ചേർത്തല: ദുരിതാശ്വാസ ക്യാമ്പിൽ പണം പിരിച്ച സി.പി.എം ലോക്കൽ കമ്മിറ്റി അംഗം ഓമനക്കുട്ടന്റെ സസ്പെൻഷൻ പിൻവലിക്കും. പാർട്ടി നടത്തിയ അന്വേഷണത്തിൽ ഓമനക്കുട്ടൻ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. പരാതിയില്ലെന്ന് ദുരിതാശ്വാസ ക്യാമ്പിലെ അംഗങ്ങൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. കൂടാതെ ദുരിതാശ്വാസ ക്യാമ്പിലുള്ളവരെ സഹായിക്കുകയാണ് ഓമനക്കുട്ടൻ ചെയ്തതെന്ന് പാർട്ടി വിലയിരുത്തി. അതേസമയം, വെളിച്ചമില്ലാത്ത ക്യാംപിലേക്ക് തൊട്ടടുത്ത വീട്ടില്‍നിന്ന് വൈദ്യുതി എടുക്കാനും സപ്ലൈകോയിൽനിന്ന് സാധനങ്ങൾ എത്തിക്കാനുമാണ് പിരിവ് എന്നായിരുന്നു ഓമനക്കുട്ടന്റെ വിശദീകരണം.
ഓമനക്കുട്ടനെതിരെ നടപടിയെടുത്ത സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് സർക്കാരും രംഗത്തെത്തി. ഓമനക്കുട്ടൻ അനധികൃതമായി പണപ്പിരിവ് നടത്തിയിട്ടില്ലെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ട സാഹചര്യത്തിലാണ് റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി.വേണു ഖേദം പ്രകടിപ്പിച്ചത്. ഓമനക്കുട്ടനു ഇതുമൂലമുണ്ടായ വിഷമത്തെ ഞാനും എന്റെ വകുപ്പും പ്രളയത്തെ ഒന്നായി നേരിട്ട ഓരോരുത്തരും പങ്കിട്ടെടുക്കുന്നു. ഒബ്‌ജെ്ക്‌ടീവിലി ശരിയല്ലാത്ത സബ്‌ജെ്ക്‌ടീവിലി എന്നാൽ ശരി മാത്രമായ ഈ സത്യത്തിനു മുമ്പിൽ ഓമനക്കുട്ടനേറ്റ ക്ഷതങ്ങൾക്ക് മേൽ ദുരന്തനിവാരണ തലവൻ എന്ന നിലയിൽ ഞാൻ ഖേദിക്കുന്നു, അദ്ദേഹത്തോട് ക്ഷമ ചോദിക്കുന്നു.' അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു.
ദുരിതാശ്വാസ ക്യാമ്പിൽ ഇന്നലെ നടന്നത്, ചേർത്തല തെക്കു പഞ്ചായത്ത് ആറാംവാർഡ് എസ്.സി കമ്മ്യൂണിറ്റി ഹാളിലെ ദുരിതാശ്വാസ ക്യാമ്പിൽ പണപ്പിരിവ് നടത്തിയെന്ന പരാതിയെത്തുടർന്ന് സി.പി.എം കുറുപ്പംകുളങ്ങര ലോക്കൽ കമ്മിറ്റിയംഗം എസ്. ഓമനക്കുട്ടനെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം അർത്തുങ്കൽ പൊലീസ് കേസെടുത്തു. തഹസിൽദാരുടെ റിപ്പോർട്ടിനെ തുടർന്നാണ് കേസ്. ഓമനക്കുട്ടനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നു സസ്‌പെൻഡു ചെയ്തതായി സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ അറിയിച്ചു.
ഇന്നലെ വൈകിട്ട് ചേർന്ന ലോക്കൽ കമ്മിറ്റി യോഗം ഇതിന് അംഗീകാരവും നൽകി. ഓമനക്കുട്ടൻ പണപ്പിരിവു നടത്തുന്ന ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായതിനെ തുടർന്നാണ് പാർട്ടിയും സർക്കാരും വിഷയത്തിൽ ഇടപെട്ടത്. തഹസിൽദാർ ആർ.ഉഷ വിഷയം ജില്ലാഭരണകൂടത്തെ അറിയിച്ചു. തുടർന്ന് കളക്ടറുടെ നിർദ്ദേശ പ്രകാരമാണ് ചേർത്തല ഡിവൈ.എസ്.പിക്കു പരാതി നൽകിയത്. അംബേദ്കർ കോളനിയിലെ 136 കുടുംബങ്ങളിലുള്ള 411 അംഗങ്ങളാണ് ക്യാമ്പിലുള്ളത്. ക്യാമ്പിലെ വൈദ്യുതി ചാർജ്ജിനായി 70 രൂപ വീതം ആവശ്യപ്പെട്ടെന്നാണ് പരാതി. ക്യാമ്പിലെ അന്തേവാസി കൂടിയാണ് ഓമനക്കുട്ടൻ. ക്യാമ്പ് അംഗങ്ങളിൽ നിന്ന് ഇതുവരെ പരാതി ഉയർന്നിട്ടില്ലെങ്കിലും ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. ക്യാമ്പിൽ വൈദ്യുതി ഇല്ലാത്തതിനാൽ സമീപത്തെ വീട്ടിൽ നിന്നാണ് വൈദ്യുതി എടുത്തിരുന്നത്.
അതേസമയം, പിരിവിലൂടെ വിവാദമായ ക്യാമ്പ് പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി ഹാളിൽ ഇന്നലെ വൈകിട്ടോടെ കെ.എസ്.ഇ.ബി അധികൃതർ വൈദ്യുതി കണക്ഷൻ ലഭ്യമാക്കി. 50 ലക്ഷം രൂപ ചെലവിട്ട് നിർമ്മിച്ച കമ്മ്യൂണിറ്റി ഹാൾ കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പാണ് ഉദ്ഘാടനം ചെയ്തത്. ചേർത്തല തെക്ക് പഞ്ചായത്തിൽ നിന്ന് നമ്പർ കിട്ടാതിരുന്നതിനാലാണ് വൈദ്യുതി കണക്ഷൻ വൈകിയത്. വൈദ്യുതി ലഭ്യമാക്കാൻ കഴിഞ്ഞ ആഴ്ച കളക്ടർ ഉത്തരവിട്ടിരുന്നു. തുടർന്ന് പഞ്ചായത്ത് 53,000 രൂപ കെ.എസ്.ഇ.ബിയിൽ അടച്ചു. ഇന്നലെ വൈകിട്ടാണ് അധികൃതർ എത്തി കണക്ഷൻ നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |