മേപ്പാടി: വീട് വെള്ളത്തിൽ മുങ്ങിയപ്പോൾ ദുരിതാശ്വാസ ക്യാമ്പിൽ അഭയം തേടിയെത്തിയതാണ് വയനാട് ചൂരൽമല സ്വദേശിനിയായ റാബിയയും ഉമ്മയും. വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ അപ്രതീക്ഷിതമായെത്തിയ കണ്ണീർമഴയിൽ വിവാഹ വസ്ത്രങ്ങൾ പോലും എടുക്കാനാകാതെ ആ ഉമ്മയ്ക്കും മകൾക്കും വീട് വിട്ടിറങ്ങേണ്ടിവന്നു.
റാബിയയ്ക്ക് വർഷങ്ങൾക്ക് മുമ്പേ ഉപ്പയെ നഷ്ടപ്പെട്ടതാണ്. വിവാഹം മുടങ്ങുമോയെന്ന പേടിയിലായിരുന്നു ഇരുവരും. എന്നാൽ പ്രതിശ്രുത വരനായ കോഴിക്കോട് പേരാമ്പ്ര സ്വദേശി മുഹമ്മദ് ഷാഫി മേപ്പാടിയിലെ ക്യാമ്പിലെത്തി എന്ത് വന്നാലും വിവാഹം നിശ്ചയിച്ച മുഹൂർത്തത്തിൽ നടക്കുമെന്ന ഉറപ്പ് നൽകിയതോടെ ആ പേടി മാറി.
വിവാഹത്തിനാവശ്യമായ കാര്യങ്ങളെപ്പറ്റിയായി പിന്നെയുള്ള വേവലാതി. കണ്ണടച്ച് തുറക്കുന്നതിന് മുമ്പ് വിവാഹ വസ്ത്രമുൾപ്പെടെയുള്ള സഹായവുമായി നന്മയുള്ള നിരവധിയാളുകൾ എത്തിയതോടെ ആ പ്രശ്നവും തീർന്നു. ഇന്ന് രാവിലെ നടന്ന വിവാഹത്തിന് സാക്ഷ്യം വഹിക്കാനും നവദമ്പതികളെ അനുഗ്രഹിക്കാനും എം.എൽ.എ സി.കെ ശശീന്ദ്രനും ജില്ലാ കളക്ടർ എ.ആർ അജയകുമാറും എത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |