ഐപിഎൽ 2025 സീസൺ മെഗാലേലം കഴിഞ്ഞതോടെ രാജ്യത്ത് ക്രിക്കറ്റിലൂടെ മാത്രം വരുമാനമുണ്ടാക്കുന്ന താരങ്ങളുടെ പട്ടികയിൽ ഒരു പ്രധാനപ്പെട്ട മാറ്റം വന്നിരിക്കുകയാണ്. ഇതുവരെ മുൻ ഇന്ത്യൻ ക്യാപ്‌റ്റനും ആർസിബി താരവുമായ വിരാട് കൊഹ്‌ലിയ്‌ക്കായിരുന്നു ഏറ്റവുമധികം വരുമാനം ലഭിച്ചിരുന്നത്. ബിസിസിഐയുടെ എ പ്ളസ് കാറ്റഗറി കളിക്കാരിൽ പെടുന്ന കൊഹ്‌ലിയെ നിലനിർത്താൻ ഇത്തവണ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു നൽകുന്ന തുക 21 കോടിയാണ്. ബിസിസിഐ എ പ്ളസ് കാറ്റഗറി കരാറിലുള്ള കൊഹ്‌ലിയ്‌ക്ക് ലഭിക്കുന്ന വാർഷിക വരുമാനം ഏഴ് കോടിയുമാണ്. ഇത്തരത്തിൽ മൊത്തം 28 കോടിയാണ് ക്രിക്കറ്റ് വഴി മാത്രം കൊഹ്‌ലിയ്‌ക്ക് കിട്ടുന്നത്.
എന്നാൽ ഇപ്പോൾ കൊഹ്‌ലിയുടെ വരുമാനത്തെ മറ്റൊരു യുവതാരം മറികടന്നിരിക്കുകയാണ്. ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്ററായ ഋഷഭ് പന്താണത്. ആകെ 32 കോടി രൂപയാണ് പ്രതിവർഷം ക്രിക്കറ്റിൽ നിന്ന് മാത്രം വരുമാനമുണ്ടാക്കുന്നത്. ഇത്തവണ ഐപിഎൽ മെഗാലേലത്തിൽ ഏറ്റവുമധികം തുക മുടക്കി ലക്‌നൗ സൂപ്പർ ജയന്റ്‌സ് (എൽഎസ്‌ജി) പന്തിനെ സ്വന്തമാക്കിയിരുന്നു. 27 കോടിയാണ് പന്തിന് വേണ്ടി എൽഎസ്‌ജി മുടക്കിയത്. ഇതിനുപുറമേ ബിസിസിഐയുടെ എ കാറ്റഗറി കളിക്കാരനായ പന്തിന് വർഷം 5 കോടിയാണ് ലഭിക്കുക. ഇതോടെയാണ് ആകെ 32 കോടി നേടി പന്ത് വരുമാനത്തിൽ മുമ്പനായത്.
ശ്രേയസ് അയ്യരും വെങ്കിടേഷ് അയ്യരുമാണ് വമ്പൻ തുകയ്‌ക്ക് ലേലത്തിൽ പോയ മറ്റ് രണ്ട് താരങ്ങൾ. 26.75 കോടിയ്‌ക്കാണ് പഞ്ചാബ് കിംഗ്‌സ് ശ്രേയസിനെ സ്വന്തമാക്കിയത്. വെങ്കിടേഷിനെയാകട്ടെ 23.75 കോടി രൂപയ്‌ക്ക് കൊൽക്കത്ത സ്വന്തമാക്കി. ഇരുവരും എന്നാൽ ബിസിസിഐ കരാറിൽ ഇല്ലാത്തവരാണ്. ഐപിഎൽ തുടങ്ങുന്ന മാർച്ച് മാസത്തിൽ അടുത്ത ബിസിസിഐ കരാർ ഉണ്ടാകുമെന്നതിനാൽ പന്തിന്റെ വരുമാനം ഇനിയും വർദ്ധിക്കാനാണ് സാദ്ധ്യത.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |