കാസർകോട്: കല്യാണത്തിനായി കരുതിവച്ചിരുന്ന പൊന്നും പണവുമെല്ലാം പ്രളയം കൊണ്ടുപോയി. എല്ലാം നഷ്ടപ്പെട്ട അവസ്ഥയിലായിരുന്ന ജുവൈരിയയെ പക്ഷേ, അസ്കർ കൈവിട്ടില്ല. കർണാടകയെ വിഴുങ്ങിയ പ്രളയത്തിൽ വീടും പരിസരവും വെള്ളത്തിൽ മുങ്ങിയതിനെതുടർന്ന് ദുരിതാശ്വാസ ക്യാമ്പിൽ കഴിഞ്ഞിരുന്ന ജുവൈരിയയുടെ കഴുത്തിൽ നിശ്ചയിച്ച തീയതിയിൽ തന്നെ അസ്കർ താലി ചാർത്തി.
കർണാടകയിലെ കുടകിനടുത്ത് കൊണ്ടങ്കേരി സ്വദേശിയായ ജുവൈരിയയുടെയും കാസർകോട് കുറ്രിക്കോലുകാരനായ അസ്കറിന്റെയും വിവാഹം ആഗസ്റ്ര് 16ന് നടത്താമെന്ന് നേരത്തേ നിശ്ചയിച്ചതായിരുന്നു. എന്നാൽ അപ്രതീക്ഷിതമായെത്തിയ പ്രളത്തിൽ ജുവൈരിയയുടെ വീട് മുങ്ങി, സ്വർണവും പണവും വസ്തുക്കളുമെല്ലാം നഷ്ടപ്പെട്ടു. വിവാഹത്തിന് ഒരുക്കിയ മണിയറ അടക്കം ഒലിച്ചുപോയി. വിവാഹം നടത്താനും സ്ഥലമില്ലാതായി. താലികെട്ടിന്റെ ദിവസം അടുത്തപ്പോഴും ജുവൈരിയയും കുടുംബവും ദുരിതാശ്വാസ കേന്ദ്രത്തിലായിരുന്നു.
ഇതിനിടെ സൗദി അറേബ്യയിലെ ജോലിസ്ഥലത്തു നിന്ന് വിവാഹത്തിനായി നാട്ടിലെത്തിയ അസ്കർ പെണ്ണിനെ മാത്രം മതി കൂടുതലായി ഒന്നും വേണ്ടെന്ന നിലപാടെടുത്തതോടെ കാര്യങ്ങളെല്ലാം എളുപ്പമായി. സുഹൃത്തുക്കളുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ കൊണ്ടങ്കേരിയിലെ മറ്റൊരു വീട്ടിൽ വെച്ചായിരുന്നു വിവാഹം. വധുവിന് അണിയാനുള്ള കുറച്ച് ആഭരണങ്ങളും വസ്ത്രങ്ങളും നാട്ടുകാരും സംഘടനകളും വാങ്ങി നൽകി. ഏതായാലും സാമൂഹ്യമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ വധൂ വരൻമാർക്ക് ആശംസകളുടെ പ്രളയമാണിപ്പോൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |