സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മൂന്ന് ആധാരശിലകളിലാണ് ഇന്ത്യൻ ഭരണഘടന പടുത്തുയർത്തിയിരിക്കുന്നത്. ഭരണഘടനയുടെ ആമുഖത്തിൽ ഈ മൂന്നു വാക്കുകൾക്കും തുല്യ പ്രാധാന്യമാണ് നൽകിയിരിക്കുന്നത്. ഇവ മൂന്നും കൂടിച്ചേരുന്ന ജീവിതലക്ഷ്യത്തിലേക്ക് ഇന്ത്യയിലെ ഓരോ പൗരനെയും കൈപിടിച്ചുയർത്തുക എന്നതാണ് ഭരണഘടനയുടെ ഉദ്ദേശ്യം. ഭരണഘടനയുടെ മുഖ്യ ശില്പിയായ ബി.ആർ. അംബേദ്‌കർ ആമുഖത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: ''സമത്വത്തിൽ നിന്ന് സ്വാതന്ത്ര്യവും സ്വാതന്ത്ര്യത്തിൽ നിന്ന് സമത്വവും വേർപെടുത്താൻ കഴിയില്ല. അതുപോലെ സ്വാതന്ത്ര്യവും സമത്വവും സാഹോദര്യത്തിൽ നിന്ന് വേർപെടുത്താനും കഴിയില്ല. സമത്വമില്ലെങ്കിൽ സ്വാതന്ത്ര്യം അനേകർക്കു മേൽ ചിലരുടെ മേൽക്കോയ്മ ഉണ്ടാക്കും. സ്വാതന്ത്ര്യമില്ലാത്ത സമത്വം വ്യക്തിഗത സംരംഭത്തെ ഇല്ലാതാക്കും. സാഹോദര്യമില്ലാതെ, സ്വാതന്ത്ര്യവും സമത്വവും ഒരു സ്വാഭാവിക ഗതിയായി മാറില്ല.""
ഇന്ത്യൻ ഭരണഘടനയുടെ ആമുഖം, ഭരണഘടനയുടെ തത്വങ്ങൾ അവതരിപ്പിക്കുന്നതിനൊപ്പം അധികാരത്തിന്റെ ഉറവിടങ്ങൾ സൂചിപ്പിക്കുകയും ചെയ്യുന്നു. പരമാധികാരം താത്വികമായി ജനങ്ങളിൽ നിക്ഷിപ്‌തമാക്കിയിരിക്കുന്ന ജീവസുറ്റ ഐതിഹാസിക സംഹിതയാണ് ഇന്ത്യയുടെ ഭരണഘടന. 1949 നവംബർ 26-ന് ഭരണഘടനാ അസംബ്ളി ഇത് അംഗീകരിച്ചു. 1950 ജനുവരി 26ന് ഇന്ത്യൻ റിപ്പബ്ലിക് ദിനം ആഘോഷിക്കുകയും ചെയ്തു. അന്നാണ് ഭരണഘടന ഔദ്യോഗികമായി നിലവിൽ വന്നത്. ഭരണഘടനയിൽ പറയുന്ന പരമാധികാരം എന്ന പദത്തിന്റെ അർത്ഥം ഒരു രാജ്യത്തിന്റെ സ്വതന്ത്ര അധികാരം എന്നാണ്; ഏതു വിഷയത്തിനും ഭരണഘടനാനുസൃതമായി നിയമ നിർമ്മാണം നടത്താൻ രാജ്യത്തെ പാർലമെന്റിനും മറ്റ് ജനപ്രതിനിധി സഭകൾക്കും അധികാരമുണ്ട് എന്നാണ്. 1949-ൽ അംഗീകരിച്ച ആമുഖത്തിൽ സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകൾ ഉണ്ടായിരുന്നില്ല. പിന്നീട് 42-ാം ഭേദഗതിക്കു ശേഷമാണ് ഇവ കൂട്ടിച്ചേർത്തത്.
സോഷ്യലിസം എന്ന ആശയത്തിന്റെ അന്തസത്ത സമത്വം എന്ന വാക്കിൽ അന്തർലീനമാണ്. അതുപോലെ മതേതരത്വം എന്ന വാക്കിന്റെ പൊരുൾ ഉൾക്കൊള്ളുന്നതാണ് സാഹോദര്യം എന്ന പദം. അതിനാൽ ഈ കൂട്ടിച്ചേർക്കലുകളുടെ ആവശ്യമില്ലായിരുന്നുവെന്ന് വാദിക്കുന്നവരുണ്ട്. അതേസമയം, പുതുതായി ഈ വാക്കുകൾ കൂടിച്ചേർന്നതുകൊണ്ട് ഭരണഘടനയുടെ അന്തസത്തയ്ക്ക് കോട്ടമൊന്നും തട്ടിയിട്ടില്ല. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി ഇന്ത്യയെ നിലനിറുത്തുന്നത് സമഗ്രവും വിപുലവുമായ ഭരണഘടന എന്ന. രാജ്യത്തിന്റെ ഈ പുസ്തകമാണ്. അത്യന്തം ദൃഢവും എന്നാൽ ഭേദഗതിക്ക് വിധേയമാകും വിധം അയവുള്ളതുമാണ് അതിന്റെ ഘടന. ഏതൊരു നിയമവും ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങൾക്ക് വിരുദ്ധമാണെന്നു ബോദ്ധ്യപ്പെട്ടാൽ ഉന്നത നീതിപീഠത്തിന് റദ്ദാക്കാനാവും. പാർലമെന്റിൽ ഭൂരിപക്ഷം ലഭിച്ചെന്നു കരുതി പൗരസ്വാതന്ത്ര്യത്തെയും ജനാധിപത്യത്തെയും അട്ടിമറിക്കുന്ന നിയമങ്ങൾ സൃഷ്ടിക്കാൻ ഏതൊരു സർക്കാരിനും കഴിയില്ലെന്ന് ഉറപ്പുവരുത്തുന്നു എന്നതാണ് ഇന്ത്യൻ ഭരണഘടനയുടെ ഏറ്റവും വലിയ സംഭാവന.
പൗരന്മാർക്കിടയിൽ ഭരണഘടനാ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി 2015-നു ശേഷം എല്ലാ വർഷവും നവംബർ 26-ന് ഭരണഘടനാദിനമായി ആഘോഷിക്കുന്നുണ്ട്. ഭരണഘടനയ്ക്ക് ഇന്ന് 75 വയസ് തികയുകയാണ്. ഭരണഘടന അംഗീകരിച്ച പഴയ പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ ഇന്ന് ഭരണഘടനാദിനാഘോഷവും നടക്കും. ഇതോടനുബന്ധിച്ച് സംസ്കൃതം - മൈഥിലി ഭാഷകളിലെ ഭരണഘടനയും സ്റ്റാമ്പും നാണയവും പുറത്തിറക്കും.
ഭരണഘടനയ്ക്ക് 75 വയസായെങ്കിലും അതിൽ വിഭാവനം ചെയ്തിരിക്കുന്ന നീതി ഇന്ത്യയിലെ എല്ലാ വിഭാഗം ജനങ്ങൾക്കും തുല്യമായ നിലയിൽ ഇനിയും കൈവരിക്കാൻ കഴിഞ്ഞിട്ടില്ല. വിവിധ വിഭാഗങ്ങളുടെ ആനുപാതികമായ പ്രാതിനിദ്ധ്യം ഉന്നതമായ ഭരണഘടനാ സ്ഥാപനങ്ങളിലും അധികാരശ്രേണികളിലും ഉണ്ടാകാതെ ഭരണഘടനയുടെ ലക്ഷ്യം പൂർണമായും സാക്ഷാത്കരിക്കപ്പെടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |