ന്യൂഡൽഹി: യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ പ്രോബ 3 വഹിച്ചുകൊണ്ടുളള പിഎസ്എൽവിയുടെ വിക്ഷേപണം മാറ്റിവച്ചതായി അറിയിച്ച് ഐഎസ്ആർഒ. ഇന്ന് വൈകിട്ട് 4.08നായിരുന്നു വിക്ഷേപണം നടത്തേണ്ടിയിരുന്നത്. ഉപഗ്രഹത്തിൽ സാങ്കേതിക പ്രശ്നം കണ്ടെത്തിയതിനെ തുടർന്നാണിത്. വിക്ഷേപണത്തിന് 43 മിനിട്ട് 50 സെക്കൻഡ് ബാക്കിയുളളപ്പോൾ കൗണ്ട്ഡൗൺ നിർത്തിവയ്ക്കുകയായിരുന്നു.ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തിൽ നിന്ന് വിക്ഷേപിക്കാനാണ് തീരുമാനിച്ചിരുന്നത്. നാളെ വൈകിട്ട് 4.12ന് വിക്ഷേപണം നടത്താൻ ശ്രമിക്കുമെന്നും ഐഎസ്ആർഒ അറിയിച്ചു.
പ്രോബ 3
സൂര്യന്റെ അന്തരീക്ഷത്തിലെ ഏറ്റവും പുറമേയുള്ളതും ചൂടേറിയതുമായ പ്രഭാവലയമായ കൊറോണയെക്കുറിച്ച് പഠിക്കാനുളള ദൗത്യമാണിത്.പിഎസ്എൽവിയുടെ സി59 റോക്കറ്റിലാണ് ദൗത്യം വിക്ഷേപിക്കുക. 2001ന് ശേഷം യൂറോപ്യൻ ബഹിരാകാശ ഏജൻസിക്കുവേണ്ടി ഐഎസ്ആർഒ നടത്തുന്ന ആദ്യവിക്ഷേപണമാണിത്. 550 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹങ്ങളെ 60,000 കിലോമീറ്റർ വരെ ഉയരത്തിലുള്ള ഭ്രമണ പഥത്തിലാണ് എത്തിക്കുക. ഏകദേശം 1680 കോടി രൂപ ചെലവുള്ള ദൗത്യത്തിന് രണ്ടുവർഷമാണ് കാലാവധി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |