ചിത്തോർഗഢ്: രാജസ്ഥാനിലെ പ്രശസ്ത ശ്രീകൃഷ്ണ ക്ഷേത്രത്തിൽ കാണിക്കയായി ലഭിച്ചത് ഒരു കിലോ തൂക്കം വരുന്ന സ്വർണ ബിസ്കറ്റും 23 കോടി രൂപയും, ഇതിനൊപ്പം ഒരു വെള്ളി പിസ്റ്റൾ, വെള്ളിവിലങ്ങും ലഭിച്ചു . ചിത്തോർഗഢ് സാൻവാലിയ സേത് ക്ഷേത്രത്തിലാണ് സ്വർണവും വെള്ളിയും പണവുമായി വൻതുക ലഭിച്ചത്. ഇതുവരെയുള്ളതിൽ വച്ച് റെക്കോഡ് കളക്ഷനാണ് ഇതെന്ന് ക്ഷേത്രഭാരവാഹികൾ പറയുന്നു.
ക്ഷേത്രത്തിൽ രണ്ടുമാസം ഇടവിട്ട് അമാവാസി ദിനത്തിലാണ് ഭണ്ഡാരങ്ങൾ തുറന്ന് കാണിക്കയെണ്ണുന്നത്. ഭണ്ഡാരം തുറന്ന ആദ്യഘട്ടത്തിൽ 11.34 കോടിയും രണ്ടംഘട്ടത്തിൽ 3.50 കോടിയും മൂന്നാംഘട്ടത്തിൽ 4.27 കോടിയും എണ്ണിത്തിട്ടപ്പെടുത്തുകയായിരുന്നു. 19.22 കോടി രൂപ നേരിട്ടും ബാക്കി തുക ഓൺലൈൻ സംഭാവനയായും ലഭിച്ചെന്ന് ഭാരവാഹികൾ പറഞ്ഞു. മുൻപ് ക്ഷേത്രത്തിൽ വെള്ളിപ്പൂട്ടുകളും പുല്ലാങ്കുഴലുകളും വെള്ളിയിലുള്ള കരകൗശല വസ്തുക്കളും ലഭിച്ചിട്ടുണ്ടെങ്കിലും ഇത്തവണത്തെ സംഭാവന ങാരവാഹികളെ ശരിക്കും ഞെട്ടിച്ചിരിക്കുകയാണ്.
ചിത്തോർഗഢ് ടൗണിൽ നിന്ന് 40 കിലോമീറ്റർ അകലെയാണ് സാൻവാലിയ സേത് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വൈഷ്ണവ ഭക്തരുടെ പ്രധാന ആരാധനാലയമാണ് ഈ ക്ഷേത്രം. രാജസ്ഥാനിലെ പ്രധാന ശ്രീകൃഷ്ണ ക്ഷേത്രമായ നാഥ്‌ദ്വാര കഴിഞ്ഞാൽ ഏറ്റവും കൂടുതൽ തിരക്കനുഭവപ്പെടുന്ന ക്ഷേത്രമാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |