തിരുവനന്തപുരം: രണ്ടാം പിണറായിവിജയൻ സർക്കാർ വന്നശേഷം മൂന്നാമത്തെ വൈദ്യുതി നിരക്ക് വർദ്ധനയ്ക്ക് കളമൊരുങ്ങി. വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ
മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ടുകണ്ട് കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തിയശേഷം നാളെ പ്രഖ്യാപനം നടത്താനാണ് സാദ്ധ്യത. മുഖ്യമന്ത്രി നാളെ സമയം നൽകിയിട്ടുണ്ട്. എന്തെങ്കിലും ഇളവു വരുത്താൻ മുഖ്യമന്ത്രി നിർദ്ദേശിച്ചാൽ, അതു പാലിക്കും. കൂടിക്കാഴ്ച നാളെ നടന്നില്ലെങ്കിൽ വ്യാഴാഴ്ചയായിരിക്കും പ്രഖ്യാപനം.
ഇന്നലെ പ്രഖ്യാപിക്കാനായിരുന്നു കമ്മിഷൻ തീരുമാനം. കെ.എസ്.ഇ.ബി അധികൃതർ സമർപ്പിച്ച ചില കണക്കുകളിൽ വ്യക്തത വരുത്തേണ്ടി വരുന്നതിനാലാണ് അതുമാറ്റിയത്.നാളെ രാവിലെ ആ നടപടി പൂർത്തിയാക്കിയശേഷമാവും മുഖ്യമന്ത്രിയെ കാണുന്നത്.
അതിനുമുമ്പ് വൈദ്യുതി മന്ത്രിയെ നിരക്ക് വർദ്ധന അറിയിക്കും.
നിലവിലെ നിരക്കിൽ ശരാശരി 34പൈസയുടെ വർദ്ധനയും വേനൽക്കാലത്ത് അധികനിരക്കും രാത്രികാല ഉപഭോഗത്തിന് പ്രത്യേക നിരക്കും ഏർപ്പെടുത്തി പരമാവധി നേട്ടമുണ്ടാക്കാനുള്ള അനുമതി അപേക്ഷയാണ് കെ.എസ്.ഇ.ബി നൽകിയിരിക്കുന്നത്.
കെ.എസ്.ഇ.ബി. പറയുന്നതുപോലെ നിരക്ക് കൂട്ടിയാൽ ഈ വർഷം 812.16കോടിയും അടുത്തവർഷം 1399.93കോടിയും 2026-27ൽ 1522.92കോടിയും കൂടുതൽ വരുമാനമുണ്ടാകും. വേനൽക്കാല താരിഫ് കൂടി അംഗീകരിച്ചാൽ ഈ വർഷം 111.08കോടിയും അടുത്ത വർഷം 233കോടിയും 2026-27ൽ 349കോടിയും അധിക വരുമാനം കിട്ടും.
തമിഴ്നാടും കർണാടകവും അടക്കം പല സംസ്ഥാനങ്ങളിലും
ജനങ്ങൾക്ക് സബ്സിഡി ആനുകൂല്യം നൽകുന്നുണ്ട്. കേരളത്തിൽ അതില്ല.
കടുത്ത വൈദ്യുതി പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണെങ്കിലും നിലവിൽ വൈദ്യുതി നിയന്ത്രണം ഉണ്ടാവില്ലെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി പാലക്കാട്ട് അറിയിച്ചു. 70 ശതമാനം വൈദ്യുതി പുറത്ത് നിന്ന് വാങ്ങുകയാണ്.
`നിരക്ക് വർദ്ധന ജനങ്ങൾക്ക് സ്വാഭാവികമായും വിഷമമുണ്ടാക്കും. നിരക്ക് വർദ്ധിപ്പിക്കുകയല്ലാതെ മറ്റ് വഴികളില്ല'
-കെ.കൃഷ്ണൻകുട്ടി
വൈദ്യുതി മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |