കോട്ടയം : ഒന്നരപ്പതിറ്റാണ്ടായി കുരുങ്ങിക്കിടക്കുന്ന ബൈപ്പാസ് നിർമ്മാണത്തിന് ജീവൻവയ്ക്കുന്നതോടെ കടുത്തുരുത്തിയുടെ വികസനസ്വപ്നങ്ങൾക്ക് ചിറക് മുളയ്ക്കുന്നു. കോട്ടയം - എറണാകുളം സംസ്ഥാനപാതയ്ക്ക് സമാന്തരമായി ആവിഷ്‌ക്കരിച്ച ബൈപ്പാസ് ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് മോൻസ് ജോസഫ് എം.എൽ.എയുടെ ഉറപ്പ് പ്രതീക്ഷയോടെയാണ് ജനങ്ങൾ നോക്കിക്കാണുന്നത്. ഫ്ലൈ ഓവർ, വലിയതോട്, ചുള്ളി തോട് പാലങ്ങൾ എന്നിവയുമായി സംയോജിപ്പിച്ചുള്ള റോഡ് നിർമ്മാണ ജോലികളാണ് ഇനി പൂർത്തിയാക്കാനുള്ളത്. നിർമ്മാണ ജോലികളിലെ പരാതികൾ പൊതുമരാമത്ത് വകുപ്പിന് നൽകാം. ഇതെല്ലാം പരിഹരിച്ചാകും ബൈപ്പാസ് യാഥാർത്ഥ്യമാക്കുക. കടുത്തുരുത്തി ഐ.ടി.സി ജംഗ്ഷൻ മുതൽ ബ്ലോക്ക് ജംഗ്ഷൻ വരെയുള്ള 1.5 കിലോമീറ്റർ നീളത്തിലും 14 മീറ്റർ വീതിയിലുമാണ് ബൈപ്പാസ് നിർമ്മാണം. റോഡിനുവേണ്ടി ഏറ്റെടുത്ത ഭൂമി 2013 നവംബർ അഞ്ചിന് പൊതുമരാമത്തുവകുപ്പിന് കൈമാറിയിരുന്നു. 8.60 കോടിയുടെ ഒന്നാംഘട്ടവും 7.22 കോടിയുടെ രണ്ടാംഘട്ട നിർമ്മാണവും പൂർത്തീകരിച്ചു.
ഇനി നടക്കാനുള്ളത്
സംരക്ഷണഭിത്തി നിർമാണം
ഗ്രാമീണറോഡിൽ അടിപ്പാത
വെള്ളക്കെട്ടിന് പരിഹാരം കാണൽ
ഉന്നത നിലവാരത്തിൽ ടാറിംഗ്
ഇരുവശവും ബലപ്പെടുത്തൽ
തീരാശാപമായി ഗതാഗതക്കുരുക്ക്
ബൈപ്പാസ് പൂർത്തിയാകുന്നതോടെ വലിയവാഹനങ്ങൾ ഉൾപ്പെടെയുള്ളവയ്ക്കു ടൗണിൽ പ്രവേശിക്കാതെ പോകാനാവും. മുട്ടുചിറ മുതൽ ആപ്പാഞ്ചിറ വരെ നീളുന്ന ഗതാഗതക്കരുക്കിന് പരിഹാരമാകും. ആംബുലൻസുകളടക്കം ട്രാഫിക് ബ്ലോക്കിൽ കുരുങ്ങുന്നത് നിത്യകാഴ്ചയാണ് . രാവിലെയും വൈകിട്ടുമാണ് കുരുക്ക് രൂക്ഷം. ടൗൺ പിന്നിടാൻ വാഹനങ്ങൾക്ക് മണിക്കൂറുകൾ കാത്തുകിടക്കണം. വാഹനങ്ങളുടെ അമിതവേഗവും അനധികൃത പാർക്കിംഗുമെല്ലാം അപകടങ്ങൾക്കും കാരണമാകുന്നുണ്ട്.
25.50കോടി രൂപ എസ്റ്റിമേറ്റ് തുക
'' ഒരു വർഷത്തിനുള്ളിൽ ബൈപ്പാസ് തുറന്നു കൊടുക്കും. 9.60 കോടിയുടെ നിർമ്മാണപ്രവൃത്തികളാണ് മൂന്നാഘട്ടത്തിൽ നടപ്പാക്കാനുള്ളത്. മുഴുവൻ ജോലികളും ഒറ്റയടിക്ക് പൂർത്തീകരിക്കുകയാണ് ലക്ഷ്യം''
-മോൻസ് ജോസഫ് എം.എൽ.എ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |