കൊടുങ്ങല്ലൂർ: മൈക്രോ ആർട്ടിൽ അസാമാന്യമായ വൈദഗ്ദ്ധ്യം പ്രകടിപ്പിച്ച് എടവിലങ്ങ് സ്വദേശി അതുൽ ആനന്ദ് ഏഷ്യാ ബുക്ക് ഒഫ് റെക്കാഡ്‌സ് അംഗീകാരം നേടി. ഇന്ത്യയിലെ 29 സംസ്ഥാനങ്ങളുടെയും പേരുകൾ ബന്ധപ്പെട്ട ഭാഷയിൽ പെൻസിൽ മുനകളിൽ തീർത്ത് ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്‌സ് അംഗീകാരം നേടിയിരുന്നു. പിന്നാലെയാണ് മാല്ല്യങ്കര എസ്.എൻ.എം കോളേജിലെ ബികോം വിദ്യാർത്ഥിയായ അതുൽ ആനന്ദ് ഏഷ്യാ ബുക്ക് ഒഫ് റെക്കോർഡ്‌സിലും ഇടം പിടിച്ചത്. കലാപരമായ കഴിവും ഭാവനയ്ക്കുമൊപ്പം അതീവശ്രദ്ധയും സൂക്ഷ്മതയും അനിവാര്യമായ ഈ രംഗത്ത് രാജ്യാന്തര തലത്തിൽ തന്നെ അതുലിന്റെ സൃഷ്ടികൾ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇൻസ്റ്റഗ്രാമിലുള്ള അതുലിന്റെ പെൻസിൽ ഇൻസ്‌ക്രൈബർ എന്ന പേജിന് പതിനായിരക്കണക്കിന് ഫോളോവേഴ്‌സുണ്ട്. നടൻ ടൊവിനോ തോമസ് ഉൾപ്പടെയുള്ളവർ ഇതിലുൾപ്പെടുന്നു. എടവിലങ്ങിലെ മാങ്കറ സദാനന്ദൻ ജയലക്ഷ്മി ദമ്പതികളുടെ രണ്ട് മക്കളിൽ ഇളയവനാണ് അതുൽ. സഹോദരൻ അഖിൽ ന്യൂസിലാൻഡിൽ ഉദ്യോഗസ്ഥനാണ്.
ബ്‌ളാക്ക് ബോർഡുകളിലെഴുതുന്ന ചോക്ക് കഷണങ്ങളിൽ ശിൽപ്പങ്ങൾ തീർത്തായിരുന്നു അതുലിന്റെ തുടക്കം. തുടർന്ന് പെൻസിൽ മുനകളിൽ ശിൽപ്പങ്ങൾ തീർക്കാനാരംഭിച്ചു. പ്രണയ സമ്മാനം, ജന്മദിന വിവാഹ സമ്മാനമായുമെല്ലാം ഉപയോഗിക്കാവുന്ന സൃഷ്ടികളായിരുന്നു പലതും. 8921058007 എന്ന വാട്‌സ് ആപ്പ് നമ്പറിലൂടെയാണ് ഉപഭോക്താക്കളെല്ലാം ബന്ധപ്പെടുന്നത്..
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |