കോഴിക്കോട് : മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ വിമർശനം ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പാണക്കാട് തങ്ങൾക്കെതിരെ നടത്തിയത് രാഷ്ട്രീയ വിമർശനമാണെന്നും മറ്റൊന്നുമല്ലെന്നും പിണറായി പറഞ്ഞു. കോഴിക്കോട് സൗത്ത് സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തതിന് ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ബാബറി മസ്‌ജിദ് തകർക്കുമ്പോൾ എല്ലാ സഹായവും ചെയ്തുകൊടുത്തത് കോൺഗ്രസ് ആണ്. അന്ന് കേരളത്തിൽ മന്ത്രിസഭയിൽ കോൺഗ്രസിന് ഒപ്പം ആയിരുന്നു ലീഗ്. കോൺഗ്രസ് നിലപാടിൽ എതിർപ്പ് വേണം എന്ന് ലീഗിൽ അഭിപ്രായം ഉണ്ടായി. എന്നിട്ടും ലീഗ് എതിർത്തില്ല. കേരളത്തിലെ മന്ത്രിസഭയിലെ സ്ഥാനം പോകുമോ എന്ന് ലീഗ് പേടിച്ചു. അധികാരം നിലനിറുത്താൻ , ചെയ്യാൻ പറ്റാത്ത പലതും ചെയ്യുന്ന രൂപത്തിലേക്ക് ലീഗ് മാറിയെന്നും പിണറായി കുറ്റപ്പെടുത്തി.
ജമാഅത്ത് ഇസ്ലാമിയെയും എസ്.ഡി.പി.ഐയെയും ലീഗ് ചേർത്ത് നിറുത്തുകയാണ് . ചേലക്കര പിടിക്കാൻ യു.ഡി.എഫ് നന്നായി ശ്രമിച്ചില്ലേ എന്നും മുഖ്യമന്ത്രി ചോദിച്ചു. സർക്കാർ വിലയിരുത്തൽ എന്നല്ലേ പറഞ്ഞത്. എന്നിട്ട് എന്തായി. ചേലക്കരയിൽ രമ്യക്ക് ലോക്‌സഭയിൽ കിട്ടിയ വോട്ടുപോലും കിട്ടിയില്ല. എന്നാൽ എൽ.ഡി.എഫിന് വോട്ടുകൂടി. ഈ ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ഒരു ക്ഷീണവും സംഭവിച്ചിട്ടില്ല. വലിയ തകർച്ച നേരിട്ടത് ബി.ജെ.പിക്കാണ്. പാലക്കാട്ട് ബി.ജെ.പിയുമായുള്ള വോട്ടകലം കുറച്ചു. എൽ.ഡി.എഫിന് ആവേശം പകരുന്ന തിരഞ്ഞെടുപ്പ് ഫലമാണെന്നും പിണറായി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |