
തിരുവനന്തപുരം: ഗതാഗത നിയമങ്ങള്‍ കര്‍ശനമായി പാലിക്കാത്തവരെ പൂട്ടാന്‍ നിരീക്ഷണ ക്യാമറകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ കേരളത്തില്‍ സജീവമാണ്. പിഴ അടപ്പിച്ച് വിടുകയെന്നതാണ് ഗതാഗത നിയമലംഘനങ്ങള്‍ക്ക് നല്‍കുന്ന ശിക്ഷ. അപകടങ്ങള്‍ പോലുള്ളവയ്ക്ക് കാരണക്കാരായാല്‍ മാത്രമാണ് നിയമ നടപടി ഉള്‍പ്പെടെയുള്ളവയിലേക്ക് കാര്യങ്ങള്‍ എത്തുക. പൊലീസിന്റേയും ട്രാഫിക് വിഭാഗത്തിന്റേയും വാഹന പരിശോധനയില്‍ നിരത്തില്‍ വാഹനവുമായി ഇറങ്ങുന്നതിന് വേണ്ടുന്ന കടലാസുകള്‍ ഉണ്ടോയെന്നും പരിശോധിക്കും.
കടലാസുകള്‍ കൃത്യമല്ലെങ്കിലോ ഡ്രൈവര്‍ക്ക് ലൈസന്‍സ് ഇല്ലെങ്കിലോ മദ്യപിച്ചാലോ ഒക്കെയും പിഴ തന്നെയാണ് ശിക്ഷ. എന്നാല്‍ ഈ രീതിക്ക് മാറ്റം കൊണ്ടുവരുന്ന നിയമമാണ് പ്രാബല്യത്തില്‍ വരാന്‍ പോകുന്നത്. വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പേപ്പര്‍ കൃത്യമല്ലെങ്കില്‍ ഇനി മുതല്‍ പിഴയടച്ച് രക്ഷപ്പെടാന്‍ കഴിയില്ല. ഇന്‍ഷുറന്‍സ് ഇല്ലെന്ന് കണ്ടെത്തുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുന്ന നിയമമാണ് വരാന്‍ പോകുന്നത്. രാജ്യത്ത് ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.
ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങള്‍ പിടിച്ചെടുക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ നിര്‍ദേശിക്കുന്ന തരത്തില്‍ മോട്ടോര്‍ വെഹിക്കിള്‍ ആക്ടില്‍ ഭേദഗതി വരുത്താനാണ് നീക്കം. ഭേദഗതി വരുത്തിയ പുതിയ നിര്‍ദേശങ്ങള്‍ വൈകാതെ തന്നെ എല്ലാ സംസ്ഥാനങ്ങളിലേയും ഗതാഗത വകുപ്പുമന്ത്രിമാര്‍ക്കും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍മാര്‍ക്കും കൈമാറും. ഇന്ത്യയിലെ മൊത്തം വാഹനങ്ങളില്‍ 56 ശതമാനത്തിന് ഇന്‍ഷുറന്‍സ് കവറേജ് ഇല്ലാതെയാണ് ഓടുന്നതെന്നും, ഇത് ഏകദേശം 16.5 കോടിയോളം വാഹനങ്ങള്‍ വരുമെന്നുമാണ് 2025-ല്‍ സുപ്രീം കോടതി നിരീക്ഷിച്ചത്.
സാധുവായ രജിസ്ട്രേഷന്‍, പെര്‍മിറ്റ് എന്നിവ ഇല്ലാത്ത വാഹനങ്ങളും പെര്‍മിറ്റ് വ്യവസ്ഥകള്‍ ലംഘിക്കുന്ന വാഹനങ്ങളും പിടിച്ചെടുക്കാനാണ് നിലവില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് അധികാരം നല്‍കിയിട്ടുള്ളത്. നിലവിലെ നിയമം അനുസരിച്ച് ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് ആദ്യ തവണ 2000 രൂപയും വീണ്ടും ഇതേ നിയമലംഘനത്തിന് പിടിക്കപ്പെട്ടാല്‍ 4000 രൂപ പിഴ ഈടാക്കുകയും കൂടാതെ മൂന്ന് മാസം വരെ തടവ് ലഭിക്കാവുന്ന കുറ്റവുമായാണ് കണക്കാക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |