തൃശൂർ: എം.ബി.ബി.എസ് സീറ്റ് വാങ്ങി നൽകാമെന്ന് പറഞ്ഞ് പലരിൽ നിന്നായി കോടികൾ തട്ടിയ പാസ്റ്റർ അതിനായി
രക്ഷിതാക്കളെ വെല്ലൂരിൽ കൊണ്ടുപോയി മെഡിക്കൽ കോളേജും പരിസരവും കാണിച്ച് കബളിപ്പിച്ചു. കൂട്ടാളിയെ ബിഷപ്പിന്റെ വേഷം കെട്ടിച്ച് രക്ഷിതാക്കളുമായി ആശയവിനിമയം നടത്തുകയും ചെയ്തു.
കഴിഞ്ഞദിവസം അറസ്റ്റിലായ പത്തനംതിട്ട കൂടൽ പ്ലാവിള വീട്ടിൽ പാസ്റ്റർ ജേക്കബ് തോമസ് തട്ടിപ്പിന്റെ രീതികൾ പൊലീസിനോട് വെളിപ്പെടുത്തി. വെല്ലൂർ മെഡിക്കൽ കോളേജിൽ സഭയ്ക്ക് ക്വാട്ടയുണ്ടെന്നും അത് വാങ്ങിത്തരാമെന്നും പറഞ്ഞ് രക്ഷിതാക്കളുമായി കോളേജിലെത്തും. രക്ഷിതാക്കളെ കോളേജിന്റെ പുറത്തിരുത്തിയ ശേഷം ഉള്ളിൽ പോയി കുറച്ചു കഴിഞ്ഞ് പുറത്തു വരും. ബിഷപ്പിനെ കണ്ട് കാര്യങ്ങൾ സംസാരിക്കാമെന്ന് പറഞ്ഞ് മറ്റൊരു കേന്ദ്രത്തിലേക്ക് കൂട്ടിക്കൊണ്ടുപോകും. പാസ്റ്ററുടെ സംഘത്തിൽപെട്ട പോൾ ഗ്ലാഡ്‌സൻ ബിഷപ്പിന്റെ വേഷം ധരിച്ച് അവിടെ ഉണ്ടാവും. വ്യാജ ബിഷപ്പ് രക്ഷിതാക്കൾക്ക് ഉറപ്പ് നൽകും. കൂടിക്കാഴ്ച വളരെ രഹസ്യമായിരിക്കണമെന്നും മറ്റാരോടും പറയരുതെന്നും നിർദ്ദേശിക്കും.
അതിനുശേഷമാണ് പണം വാങ്ങുന്നത്.
രക്ഷിതാക്കളെ പലപ്പോഴായാണ് വെല്ലൂരിൽ കൊണ്ടുപോയിരുന്നത്. മക്കൾക്ക് കിട്ടുന്ന അവസരം പുറത്തറിഞ്ഞാൽ നഷ്ടപ്പെടുമെന്ന് കരുതിയാണ് രക്ഷിതാക്കൾ ആരോടും പറയാതിരുന്നത്. പിന്നീട് ഇവരെ ഫോണിൽ കിട്ടാതായി. പ്രവേശനം സംബന്ധിച്ച് യാതൊരു അറിയിപ്പും ലഭിച്ചതുമില്ല.
ചില രക്ഷിതാക്കൾ നേരിട്ട് വെല്ലൂരിൽ ചെന്ന് അന്വേഷണം നടത്തിയപ്പോഴാണ് സഭയ്ക്കുള്ള സീറ്റ് ലഭിക്കാൻ ഒരു ഏജൻസിയെയും ഏൽപ്പിച്ചിട്ടില്ലെന്നും സഭയുടെ നേരിട്ടുള്ള തിരഞ്ഞെടുപ്പിലൂടെയാണ് സീറ്റുകൾ നൽകുന്നതെന്നും അറിയുന്നത്. റിമാൻഡിലായ പ്രതികളെ കൂടുതൽ ചോദ്യം ചെയ്താലേ സമാനരീതിയിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |