തിരുവനന്തപുരം: മഴക്കെടുതിയെത്തുടർന്ന് അദ്ധ്യയന ദിനങ്ങൾ നഷ്ടമായതു പരിഹരിക്കാൻ ഇനി ശനിയാഴ്ചകൾ കൂടി പ്രവൃത്തിദിനമാക്കും. നഷ്ടമായ അദ്ധ്യയന ദിനങ്ങളുടെ എണ്ണമനുസരിച്ച് രണ്ടാം ശനിയാഴ്ച ഒഴികെയുള്ള ശനിയാഴ്ചകൾ പ്രവൃത്തിദിനമാക്കാൻ ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്ക് പൊതുവിദ്യാഭ്യാസ സെക്രട്ടറി നിർദേശം നൽകി. ഓണപ്പരീക്ഷകളുടെ തീയതിയിൽ മാറ്റമുണ്ടാവില്ല.
ഈ അദ്ധ്യയന വർഷം സംസ്ഥാനത്തെ സ്‌കൂളുകളിൽ 220 പ്രവൃത്തിദിനങ്ങളാണ് ലക്ഷ്യമിട്ടിരുന്നത്. മഴക്കെടുതി മൂലം ഈ ലക്ഷ്യം കൈവരിക്കാനാവാത്ത സാഹചര്യം ഒഴിവാക്കും. ഓരോ ജില്ലയിലും നഷ്ടപ്പെട്ട പ്രവൃത്തി ദിനങ്ങൾ കണക്കാക്കി, അദ്ധ്യയന വർഷത്തിൽ ബാക്കിയുള്ള എത്ര ശനിയാഴ്ചകൾ പ്രവൃത്തി ദിനമാക്കണമെന്ന് അതത് ഡി.ഡി.ഇമാർ ഉടൻ ഉത്തരവിറക്കും.
കഴിഞ്ഞ അദ്ധ്യയന വർഷം 200 പ്രവൃത്തി ദിനങ്ങളാണ് ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം (ക്യു.ഐ.പി) മേൽനോട്ട സമിതി ലക്ഷ്യമിട്ടിരുന്നത്. എന്നാൽ രൂക്ഷമായ പ്രളയക്കെടുതിയുണ്ടായതിനാൽ 172 ദിനങ്ങൾ മാത്രമാണ് അദ്ധ്യയനത്തിനു ലഭിച്ചത്. കഴിഞ്ഞ വർഷം ഭൂരിഭാഗം ജില്ലകളെയും പ്രളയം ബാധിച്ചതു കാരണം സ്‌കൂളുകളിൽ ദിവസങ്ങളോളം ക്യാമ്പ് തുടരേണ്ടിവന്നു. ഇത്തവണ ആ സ്ഥിതിയില്ല.
ഓണപ്പരീക്ഷ 26 മുതൽ
ഓണപ്പരീക്ഷ ആഗസ്റ്റ് 26ന് തുടങ്ങാൻ നേരത്തെ തീരുമാനിച്ചിരുന്നു. തുടർച്ചയായ അവധി ദിനങ്ങൾ മൂലം പാഠ്യഭാഗങ്ങൾ പൂർത്തീകരിച്ചില്ലെങ്കിൽ പോലും അതിൽ മാറ്റം വരുത്തേണ്ടെന്നാണ് ഇപ്പോഴത്തെ തീരുമാനം. പരീക്ഷ മാറ്റുന്നത് മൊത്തം അദ്ധ്യയന കലണ്ടറിനെ ബാധിക്കുമെന്നതിനാലാണിത്. ഈ വർഷത്തെ സംസ്ഥാന സ്‌കൂൾ കലോത്സവം, കായികമേള, ശാസ്ത്രമേള എന്നിവയും ക്യു.ഐ.പി യോഗത്തിൽ തീരുമാനിച്ചതു പ്രകാരമുള്ള തീയതികളിലും സെന്ററുകളിലും നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |