കോഴിക്കോട്: ഹൈക്കോടതി റദ്ദാക്കിയ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പരാതിക്കാരിയെ മീൻകറിയിൽ ഉപ്പും പുളിയും ഇല്ലെന്നാരോപിച്ച് ഭർത്താവ് വീണ്ടും ക്രൂരമായി മർദ്ദിച്ചു. സംഭവത്തിൽ പന്തീരാങ്കാവ് തെക്കേ വള്ളിക്കുന്ന് സ്വദേശി രാഹുൽ പി. ഗോപാലനെ (29) അറസ്റ്റ് ചെയ്തു. എറണാകുളം നൊച്ചിത്തറ സ്വദേശി നീമയ്‌ക്കാണ് (26) മർദ്ദനമേറ്റത്.
കണ്ണിലും മുഖത്തും പരിക്കേറ്റ യുവതിയെ തിങ്കളാഴ്ച രാത്രിയാണ് ഭർതൃവീട്ടിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. അവിടെ നിന്ന് മുങ്ങിയ രാഹുലിനെ പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് പന്തീരങ്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിനിടെയാണ് യുവതിയും പിതാവും പരാതി നൽകിയത്. തുടന്ന് ഭർതൃ പീഡനം, നരഹത്യ ശ്രമം എന്നീ വകുപ്പുകൾ ചുമത്തി അറസ്റ്റു ചെയ്തു.
മർദ്ദനവിവരം ആശുപത്രി അധികൃതർ പൊലീസിനെ അറിയിച്ചെങ്കിലും പരാതിയില്ലെന്നും നാട്ടിൽ പോകണമെന്നുമായിരുന്നു യുവതിയുടെ ആവശ്യം. എന്നാൽ പൊലീസ് യുവതിയുടെ മാതാപിതാക്കളെ വിവരമറിയിച്ചു. തുടർന്ന് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായ ഇവർ ഇന്നലെ രാവിലെ പൊലീസിൽ പരാതി നൽകി. രാഹുൽ നിരന്തരം മർദ്ദിച്ചിരുന്നെന്നാണ് നീമയുടെ പരാതി. മാതാപിതാക്കളെ ഫോൺ വിളിക്കാൻ അനുവദിക്കാറില്ല. ഫോൺ തല്ലിപ്പൊട്ടിച്ചെന്നും പരാതിയിലുണ്ട്.
രാഹുൽ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയാണ് ആദ്യകേസിൽ നീമയുടെ മൊഴി മാറ്റിച്ചതെന്ന് പിതാവ് അച്ഛൻ ഹരിദാസ് ആരോപിച്ചു. കോടതിവിധിക്ക് ശേഷം മകളുമായി കൂടുതൽ സംസാരിച്ചിരുന്നില്ല. വിളിച്ചാൽ രാഹുലാണ് ഫോണെടുത്തിരുന്നത്. രാഹുലിനൊപ്പം താമസിക്കില്ലെന്ന് മകൾ പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.
അന്ന് മൊഴിമാറ്റി, കേസ് റദ്ദാക്കി
രാഹുലിനെതിരായ ആദ്യ ആദ്യ ഗാർഹിക പീഡനകേസ് ഒന്നരമാസം മുമ്പാണ് ഹൈക്കോടതി റദ്ദാക്കിയത്. ഭർത്താവ് ഉപദ്രവിച്ചിട്ടില്ലെന്ന് യുവതി മൊഴി മാറ്റിയതിനെ തുടർന്നായിരുന്നു ഇത്. അതിനുശേഷം ഇരുവരും രാഹുലിന്റെ വീട്ടിൽ താമസവും തുടങ്ങി. കഴിഞ്ഞ മേയ് അഞ്ചിനായിരുന്നു ഇവരുടെ വിവാഹം. യുവതി ആദ്യം കൊടുത്ത പരാതിയിൽ പൊലീസ് കേസെടുത്തതിനെ തുടർന്ന് രാഹുൽ ജർമ്മനിയിലേക്ക് നാടുവിട്ടിരുന്നു. തുടർന്ന് പൊലീസ് ബ്ലു കോർണർ നോട്ടീസ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് തിരിച്ചെത്തിയത്. വീട്ടുകാരുടെ നിർബന്ധത്തിൽ കേസ് കൊടുത്തെന്നാണ് പിന്നീട് യുവതി സമൂഹമാദ്ധ്യമത്തിലൂടെ പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |