോദയങ്ങളും16 അസ്തമയങ്ങളും അനുഭവിക്കുന്നു. ഭൂമിയിൽ ഉറ്റവരുടെ മരണം...പ്രകൃതി ദുരന്തങ്ങൾ...എല്ലാം അവർക്ക് തീവ്രാനുഭവമാകുന്നു...ഭൂമി എന്ന മാതാവിന്റെ മടിത്തട്ടിലേക്ക് മടങ്ങാനുള്ള മോഹം ഉൽക്കടമാവുന്നു.. ഇപ്പോഴും ബഹിരാകാശത്ത് കുടുങ്ങിയിരിക്കുന്ന ഇന്ത്യൻ വംശജ സുനിത വില്യംസിന്റെ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ നോവൽ ഏറെ പ്രസക്തമാകുന്നു.
136 പേജിലെ മനുഷ്യ ഗാഥ
'ഓർബിറ്റൽ', ബുക്കർ നേടുന്ന ഏറ്റവും ചെറിയ രണ്ടാമത്തെ നോവൽ ആണ്. 1979ൽ പെനിലോപ് ഫിറ്റ്സ്ജെറാൾഡിന്റെ 132 പേജുള്ള ഓഫ്ഷോർ ആണ് റെക്കാഡിട്ടത്. ബഹിരാകാശ നിലയത്തിലാണെന്ന് സ്വയം സങ്കൽപ്പിച്ച് എഴുതുകയായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. ആധികാരികത ഉണ്ടാവില്ലെന്ന് കരുതി പാതി വഴി എഴുത്ത് ഉപേക്ഷിച്ചതാണ്. ബഹിരാകാശ നിലയത്തിൽ നിന്നുള്ള ഭൂമിയുടെ വീഡിയോ ദൃശ്യങ്ങളാണ് നോവലിന് പ്രചോദനമായതെന്ന് സാമന്ത ഹാർവി പറഞ്ഞു. ബഹിരാകാശത്തിന്റെ ഇടയകാവ്യം എന്നാണ് എഴുത്തുകാരി തന്നെ വിശേഷിപ്പിക്കുന്നത്. ഇത്തവണ ഷോർട്ട്ലിസ്റ്റിലെ അഞ്ച് പേരും വനിതകളായിരുന്നു.
സാമന്തയുടെ പുസ്തകങ്ങൾ
2009ൽ ആദ്യ നോവൽ ദ വൈൽഡർനെസ് ബുക്കർ ലോംങ്ലിസ്റ്റിൽ ഇടം നേടിയിരുന്നു. ഓർബിറ്റർ അഞ്ചാമത്തെ നോവൽ ആണ്. ഓൾ ഈസ് സോങ്, ഡിയർ തീഫ്, ദ വെസ്റ്റേൺ വിൻഡ് എന്നിവയാണ് മറ്റ് നോവലുകൾ. സ്വന്തം ഉറക്കമില്ലായ്‌മയെ പറ്റി ദ ഷെയ്‌പ്‌ലെസ് അൺ ഈസ് എന്ന ഓർമ്മക്കുറിപ്പും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |