അഞ്ചാലുംമൂട്: അഞ്ചാലുംമൂട് ജംഗ്ഷനിലെത്തുന്ന യാത്രക്കാർക്ക് അപകടഭീഷണി ഉയർത്തി പാഴ്മരങ്ങൾ. കോർപ്പറേഷൻ മൈതാനത്തെ മരവും അഞ്ചാലുംമൂട് - പെരുമൺ റോഡിൽ സ്വകാര്യ വ്യക്തിയുടെ വസ്തുവിൽ നിന്ന് ജംഗ്ഷനിലേക്ക് വളർന്ന് പന്തലിച്ച പാഴ്‌മരവുമാണ് അപകടഭീഷണി ഉയർത്തുന്നത്.
ഈ മരങ്ങളുടെ ശിഖരങ്ങൾ ഇടയ്ക്കിടെ റോഡിലേക്ക് ഒടിഞ്ഞുവീഴുന്നത് ബസ് കാത്ത് നിൽക്കുന്നവരെയും സമീപത്തെ വ്യാപാരികളെയും ഒരുപോലെ ഭീതിയിലാക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച പാഴ്മരത്തിന്റെ ശിഖരം ഒടിഞ്ഞ് റോഡിലൂടെയുള്ള 11 കെ.വി ലൈനിൽ പതിച്ചിരുന്നു. ഭാഗ്യംകൊണ്ടാണ് വഴിയാത്രക്കാർക്ക് അപകടം സംഭവിക്കാതിരുന്നത്.
തൊട്ടടുത്ത ദിവസം മരച്ചില്ല വീണ്ടും ഒടിഞ്ഞ് റോഡിലേക്ക് വീണു. തലനാരിഴയ്ക്കാണ് ബൈക്ക് യാത്രക്കാരായ രണ്ടുപേർ രക്ഷപ്പെട്ടത്. അടിക്കടി വൈദ്യുതി മുടങ്ങുന്നത് സംബന്ധിച്ച് വ്യാപാരികൾ പരാതി നൽകിയതോടെ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെത്തി പാഴ്മരത്തിന്റെ ശിഖരം മുറിച്ച് മാറ്റിയെങ്കിലും തുടർ നടപടികൾ സ്വീകരിച്ചില്ല.
കോർപ്പറേഷൻ മൈതാനത്തെ മരത്തിന്റെ ചില്ലകൾ വീണ് പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾക്ക് കേടുപാടുകൾ ഉണ്ടാകുന്നത് സ്ഥിരം സംഭവമാണെന്ന് യാത്രക്കാർ പറയുന്നു.
അഞ്ചാലുംമൂട് ഗവ.എൽ.പി സ്‌കൂൾ, അഞ്ചാലുംമൂട് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ ഉൾപ്പടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ ബസ് കാത്തുനിൽക്കുന്ന സ്റ്റാൻഡിന് സമീപമാണ് മരങ്ങൾ സ്ഥിതി ചെയ്യുന്നത്. പാഴ്മരങ്ങൾ മുറിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് യാത്രക്കാരും കച്ചവടക്കാരും കോർപ്പറേഷൻ അധികൃതർക്ക് പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല.
യാത്രക്കാർക്ക് ഭീഷണി ഉയർത്തുന്ന പാഴ്‌മരങ്ങൾ വെട്ടിമാറ്റാൻ നടപടി സ്വീകരിക്കും. വിഷയം മേയറുടെ ശ്രദ്ധയിൽപ്പെടുത്തി.
സ്വർണമ്മ, ഡിവിഷൻ കൗൺസിലർ
അഞ്ചാലുംമൂട്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |