പാലക്കാട്: ഉപതിരഞ്ഞെടുപ്പ് തോൽവിയുടെ കാരണം പരിശോധിക്കുമെന്ന് പാലക്കാട് എൻഡിഎ സ്ഥാനാർത്ഥി സി. കൃഷ്‌ണകുമാർ. ബൂത്ത് അടിസ്ഥാനത്തിലുള്ള വോട്ടിന്റെ കണക്ക് ലഭിച്ചതിന് ശേഷം വിശദമായി പഠിക്കും. ബിജെപിയെ സംബന്ധിച്ചിടത്തോളം തിരിച്ചുവരവ് സാധിക്കാത്ത മണ്ഡലമല്ല പാലക്കാട്. അടുത്ത മുനിസിപ്പൽ, അസംബ്ളി തിരഞ്ഞെടുപ്പുകൾക്കുള്ള ആത്മപരിശോധനാ വേദിയായി ഈ തിരഞ്ഞെടുപ്പ് ഫലത്തെ മാറ്റുമെന്നും കൃഷ്‌ണകുമാർ വ്യക്തമാക്കി.
ഇപ്പോൾ 28 സീറ്റാണെങ്കിൽ അടുത്ത മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ 35 സീറ്റാക്കി മാറ്റും. തെറ്റുകൾ വന്നിട്ടുണ്ടെങ്കിൽ അത് തിരുത്തി ശക്തമായി മുന്നോട്ടു പോകും. പാലക്കാട്ടെ അടിസ്ഥാന വോട്ടുകൾ ബിജെപി നിലനിറുത്തിയിട്ടുണ്ട്. ശ്രീധരൻ സാർ മത്സരിക്കുമ്പോൾ വ്യക്തിഗതമായ വോട്ടുകൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഞങ്ങളുടെ സിറ്റിംഗ് സീറ്റൊന്നുമായിരുന്നില്ലല്ലോ പാലക്കാട്ടേത്. കഴിഞ്ഞ മൂന്ന് തവണ യുഡിഎഫ് ജയിച്ച അസംബ്ളി മണ്ഡലത്തിൽ ഞങ്ങൾ രണ്ടാം സ്ഥാനത്താണ്. ഒരുതരത്തിലും ബിജെപിക്കാർ നിരാശരാകില്ല. തിരിച്ചടികളിൽ നിന്ന് പാഠം ഉൾക്കൊണ്ടുകൊണ്ട് ഞങ്ങൾ തിരിച്ചുവരുമെന്നും കൃഷ്‌ണകുമാർ വ്യക്തമാക്കി.
സന്ദീപ് വാര്യരെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് രൂക്ഷമായായിരുന്നു കൃഷ്‌ണകുമാറിന്റെ മറുപടി. ഒരു വാര്യരും നായരും ഇതിൽ ബാധകമല്ല. വാര്യർക്കും നായർക്കുമൊന്നും ഇതിൽ എഫക്‌ടുണ്ടാക്കാൻ സാധിച്ചിട്ടില്ല. സന്ദീപ് പറഞ്ഞ ആരെങ്കിലും പാർട്ടി വിട്ട് പോയിട്ടുണ്ടോ? അദ്ദേഹം പറഞ്ഞ സ്ഥലങ്ങളിൽ ഒരു വോട്ട് പോലും ബിജെപിക്ക് കുറഞ്ഞിട്ടില്ലെന്നും കൃഷ്‌ണകുമാർ പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |