ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ രാജ്യദ്രോഹി എന്നു വിശേഷിപ്പിച്ച ബി.ജെ.പി എം.പിമാർക്കെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിൽ ഇന്നലെ ലോക്‌സഭ പൂർണമായി തടസപ്പെട്ടു. പത്രസമ്മേളനത്തിൽ രാഹുലിനെതിരെ ആരോപണമുന്നയിച്ച ബി.ജെ.പി എം.പി സംബിത് പാത്രയ്‌ക്കെതിരെ കോൺഗ്രസ് എം.പി ഹൈബി ഈഡൻ നൽകിയ അവകാശലംഘന നോട്ടീസിന് സ്‌പീക്കർ ഓം ബിർള അനുമതി നിഷേധിച്ചതും ബഹളത്തിന് കാരണമായി.
ഇന്നലെ രാവിലെ സഭ സമ്മേളിച്ചയുടൻ കെ.സി. വേണുഗോപാൽ ബി.ജെ.പി എം.പി നിഷികാന്ത് ദുബെയുടെ രാജ്യദ്രോഹി പരാമർശത്തിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടു. ചോദ്യോത്തര വേള തുടരാനായിരുന്നു സ്‌പീക്കറുടെ തീരുമാനം. തുടർന്ന് കോൺഗ്രസ് അംഗങ്ങൾ എഴുന്നേറ്റ്ബഹളം തുടങ്ങി. 12വരെ നിറുത്തിയ സഭ പിന്നെ സമ്മേളിച്ചപ്പോഴും ബഹളം തുടർന്നപ്പോൾ തിങ്കളാഴ്‌ച വരെ പിരിഞ്ഞു.
അദാനി വിരുദ്ധ പ്രതിഷേധത്തിന്റെ ഭാഗമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും വയനാട് എംപി പ്രിയങ്ക ഗാന്ധിയും ഉൾപ്പെടെയുള്ള പ്രതിപക്ഷ എംപിമാർ ‘മോദി അദാനി ഭായ് ഭായ്’ എന്നെഴുതിയ സ്റ്റിക്കർ ഒട്ടിച്ച് വായ മൂടിയാണ് പാർലമെന്റിൽ എത്തിയത്. പാർലമെന്റിന് പുറത്ത് അവർ പ്രകടനവും നടത്തി. 'ഇന്ത്യ' മുന്നണിയിലെ ആർ.ജെ.ഡി, ജെ.എം.എം, ഇടത് പാർട്ടി എംപിമാരും പ്രതിഷേധത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |