
തൃശൂർ: കഥകളിയിൽ അരങ്ങ് നിറഞ്ഞ് പച്ചവേഷം. ഹൈസ്കൂൾ വിഭാഗത്തിലാണ് പങ്കെടുത്ത ഭൂരിഭാഗം മത്സരാർത്ഥികളും പച്ചവേഷം തെരഞ്ഞെടുത്തത്. പച്ച,കത്തി,താടി,കരി,മിനുക്ക് എന്നിവയാണ് കഥകളി വേഷങ്ങളിൽ പ്രധാനമായുള്ളത്. പച്ച സാത്വീക കഥാപാത്രങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്. സത്വഗുണ പ്രധാനമായ രാജാക്കന്മാരെ പച്ച വേഷത്തിലാണ് കഥകളിയിൽ അവതരിപ്പിക്കുന്നത്. നളൻ, പുഷ്ക്കരൻ, രുഗ്മാംഗദൻ, അർജുനൻ , ഭീമൻ, കർണ്ണൻ, ഇന്ദ്രൻ, ധർമ്മപുത്രർ, ഹരിശ്ചന്ദ്രൻ, കൃഷ്ണൻ, ശ്രീരാമൻ, കചൻ, ദക്ഷൻ തുടങ്ങിയ കഥാപാത്രങ്ങളെല്ലാം പച്ചവേഷങ്ങളിലാണ് അരങ്ങിലെത്തുന്നത്. എല്ലാവർക്കും എ ഗ്രേഡും ലഭിച്ചു.
ആസ്വദിക്കാൻ സദനം കൃഷ്ണൻകുട്ടിയാശാനും
കലോത്സവ വേദിയിലെ ഒരറ്റത്ത് ഇരുന്ന് കഥകളി ആസ്വദിച്ച് സദനം കൃഷ്ണൻകുട്ടിയാശാനും. ഇതിനിടയിൽ തന്റെ അരികിലെത്തുന്നവർക്ക് രണ്ടു കയ്യും തലയിൽവച്ച് അനുഗ്രഹവും നൽകും. ഇരുപത് വർഷത്തോളമായി മുടങ്ങാതെ കലോത്സവവേദിയിലെത്താറുണ്ടെന്ന് അദ്ദേഹം കൗമുദിയോട് പറഞ്ഞു. പെൺകുട്ടികൾ ഈ രംഗത്തേക്ക് കടന്നു വരുന്നത് ഏറെ അഭിനന്ദനാർഹമാണെന്ന് അദ്ദേഹം പറഞ്ഞു.
ഗുരു യുട്യൂബ്, അനന്യയ്ക്ക് മൂന്ന് എ ഗ്രേഡ്
തൃശൂർ: മാപ്പിളപ്പാട്ടിലും ഉറുദുപദ്യം ചൊല്ലലിലും യൂട്യൂബാണ് അനന്യയുടെ ഗുരു. ഉച്ഛാരണശുദ്ധി ഏറെവേണ്ട പദ്യം ചൊല്ലലിലും പാട്ടിലും ചില തിരുത്തലുകൾക്ക് വിദഗ്ദ്ധരും സഹായിച്ചു. അദ്ധ്യാപകനായ സനൽ ശശീന്ദ്രന്റെ ശിക്ഷണത്തിൽ സംഘഗാനവും ചിട്ടപ്പെടുത്തി കലോത്സവത്തിനെത്തി. ഒടുവിൽ ഫലം വന്നപ്പോൾ എല്ലാത്തിലും അനന്യക്ക് എ ഗ്രേഡ്. ആലപ്പുഴ കലവൂർ ജി.എച്ച്.എസ്.എസിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയും ബിനു - ഷാൽബി ദമ്പതികളുടെ മകളുമാണ്.
'കേരളകൗമുദി അടിക്കുറിപ്പ്' മത്സരവിജയികൾക്ക്
ഡോ.സി.വി.കൃഷ്ണൻ സമ്മാനം നൽകി
തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ പ്രധാനവേദിക്ക് സമീപമുള്ള കേരളകൗമുദി സ്റ്റാളിൽ നടക്കുന്ന 'കേരളകൗമുദി അടിക്കുറിപ്പ്' മത്സരത്തിൽ വിജയിക്ക് വിദ്യാഭ്യാസ വിചക്ഷണനും ലോകപ്രശസ്ത അദ്ധ്യാപകനും ശാസ്ത്രജ്ഞനുമായ ഡോ. സി.വി.കൃഷ്ണൻ സമ്മാനം നൽകി. ആലപ്പുഴ സ്വദേശിനി ലക്ഷ്മി ബി നായർക്കുവേണ്ടി കണിച്ചുകുളങ്ങര വി.എച്ച്.എസ്.എസിലെ അദ്ധ്യാപകൻ ബാബു രാമചന്ദ്രൻ സമ്മാനം ഏറ്റുവാങ്ങി. ഇന്നലത്തെ നറുക്കെടുപ്പ് ഡെപ്യൂട്ടി മേയർ എ.പ്രസാദ് നിർവഹിച്ചു. ടി.ജെ.സനീഷ്കുമാർ എം.എൽ.എയും അമല ആശുപത്രി പി.ആർ.ഒ. ജോസഫ് വർഗീസും സന്നിഹിതരായി.
ഇന്നലത്തെ വിജയി: കെ.എച്ച്.റഷീദ
മുത്തച്ഛന്റെ പാതയിൽ തബല വിസ്മയം തീർത്ത് ക്രിസ്റ്റി
തൃശൂർ: മുത്തച്ഛന്റെ പാതയിൽ തബലയിൽ വിസ്മയം തീർത്ത് ക്രിസ്റ്റി ആന്റണി ജോർജ്. തുടർച്ചയായി മൂന്നാം തവണയാണ് സംസ്ഥാന കലോത്സവത്തിൽ എ ഗ്രേഡ് നേട്ടം. ഇടപ്പള്ളി സെന്റ് ജോർജ് ഹൈസ്കൂളിലെ പത്താം തരം വിദ്യാർത്ഥിയാണ്.
തബല ആർട്ടിസ്റ്റായിരുന്ന അപ്പാപ്പന്റെ വാദനം കേട്ടാണ് കൊച്ചുനാളിലേ ക്രിസ്റ്റി വളർന്നത്. ഇടപ്പള്ളിയിലെ ശെൽവൻ കൃഷ്ണന് കീഴിൽ പഠനം ആരംഭിച്ചു. ഇടപ്പള്ളി ബി.എം.ആർ.എ റോഡിൽ വേലിക്കകത്ത് മിഥുൻ ജോർജ് - റോസമ്മ ദമ്പതികളുടെ മകനാണ്. ബ്ലെസി, അൽഫോൺസ് എന്നിവരാണ് സഹോദരങ്ങൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |