തിരുവനന്തപുരം: അങ്കമാലി-എരുമേലി ശബരി റെയിൽപ്പാതയ്ക്കായി കേന്ദ്രവും സംസ്ഥാനവും റിസർവ്ബാങ്കുമായി ഒപ്പിടേണ്ട ത്രികക്ഷി കരാറിന്റെ കരട് റെയിൽവേ മന്ത്രാലയം സംസ്ഥാന സർക്കാരിന് കൈമാറി. 3800.94 കോടിയാണ് നിർമ്മാണച്ചെലവ്. ഇതിൽ 1900.47 കോടിയാണ് കേരളം മുടക്കേണ്ടത്. ഈ തുക നൽകാമെന്ന് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. സംസ്ഥാനം സമയത്ത് പണം നൽകിയില്ലെങ്കിൽ കേന്ദ്ര സർക്കാർ കേരളത്തിന് നൽകുന്ന വിഹിതത്തിൽ തുക കുറവുചെയ്ത് റിസർവ്ബാങ്ക് റെയിൽവേയ്ക്ക് നൽകും. ഇതിനാണ് കേരളം കരാറൊപ്പിടേണ്ടത്.
അതേസമയം, സംസ്ഥാന വിഹിതമായ 1900കോടി കിഫ്ബിയിൽ നിന്ന് സമാഹരിച്ചാൽ അത് സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ നിന്നൊഴിവാക്കണമെന്ന കേരളത്തിന്റെ ആവശ്യം ഒഴിവാക്കണമെന്ന് റെയിൽവേ നിർദ്ദേശിച്ചിട്ടില്ലെന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
മഹാരാഷ്ട്രയിലെ റെയിൽവേ പദ്ധതികൾക്കായുണ്ടാക്കിയ ത്രികക്ഷി കരാറിന്റെ കരടാണ് സംസ്ഥാനത്തിന് കൈമാറിയത്. ഇവിടെ ഇതുപോലെ കരാറുണ്ടാക്കിയശേഷം മന്ത്രിസഭാ യോഗത്തിന്റെ അനുമതിയോടെ ഒപ്പിടണം. കരാറുണ്ടാക്കുന്നത് സംബന്ധിച്ച ഫയൽ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. ത്രികക്ഷി കരാറിന് തയ്യാറെന്ന് കേന്ദ്രത്തെ കത്തിലൂടെ അറിയിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |