സർക്കാർ മേൽനോട്ടത്തിൽ നടത്തുന്ന ദുരിതാശ്വാസ ക്യാമ്പിൽ പിരിവ് നടത്തിയതിന് സി.പി.എം പ്രവർത്തകനായ ഓമനക്കുട്ടനെതിരെ കേസെടുക്കുകയും നിജസ്ഥിതി അറിഞ്ഞ ശേഷം സർക്കാർ അദ്ദേഹത്തോട് മാപ്പുപറയുകയും ചെയ്തിരുന്നു. എന്നാൽ ഓമനക്കുട്ടനെതിരായ വ്യാജ പ്രചരണത്തിൽ സത്യം പുറത്തുവന്നത് നല്ല കാര്യമാണെന്ന് കോൺഗ്രസ് വക്താവ് ജ്യോതികുമാർ ചാമക്കാല. ദുരന്തമുഖത്ത് വ്യാജപ്രചരണം ഏത് പാർട്ടി ചെയ്താലും അത് അപമാനമാണെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭിപ്രായപ്പെടുന്നു. പക്ഷേ ഓമനക്കുട്ടന്റെ സത്യസന്ധത ആഘോഷിക്കുന്നവർ രാഹുൽ ഗാന്ധിയെക്കുറിച്ചും അദ്ദേഹം വയനാട്ടിൽ നടത്തുന്ന പ്രവർത്തനങ്ങളെകുറിച്ചും നുണപ്രചാരണങ്ങളാണ് നടത്തുന്നതെന്നും ആരോപിക്കുന്നു. അകാരണമായി ആക്രമിക്കപ്പെടുമ്പോൾ ഓമനക്കുട്ടനും രാഹുൽ ഗാന്ധിക്കും ഒരേ വേദനയാണെന്നറിയണമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
മുൻ കോൺഗ്രസ് ദേശീയ അധ്യക്ഷനെന്ന നിലയിലുള്ള ബന്ധങ്ങൾ കൊണ്ടാണ് വളരെപ്പെട്ടെന്ന് വയനാടിൽ കഷ്ടപ്പെടുന്നവർക്കായി വലിയ അളവിൽ സഹായമെത്തിക്കാൻ രാഹുൽ ഗാന്ധിക്ക് കഴിഞ്ഞതെന്നും കോൺഗ്രസ് വക്താവ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ദുരിതമാണ്, വിദ്വേഷം വേണ്ട......
ആലപ്പുഴയിലെ ഓമനക്കുട്ടനെതിരായ പ്രചാരണത്തിൽ സത്യം പുറത്തു വന്നത് നല്ല കാര്യം.
ദുരന്തമുഖത്തെ സമൂഹമാധ്യമ വ്യാജ പ്രചാരണം ഒരു നാടിനാകെ അപമാനമാണ്. അത് ഏത് പാർട്ടി ചെയ്താലും.
ഓമനക്കുട്ടന്റെ സത്യസന്ധത ആഘോഷിക്കുന്ന സൈബർ സഖാക്കൾ രാഹുൽ ഗാന്ധിയെക്കുറിച്ചു കൂടി പറയണം.
വയനാട്ടിൽ അദ്ദേഹം നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ച് എന്തെല്ലാം നുണകളാണ് പടച്ചുവിടുന്നത് ?
അകാരണമായി ആക്രമിക്കപ്പെടുമ്പോൾ ഓമനക്കുട്ടനും രാഹുൽ ഗാന്ധിക്കും ഒരേ വേദനയാണെന്നറിയുക.
മുൻ കോൺഗ്രസ് ദേശീയ അധ്യക്ഷനെന്ന നിലയിലുള്ള ബന്ധങ്ങൾ കൊണ്ട് അദ്ദേഹത്തിന് വേഗത്തിൽ ഭക്ഷ്യധാന്യങ്ങളും മറ്റു അവശ്യവസ്തുക്കളും എത്തിക്കാൻ കഴിഞ്ഞു.
അദ്ദേഹത്തെ തിരഞ്ഞെടുത്ത വയനാട്ടിലെ ജനങ്ങൾക്ക് അർഹതപ്പെട്ടതാണത്.
രാഹുൽ ഗാന്ധിയെപ്പോലെ മാനുഷികതയുള്ള ഒരാൾക്ക് വയനാട്ടിൽ കണ്ട ദുരിതം വല്ലാത്ത വേദനയുണ്ടാക്കി.
സ്വാഭാവികമായും അദ്ദേഹം ഉണർന്ന് പ്രവർത്തിച്ചു.
ക്യാംപിൽ സ്റ്റേജ് കെട്ടിയുണ്ടാക്കി പ്രസംഗിക്കുകയോ പാർട്ടിക്കാരുടെ വിവരണം കേട്ട് പോരുകയല്ല എം.പി ചെയ്തത്.
മനുഷ്യരുടെ ഇടയിലേക്കിറങ്ങിച്ചെന്ന് അവരോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു.
അരി മുതൽ കമ്പിളിപ്പുതപ്പു വരെയുള്ള അവരുടെ ആവശ്യങ്ങൾ മനസിലാക്കി. ദുരന്തത്തിന്റെ ഭീകരത നോക്കി കണ്ടു.
പത്തടി മാറിനിന്ന് ഭയത്തോടെയല്ല ക്യാംപിലുള്ളവർ എം.പിയെ കണ്ടത്.
അവർ അദ്ദേഹത്തെ കെട്ടിപ്പിടിച്ച് കരഞ്ഞു. നഷ്ടങ്ങൾ എണ്ണിപ്പറഞ്ഞു. ഭാഷ പോലും തടസമായില്ല.
ആ വേദന അദ്ദേഹം ഏറ്റെടുത്തതാണ് അവശ്യവസ്തുക്കളായി വയനാട്ടുകാർക്ക് ലഭിച്ചത്.
അതെക്കുറിച്ച് കള്ള പ്രചാരണം നടത്തുന്ന സൈബർ സഖാക്കൾ ഓമനക്കുട്ടന്റെ പേരിൽ വികാരാധീനരാവുന്നത് സിപിഎമ്മിന്റെ ഇരട്ടത്താപ്പിന്റെ മറ്റൊരു ഉദാഹരണമാണ്......
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |