തിരുവനന്തപുരം : കേരളത്തിന്റെ മനസാക്ഷിയെ പിടിച്ചുലച്ച മാദ്ധ്യമപ്രവർത്തകൻ കെ.എം ബഷീറിന്റെ അപകട മരണത്തിലെ ദുരൂഹത ഇനിയും മാറിയിട്ടില്ല. അപകടം സംഭവിച്ച ദിവസം മുതൽ പൊലീസിന്റെ ഭാഗത്തുനിന്നും കേസ് അന്വേഷണത്തിലുണ്ടായ വീഴ്ചകളാണ് ചർച്ചയായി ഉയർന്നത്. ഇതിൽ ഏറ്റവും പ്രധാനം വാഹനം ഓടിച്ചിരുന്ന യുവ ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചിരുന്നു എന്ന ആരോപണമാണ്. അപകടത്തിന് ദൃക്സാക്ഷിയായവരും, ആദ്യം പരിശോധന നടത്തിയ ജനറൽ ഹോസ്പിറ്റലിലെ ഡോക്ടറും ശ്രീറാം മദ്യപിച്ചിരുന്നു എന്ന സംശയം പ്രകടിപ്പിച്ചപ്പോൾ, സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്കിടെ മണിക്കൂറുകൾക്ക് ശേഷം നൽകിയ രക്തസാമ്പിളിൽ മദ്യത്തിന്റെ അംശം കണ്ടെത്താനായിരുന്നില്ല. അതേ സമയം അപകട സമയത്ത് ശ്രീറാമിനൊപ്പം സഞ്ചരിച്ചിരുന്ന വഫ ഫിറോസ് എന്ന യുവതി ചാനലിന് അനുവദിച്ച അഭിമുഖത്തിൽ നടത്തിയ വെളിപ്പെടുത്തലിലും ദുരൂഹതകളേറെയുണ്ടായിരുന്നു.
വഫ ഫിറോസിന്റെ അഭിമുഖം സംപ്രേഷണം ചെയ്ത ശേഷം അപകട സ്ഥലവും സന്ദർശിച്ച റിട്ട എസ്.പി ജോർജ് ജോസഫ് ഉയർത്തുന്ന ചോദ്യങ്ങൾ കെ.എം.ബഷീറിന്റെ മരണത്തിൽ ഏറെ ദുരൂഹതകൾ ഉയർത്തുന്നുണ്ട്. ഒരു ഓൺലൈൻ മാദ്ധ്യമത്തിനോട് സംസാരിക്കവേ ഈ അപകടത്തിൽ രണ്ടുകാര്യങ്ങളിൽ തനിക്ക് സംശയമുള്ളതായി അദ്ദേഹം പറയുന്നു. ആദ്യമായി വാഹനത്തിൽ ശ്രീറാമിന് ലിഫ്റ്റ് നൽകിയ വഫ കേവലം കുറച്ചു ദൂരം മുന്നോട്ട് പോകവേ വാഹനം നിർത്തി ഡ്രൈവിംഗ് സീറ്റ് ശീറാമിന് കൈമാറിയതായി അഭിമുഖത്തിൽ വെളിപ്പെടുത്തുന്നുണ്ട്. അതിന് ശേഷം ഓവർ സ്പീഡിൽ വാഹനം പോയതായും പറയുന്നുണ്ട്. എന്നാൽ ചെറിയ ദൂരം മാത്രം പോകേണ്ട അവസരത്തിൽ എന്തിനാണ് പെട്ടെന്ന് അങ്ങനെ മാറിക്കയറിയത് എന്നതിൽ തനിക്ക് സംശയമുണ്ടെന്ന് ജോർജ് ജോസഫ് പറയുന്നു. ഇതു കൂടാതെ ശ്രീറാമിന് ഒരു പ്രത്യേക മണമുണ്ടായിരുന്നു എന്ന വഫയുടെ വാക്കുകളിൽ അത് കഞ്ചാവോ ഡ്രഗോ ആണെന്ന് താൻ കരുതുന്നതായും അദ്ദേഹം വിശദീകരിക്കുന്നു. അപകടത്തിനുമപ്പുറം ഇതൊരു ആസൂത്രിത അപകടമാണോ എന്ന സംശയമാണ് ജോർജ് ജോസഫ് ഉയർത്തുന്നത്.
അസ്വാഭാവിക സാഹചര്യത്തിൽ കേരളത്തിൽ അറിയപ്പെടുന്ന യുവ ഐ.എ.എസ് ഉദ്യോഗസ്ഥനെ ഒരു യുവതിക്കൊപ്പം കണ്ട മാദ്ധ്യമപ്രവർത്തകനായ കെ.എം ബഷീർ അവരെ ഫോളോ ചെയ്യുകയോ ഫോണിൽ ദൃശ്യങ്ങൾ പകർത്തുകയോ ചെയ്തിരിക്കാം. എന്നാൽ അന്വേഷണം ഇത്രയുമായിട്ടും ബഷീറിന്റെ സ്മാർട്‌ഫോൺ ഇന്ന് വരെ കണ്ടെടുക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല, ഇതും ദുരൂഹത വർദ്ധിപ്പിക്കുന്നു. അപകടം നടന്ന ശേഷം ഒരു പൊലീസുകാരൻ 1 :56 ന് ഈ നമ്പറിലേക്ക് വിളിച്ചുവെന്നും ഫോൺ എടുത്ത് നോക്കിയ ശേഷം ഡിസ്‌കണക്ട് ചെയ്തുവെന്നാണ് അറിയുവാൻ കഴിഞ്ഞത്. ദുരൂഹമായ സാഹചര്യത്തിൽ കേസിലെ നിർണായകമായേക്കാവുന്ന തെളിവ് നശിപ്പിക്കപെടുവാനാണ് ശ്രമം നടക്കുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു.
ദുരൂഹമായ ചോദ്യങ്ങൾക്ക് അന്വേഷണം നടത്തുന്ന പൊലീസ് സംഘത്തിന് ഉത്തരം കണ്ടത്തേണ്ടിവരും, എന്നാൽ കേസിലെ പ്രതിസ്ഥാനത്ത് നിൽക്കുന്ന ഐ.എ.എസ് ഉദ്യോഗസ്ഥനാണെന്നത് കേസ് അട്ടിമറിക്കപ്പെടുമോ എന്ന സംശയവും ഉയർത്തുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |