കേരളത്തിനുള്ള എല്ലാ സഹായവും കേന്ദ്രം പ്രതികാരബുദ്ധിയോടെ മുടക്കുകയോ തടഞ്ഞുവയ്ക്കുകയോ ചെയ്യുന്നുവെന്നാണ് സംസ്ഥാനത്തിന്റെ എന്നത്തെയും പരാതി. എന്നാൽ അനായാസം ലഭിക്കുമായിരുന്ന ഒരു കാർഷിക വായ്‌പാ സഹായ പദ്ധതി ഇവിടത്തെ ഉദ്യോഗസ്ഥ മേധാവികളുടെ സ്വാർത്ഥ താത്പര്യത്തിൽ തട്ടി നീണ്ടുനീണ്ടു പോകുന്നതു കാണുമ്പോൾ കഷ്ടമെന്നല്ലാതെ എന്തു പറയാൻ! കേരളത്തിലെ കർഷകരുടെ ഉന്നമനത്തിനായി തയ്യാറാക്കിയ പദ്ധതിക്ക് കേന്ദ്രം അംഗീകാരം നൽകിയതാണ്. ഇതിനാവശ്യമായ ഫണ്ടിന്റെ സിംഹഭാഗവും വായ്‌പയായി നൽകാമെന്ന് ലോകബാങ്കും സമ്മതിച്ചു. സംസ്ഥാന സർക്കാരിന്റെ വിഹിതം 713 കോടി രൂപയാണ്. ആകെ പദ്ധതിച്ചെലവ് 2390 കോടി രൂപ. അഞ്ചുവർഷംകൊണ്ട് പൂർത്തിയാക്കാൻ ലക്ഷ്യമിട്ട, 'കേര" എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കർഷക രക്ഷാ പദ്ധതിക്ക് ശകുനികളായി മാറുന്നത് ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥ മേധാവികൾ തന്നെയാണത്രെ.
പദ്ധതി നടത്തിപ്പിന് നിരവധി ഉദ്യോഗസ്ഥരുടെ സേവനം ആവശ്യമാണ്. ഇവർ ഏതു വകുപ്പിൽ നിന്നുള്ളവരാകണം എന്നതാണ് ഇപ്പോഴത്തെ തർക്കം. കൃഷി, വ്യവസായം, ഐ.ടി, പ്ളാന്റേഷൻ, ധനം, പൊതുഭരണം എന്നീ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരുടെ സേവനം ആവശ്യമായി വരും. മേധാവിത്വം ഏതു വകുപ്പിൽ നിന്നുള്ളവർക്കാകണമെന്നതാണ് തർക്കവിഷയം. മന്ത്രിസഭാ യോഗത്തിൽ പ്രശ്നം ചർച്ചയ്ക്കു വന്നപ്പോൾ ചീഫ് സെക്രട്ടറിയുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കാനാണ് നിർദ്ദേശമുണ്ടായത്. പക്ഷേ തീരുമാനത്തിലെത്താൻ ഇതുവരെ കഴിഞ്ഞില്ല. ഫയൽ ബന്ധപ്പെട്ട വകുപ്പുകൾ തോറും കറങ്ങിക്കൊണ്ടിരിക്കുകയാണത്രെ. ലോക ബാങ്ക് 1677 കോടി രൂപ വായ്പയായി നൽകാൻ റെഡിയാണ്. അടുത്ത മാർച്ചിനു മുമ്പ് ചർച്ചകളും തർക്കങ്ങളുമൊക്കെ കഴിഞ്ഞ് പദ്ധതി അന്തിമമായി അംഗീകരിക്കേണ്ടതുണ്ട്. കൃഷി വികസനവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തിയാണ് പദ്ധതിക്ക് രൂപം നൽകിയിട്ടുള്ളത്. സ്‌മാർട്ട് കൃഷിരീതികൾ, മൂല്യവർദ്ധിത ഉത്പന്നങ്ങൾ, വിപണന സംവിധാനങ്ങൾ തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടും.
കൃഷിയുമായി ബന്ധപ്പെട്ട അനുബന്ധ മേഖലകളിലും പുതിയ നിക്ഷേപ സാദ്ധ്യതകൾ തുറന്നിടുന്നതാണ് പദ്ധതി. പരമ്പരാഗത കൃഷികൾക്കു പുറമെ റബർ, ഏലം, കാപ്പി, അടയ്ക്ക തുടങ്ങിയവയ്ക്കും സഹായം ലഭിക്കും. കൃഷിയുമായി ബന്ധപ്പെട്ട് വനിതാ സ്റ്റാർട്ടപ്പുകൾക്കും മികച്ച അവസരങ്ങൾ ലഭ്യമാക്കാൻ നടപടിയുണ്ടാകും. മൂല്യവർദ്ധിത കൃഷി വികസനത്തിനായി മാത്രം 90 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്; കാലാവസ്ഥാ പ്രതിരോധ നടപടികൾക്കായി 805 കോടി രൂപയും. കാർഷിക മേഖലയുടെ വളർച്ചയിലല്ല, അതുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളുടെ തലപ്പത്തു കയറിപ്പറ്റി എങ്ങനെയെല്ലാം നേട്ടമുണ്ടാക്കാമെന്നാണ് നിർവഹണ ഉദ്യോഗസ്ഥർ നോക്കുന്നത്. പദ്ധതി നിർവഹണം സ്വന്തം ചൊല്പടിക്കായാൽ പലതും നേടാമെന്ന് ഓരോ വകുപ്പിലെയും താപ്പാനകൾക്ക് നല്ലപോലെ അറിയാം. വിദേശ വായ്‌പയ്ക്കു വേണ്ടിയുള്ള ഓരോ വകുപ്പിന്റെയും നെട്ടോട്ടം സുപരിചിതവുമാണല്ലോ.
ജനങ്ങളുടെ വെള്ളംകുടി സ്ഥിരമായി മുടക്കിക്കൊണ്ടിരിക്കുന്ന വാട്ടർ അതോറിട്ടി കൊച്ചിയിലെയും തിരുവനന്തപുരത്തെയും ജലവിതരണം വിദേശ സ്വകാര്യ കമ്പനികളെ ഏല്പിക്കാൻ 15,000 കോടി രൂപയുടെ വായ്‌പ തരപ്പെടുത്താനുള്ള കഠിന ശ്രമത്തിലാണിപ്പോൾ. സാർവത്രികമായി പ്രതിഷേധമുയർന്നിട്ടും തീരുമാനവുമായി അതോറിട്ടി മുന്നോട്ടു പോകുന്നതിനു പിന്നിൽ സ്വാർത്ഥ താത്‌പര്യങ്ങളും ധാരാളമുണ്ട്. 'കേര" പദ്ധതിയുടെ നിർവഹണം ആര് ഏറ്റെടുത്താലും ജനങ്ങളെ സംബന്ധിച്ച് പ്രശ്നമൊന്നുമില്ല. എന്നാൽ, അത് ശരിയായ രൂപത്തിൽ നടന്നുകാണാൻ ഇവിടത്തെ കർഷകർക്കും അവരുടെ കുടുംബങ്ങൾക്കും അതിയായ ആഗ്രഹമുണ്ടെന്ന കാര്യം മറക്കരുത്. ഉദ്യോഗസ്ഥർ കടൽക്കിഴവന്മാരെപ്പോലെ പദ്ധതിയുടെ അന്തകരായി മാറരുത്. ഇത്തരം വിഷയങ്ങളിൽ ഉദ്യോഗസ്ഥ മേധാവികളുടെ താത്‌പര്യങ്ങളേക്കാൾ വില കല്പിക്കേണ്ടത് സംസ്ഥാനത്തിന്റെ വിശാല താത്‌പര്യങ്ങൾക്കാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |