യൂണിറ്റിന് പതിനാറു പൈസ വർദ്ധന. ഫിക്സഡ് ചാർജും കൂട്ടി. കർഷകരുടെയും നെഞ്ചത്തടിച്ചു. അടുത്തവർഷം ഇതിനെല്ലാം പുറമെ യൂണിറ്റിനു 12 പൈസ കൂടുമെന്ന മുൻകൂർ പ്രഖ്യാപനവും. ഉദ്യോഗസ്ഥരുടെ തോന്ന്യാസത്തിനും ഉത്തരവാദിത്വമില്ലായ്മയ്ക്കും ജനങ്ങളുടെ നട്ടെല്ലൊടിക്കുന്ന കാഴ്ചയാണ് വൈദ്യുതി നിരക്ക് വർദ്ധനവിൽ കാണാൻ കഴിയുക. കെ.എസ്.ഇ.ബിയിലെ യൂണിയനുകളുടെയും ഉദ്യോഗസ്ഥ ലോബിയുടെയും ധൂർത്തിനും അഴിമതിക്കും കമ്മിഷൻരാജിനും വില കൊടുക്കേണ്ടി വന്നത് പാവം ജനങ്ങൾ.തുടർഭരണം നൽകിയതിനുള്ള വാർഷിക സമ്മാനമായിരിക്കും ഇത്.
സഞ്ചിത നഷ്ടംപേറുന്ന ഒരു കമ്പനിയിലും ഒരിക്കലും ലാഭവിഹിതമോ ശമ്പളവർദ്ധനവോ നൽകരുത്. 2016ലും 21ലും കെ.എസ്.ഇ.ബി അനുവാദമില്ലാതെ ശമ്പളം വർദ്ധിപ്പിച്ചു.രാജ്യത്ത് ഒരു കമ്പനിക്കും ജീവനക്കാർക്ക് പെൻഷൻ കൊടുക്കേണ്ട ബാദ്ധ്യതയില്ല. പക്ഷേ, കെ.എസ്.ഇ.ബിയിൽ പെൻഷൻ നൽകണം. അതും ഉപഭോക്താക്കളെ പിഴിഞ്ഞ്. മറ്റ് ഏതെങ്കിലും സർക്കാർ സർവീസിനെ താരതമ്യം ചെയ്താൽ കൂടുതൽ ശമ്പളം ലഭിക്കുന്നത് വൈദ്യുതി ബോർഡിലായിരിക്കും. ശമ്പളം കൂടുന്നതിനൊപ്പം റിസ്‌ക് അലവൻസും ലഭിക്കും. ലൈൻമാൻമാർ ഉൾപ്പെടെ റിസ്‌കുള്ള ജോലിക്കാർക്ക് അലവൻസ് കൊടുക്കുന്നതിലെ ന്യായം മനസിലാക്കാം. എന്നാൽ ഓഫീസ് ജോലിമാത്രം ചെയ്യുന്നവർക്കും ഇത് എന്തിനാണ്?
പുതുതായി കണക്ഷൻ എടുക്കുന്നവർക്ക് ഉൾപ്പെടെ സ്മാർട്ട് മീറ്റർ മാത്രമേ വയ്ക്കാവൂ. എന്നാൽ സർക്കാർ ടി.ഒ.ഡി മീറ്ററുമായി മുന്നോട്ടു പോകുന്നു. 2026ൽ എല്ലാ ഉപഭോക്താക്കളും സ്മാർട്ട് മീറ്ററിലേയ്ക്ക് മാറണമെന്നുള്ളപ്പോൾ ടി.ഒ.ഡി മീറ്ററിലേയ്ക്ക് പോകുന്നത് സാമ്പത്തിക നഷ്ടമുണ്ടാക്കും. കേന്ദ്ര സഹായം ലഭിക്കുകയുമില്ല.
സംസ്ഥാനത്ത് ഒരു വൈദ്യുത പദ്ധതിയും കൃത്യസമയത്ത് പൂർത്തിയാക്കിയിട്ടില്ല. ഇതുമൂലം എസ്റ്റിമേറ്റ് തുക നാലിരട്ടിയാകും. പുരപ്പുറ സോളാർ വൈദ്യുതിയെ ബോർഡ് പ്രോത്സാഹിപ്പിച്ചാൽ പുറത്തു നിന്ന് വൈദ്യുതി വാങ്ങുന്നത് ഒഴിവാക്കാം. ഇപ്പോൾ ഒന്നര ലക്ഷം ഗാർഹിക സോളാർ ഉപഭോക്താക്കളുണ്ട്. ഈ സാദ്ധ്യതയെന്താണ് ബോർഡ് പ്രയോജനപ്പെടുത്താത്തത്.
കേന്ദ്രസർക്കാർ റേറ്റിംഗിൽ കെ.എസ്.ബിക്ക് മൈനസ് പോയിന്റാണ്. 53 കമ്പനികളിൽ 32ാം സ്ഥാനം മാത്രമുള്ള ബോർഡിന് ബി മൈനസ് പോയിന്റാണുള്ളത്. കഴിഞ്ഞവർഷം ഇത് ബിയായിരുന്നു. ബോർഡിനെ നന്നായി കൊണ്ടുപോകാൻ ആരു ശ്രമിച്ചാലും യൂണിയൻ ആധിപത്യമാണ് തടസം. വൈദ്യുതിച്ചാർജ് വർദ്ധിപ്പിച്ച് ധൂർത്തും തോന്ന്യാസവും തുടർന്നാൽ ഭാവിയിൽ ഉപഭോക്താക്കൾ കൂടുതലായി വൈദ്യുതി ലഭിക്കുന്ന സമാന്തര മാർഗങ്ങളിലേയ്ക്ക് തിരിയും. കെ.എസ്.ഇ.ബി അപ്രസക്തമാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |