തിരുവനന്തപുരം: കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് വ്യക്തമാക്കി സംസ്ഥാന സർക്കാർ. അന്വേഷണം ശരിയായ ദിശയിൽ നടക്കുന്നതുകൊണ്ട് സിബിഐയുടെ ആവശ്യമില്ലെന്നാണ് സർക്കാരിന്റെ നിലപാട്. തീരുമാനം നാളെ ഹൈക്കോടതിയെ അറിയിക്കുമെന്നാണ് വിവരം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ കുടുംബത്തിന്റെ എല്ലാ ആശങ്കകളും പരിശോധിക്കുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
ഭർത്താവിന്റെ മരണത്തിൽ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും സിബിഐ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് നവീനിന്റെ ഭാര്യ മഞ്ജുഷ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. നവീൻ ബാബുവിനെ കൊന്ന് കെട്ടിത്തൂക്കിയതാണെന്ന സംശയമുണ്ടെന്നും മരണത്തിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ പങ്കിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തിയില്ലെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. നാളെയാണ് ഹൈക്കോടതി ഹർജി പരിഗണിക്കുന്നത്.
എല്ലാ തരത്തിലുള്ള വിവരങ്ങൾ ശേഖരിച്ചുള്ള അന്വേഷണമാണ് പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ളത്. തുടർന്നും കുടുംബത്തിന്റെ എല്ലാ ആശങ്കകളും പരിശോധിച്ചായിരിക്കും അന്വേഷിക്കുകയെന്നുമാണ് സർക്കാർ സ്വീകരിച്ചിരിക്കുന്ന നിലപാട്. ഇത് സംബന്ധിച്ച റിപ്പോർട്ട് നാളെ കോടതിയിൽ സമർപ്പിക്കും. കേസ് ഡയറിയും അന്വേഷണ പുരോഗതി റിപ്പോർട്ടും പരിഗണിച്ച് കേസ് സിബിഐയ്ക്ക് വിടണമോയെന്ന് കോടതിയായിരിക്കും തീരുമാനിക്കുക.
ഒക്ടോബർ 16ന് പുലർച്ചയോടെയാണ് പത്തനംതിട്ട സ്വദേശിയായ നവീൻ ബാബുവിനെ ക്വാട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പത്തനംതിട്ട എഡിഎം ആയി നാട്ടിലേക്ക് പോകാനിരിക്കെ സഹപ്രവർത്തകർ നൽകിയ യാത്രയയപ്പ് ചടങ്ങിൽ പിപി ദിവ്യ നടത്തിയ പരസ്യമായി അപമാനിച്ചത് ആത്മഹത്യയിലേയ്ക്ക് നയിച്ചെന്നാണ് ഉയരുന്ന ആരോപണം. കേസിൽ അറസ്റ്റിലായ ദിവ്യയ്ക്ക് ജാമ്യവും ലഭിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |