കൊച്ചി: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ദുർബല, പിന്നാക്ക വിഭാഗങ്ങളുടെ 50,000 വീടുകളിൽ കൂടി സൗജന്യമായി സോളാർ പ്ളാന്റുകൾ സ്ഥാപിക്കും. അനർട്ടിന്റെ ഹരിത വരുമാന പദ്ധതി (ഗ്രീൻ ഇൻ സ്‌കീം) പ്രകാരമാണിത്. ചെലവ് 1,500 കോടി. ഇതിൽ 600 കോടി കേന്ദ്ര സബ്‌സിഡി. 900 കോടി സംസ്ഥാന വിഹിതം. നേരത്തെ 1,700 വീടുകളിൽ പദ്ധതി നടപ്പാക്കിയിരുന്നു.
2-3 കിലോവാട്ട് ശേഷിയുള്ള പ്ളാന്റാണ് സ്ഥാപിക്കുക. ലൈഫ് മിഷൻ പദ്ധതി പ്രകാരമുള്ള വീടുകൾ, പുനർഗേഹം വഴി നിർമ്മിച്ച വീടുകൾ, പട്ടികജാതി വകുപ്പ് പദ്ധതികൾക്ക് കീഴിൽ നിർമ്മിച്ച വീടുകൾ എന്നിവയിലാണ് പ്ലാന്റുകൾ സ്ഥാപിക്കുക. വൈദ്യുതി ലഭ്യമല്ലാത്ത 102 പട്ടികവർഗ നഗറുകളിൽ 43 എണ്ണത്തിൽ വൈദ്യുതീകരണം സാദ്ധ്യമാണെന്ന് നേരത്തെ വിലയിരുത്തിയിരുന്നു. ഇവിടങ്ങളിലടക്കം സോളാർ പ്ളാന്റുകൾ സ്ഥാപിക്കും.
മിച്ച വൈദ്യുതിയിൽ അധിക വരുമാനം
ഗ്രീൻ ഇൻ സ്‌കീം വഴി ലഭിക്കുന്ന സോളാർ പ്ളാന്റുകളിൽ ഗാർഹിക ഉപയോഗശേഷം മിച്ചമുള്ള വൈദ്യുതി കെ.എസ്.ഇ.ബിക്ക് നൽകാം. ഇതുവഴി 5,000-6,000 രൂപവരെ പ്രതിവർഷം അധിക വരുമാനം കണ്ടെത്താനാകും. പദ്ധതി ഗുണഭോക്താവിന് സൗജന്യമായി ഇൻഡക്ഷൻ കുക്കറും നൽകുന്നതിനാൽ ഗ്യാസ് ഉപയോഗം കുറയ്‌ക്കാനുമാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |