കൊച്ചി: സ്‌മാർട്ട്സിറ്റി പദ്ധതി നടപ്പാക്കുന്നതിൽ ദുബായ് കമ്പനിയായ ടീകോം പരാജയപ്പെട്ടിട്ടും വർഷങ്ങളായി അനങ്ങാതിരുന്ന സർക്കാർ, പാട്ടഭൂമി തിരിച്ചു പിടിക്കുന്നതിന് പിന്നിൽ കേരളത്തിലെ വമ്പൻ കമ്പനിയുടെ പങ്കാളിത്ത വാഗ്ദാനമെന്ന് സൂചന. ഈ ഗ്രൂപ്പ് സ്‌മാർട്ട്സിറ്റിയിൽ താത്പര്യം പ്രകടിപ്പിച്ചതായാണ് ഐ.ടി വൃത്തങ്ങൾ പറയുന്നത്. ഇവരുമായുള്ള ചർച്ചകളിലെ പ്രാഥമിക ധാരണ പ്രകാരമാണ് പാട്ടഭൂമി തിരിച്ചു പിടിക്കൽ.
ടീകോമിന്റെ ഓഹരിവില നൽകി 246 ഏക്കർ പാട്ടഭൂമി തിരിച്ചെടുക്കാൻ കരാറിൽ വ്യവസ്ഥയുണ്ടെങ്കിലും നഷ്‌ടപരിഹാരം നൽകാനാണ് സർക്കാർ നീക്കം. വ്യവസ്ഥകൾ പാലിച്ചില്ലെങ്കിൽ പാട്ടക്കരാർ റദ്ദാക്കുമെന്നും, ടീകോമിന് ഓഹരിവില നൽകി ഭൂമി തിരിച്ചെടുക്കുമെന്നുമാണ് കരാറിലുള്ളത്. നിക്ഷേപം കണക്കാക്കി ടീകോമിന് നഷ്‌ടപരിഹാരം നൽകാനാണ് സർക്കാർ തീരുമാനം. തിരിച്ചെടുക്കൽ വൈകാതിരിക്കാനാണ് ഇതെന്നാണ് സൂചന.
പുതിയ കമ്പനിയുമായി ചേർന്ന് എത്രയും വേഗം പദ്ധതി പുനരുജ്ജീവിപ്പിക്കുകയാണ് ലക്ഷ്യം. സ്ഥലം തിരിച്ചുപിടിക്കാൻ മന്ത്രിസഭ തീരുമാനിച്ചതിൽ പ്രതിപക്ഷമുൾപ്പെടെ ദുരൂഹത ആരോപിച്ചിട്ടുണ്ട്. ഇൻഫോർപാർക്കിന് കൈമാറണമെന്ന ആവശ്യവും ശക്തമാണ്. ഭൂമി തിരിച്ചെടുക്കണമെന്ന ആവശ്യം വർഷങ്ങൾക്ക് മുമ്പേ ഉയർന്നെങ്കിലും സർക്കാർ പ്രതികരിച്ചിരുന്നില്ല.
വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ, 2007 നവംബർ 16ന് തറക്കല്ലിട്ട് 2011ൽ ഒപ്പിട്ട കരാറിലെ വ്യവസ്ഥകൾ പാലിക്കുന്നതിൽ ഗുരുതരമായ വീഴ്‌ചയാണ് ടീകോം വരുത്തിയത്. വാഗ്ദാനപ്രകാരമുള്ള നിർമ്മാണങ്ങളോ തൊഴിലോ ഉറപ്പാക്കിയില്ല. ഡയറക്‌ടർ ബോർഡ് യോഗങ്ങൾ പോലും കൃത്യമായി നടന്നിട്ടില്ല.
കൗമുദി
ചൂണ്ടിക്കാട്ടി
സ്‌മാർട്ട്സിറ്റി സ്‌തംഭിച്ചതായി കേരളകൗമുദി പലകുറി റിപ്പോർട്ട് ചെയ്‌തിരുന്നു. '15 വർഷം: വഴിപാടായി സ്‌മാർട്ട്സിറ്റി' എന്ന റിപ്പോർട്ട് 2022 ഡിസംബർ 8നും 'സ്‌മാർട്ട്സിറ്റിയെ ഇൻഫോപാർക്കിന്റെ ഭാഗമാക്കാൻ നിർദ്ദേശം' എന്ന റിപ്പോർട്ട് 2024 ജനുവരി 18നും പ്രസിദ്ധീകരിച്ചിരുന്നു.
കരാറിലെ
വാഗ്ദാനങ്ങൾ
□2,609 കോടിയുടെ നിക്ഷേപം
□10 ലക്ഷം ചതുരശ്രയടി ഐ.ടി പാർക്ക്
□90,000 പേർക്ക് തൊഴിൽ
□ആദ്യ അഞ്ചു വർഷത്തിൽ 5,000 തൊഴിൽ
□പത്തു വർഷത്തിൽ 33,000 തൊഴിൽ
□അന്താരാഷ്ട്ര നിലവാരത്തിൽ ടൗൺഷിപ്പ്
□58 ദശലക്ഷം ചതുരശ്രയടി സ്വകാര്യ കെട്ടിടം
നടപ്പായത്
□ആറര ലക്ഷം ചതുരശ്രയടിയുള്ള ഒരു കെട്ടിടം
□തൊഴിലവസരം 3,000ത്തിൽ താഴെ
□37ൽ ഒരു വൻകിട സോഫ്‌റ്റ്‌വെയർ കമ്പനി പോലുമില്ല
□ചെറുകിട ഐ.ടി സേവന കമ്പനികൾ മാത്രം
□സ്വകാര്യ സ്‌കൂൾ പ്രവർത്തിക്കുന്നു
□രണ്ട് സ്വകാര്യ ഐ.ടി ടവറുകൾ പൂർത്തിയാകുന്നു
ഓഹരി വിഹിതം
□ദുബായ് ഹോൾഡിംഗ്‌സ് -84 %
□കേരള സർക്കാർ- 16 %
'സ്മാർട്ട് സിറ്റി ഉൾപ്പെടെ എൽ.ഡി.എഫ് സർക്കാരിന്റെ പദ്ധതികൾ കേരളത്തിലെ ഭാവി തലമുറയെ ഉദ്ദേശിച്ചുള്ളതാണ്.'
മുഖ്യമന്ത്രി പിണറായി വിജയൻ
കരാർ ലംഘിച്ച ടീകോമിനെ നഷ്ടപരിഹാരം നൽകി ഒഴിവാക്കുന്നത് മുഖ്യമന്ത്രിയും മന്ത്രിമാരും അറിഞ്ഞുള്ള അഴിമതിയാണ്.
--രമേശ് ചെന്നിത്തല
സ്മാർട്ട് സിറ്രിയിൽ നിന്ന് സർക്കാർ പിന്നോട്ടില്ല. പദ്ധതിയിൽ നിന്ന് പിന്മാറാൻ ടീകോം കത്ത് നൽകിയിരുന്നു. ഭൂമി പൂർണമായും പ്രയോജനപ്പെടുത്തും.
--മന്ത്രി പി.രാജീവ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |