തിരുവനന്തപുരം: സ്‌കൂൾ കലോത്സവത്തിന്റെ അവതരണ ഗാനത്തിനു നൃത്തം പഠിപ്പിക്കാൻ ചലച്ചിത്രനടി 5 ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന മന്ത്രി വി. ശിവൻകുട്ടിയുടെ കുറ്റപ്പെടുത്തൽ വിവാദമായതോടെ മന്ത്രി അത് പിൻവലിച്ചു. നടിയുടെ പേരു പറയാതെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. കലോത്സവം വഴി സിനിമയിലെത്തിയ പല നടിമാരെയും സംശയത്തിന്റെ നിഴലിലാക്കിയ സാഹചര്യത്തിലായിരുന്നു മന്ത്രിയുടെ പിൻവാങ്ങൽ.
കുട്ടികളുടെ നൃത്തം ചിട്ടപ്പെടുത്താൻ മന്ത്രിയുടെ ഓഫീസിൽനിന്നാണ് നടിയെ ക്ഷണിച്ചത്. 'കലോത്സവ വേദികളിലൂടെ നേടിയ പ്രശസ്തിയിലൂടെ സിനിമയിൽ എത്തിയവർ എത്ര അഹങ്കാരികളായി മാറുന്നുവെന്ന് നിങ്ങൾ മനസിലാക്കണം. 10 മിനിട്ട് നൃത്തം പഠിപ്പിക്കാൻ 5 ലക്ഷമാണ് ചോദിച്ചത്. പണത്തോടുള്ള ആർത്തി തീർന്നിട്ടില്ല ഇവർക്ക്. ഞാൻ പറഞ്ഞു വേണ്ടെന്ന്." ഞായറാഴ്ച വെഞ്ഞാറമൂട് നടന്ന ചടങ്ങിനിടെയായിരുന്നു മന്ത്രിയുടെ പരാമർശം. ഇന്നലെ വൈകിട്ട് നടന്ന വാർത്താസമ്മേളനത്തിലാണ് പ്രസ്താവന പിൻവലിച്ചത്.
''എന്റെ പ്രസ്താവനയ്ക്കു പിന്നാലെ പലരുടെയും പേര് ഉയർന്നുവന്നിട്ടുണ്ട്. ആരെയും സംശയിക്കേണ്ട. ആർക്കും ഒരു ബുദ്ധിമുട്ട് ഉണ്ടാകേണ്ട. കലോത്സവം നടക്കുന്ന സമയത്ത് ആരെയും വിഷമിപ്പിക്കേണ്ടതില്ല. അതുകൊണ്ടു പ്രസ്താവന ഞാൻ പിൻവലിച്ചു. ഇനി അതു വിട്ടേക്ക്"" മന്ത്രി പറഞ്ഞു. സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനത്തിന് തന്റെ ക്ഷണം സ്വീകരിച്ചെത്തിയ നടൻ മമ്മൂട്ടി പ്രതിഫലം വാങ്ങാതിരുന്ന കാര്യവും മന്ത്രി ഓർമ്മിപ്പിച്ചു.
സ്വന്തം ചെലവിലെത്തിയെന്ന് ആശ
പ്രതിഫലം വാങ്ങാതെയാണ് താൻ കഴിഞ്ഞ വർഷം സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ നൃത്തം ഒരുക്കിയതെന്നും സ്വന്തം ചെലവിലാണ് ദുബായിൽ നിന്ന് എത്തിയതെന്നും നടിയും നർത്തകിയുമായ ആശാശരത്. 'നൃത്താദ്ധ്യാപിക കൂടി ആയതിനാൽ കുട്ടികൾക്കൊപ്പം വേദിയിലെത്തിയതിൽ അഭിമാനം. കുട്ടികളെ നൃത്തരൂപം പഠിപ്പിച്ച് അവർക്കൊപ്പം വേദിയിലെത്തി. 2022ലെ കലോത്സവത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കവേ കുട്ടികൾക്ക് നൽകിയ വാക്കാണ് പാലിച്ചത്. കുട്ടികൾക്കൊപ്പമായതിനാൽ മാത്രമാണ് പ്രതിഫലം വാങ്ങാതിരുന്നത്. പ്രതിഫലം വാങ്ങുന്നത് വ്യക്തിപരമായ തീരുമാനമാണ്""- ആശ വ്യക്തമാക്കി.
സംശയമുനയ്ക്കു പിന്നിൽ
കഴിഞ്ഞ മാർച്ചിൽ നടന്ന കേരള സർവകലാശാല കലോത്സവത്തിന്റെ ഉദ്ഘാടന സമ്മേളനം. യുവജനോത്സവത്തിൽ അതിഥികളായി എത്തുന്ന സെലിബ്രിറ്റികൾ വന്ന വഴി മറന്ന് വൻ പ്രതിഫലം കൈപ്പറ്റുന്നത് അവസാനിപ്പിക്കണമെന്നു മന്ത്രി ശിവൻകുട്ടി അന്ന് പ്രസംഗിച്ചു. മുഖ്യാതിഥിയായി എത്തിയ നടിയെ വേദിയിൽ ഇരുത്തിയായിരുന്നു വിമർശനം. താൻ വന്ന വഴി മറന്നിട്ടില്ലെന്നും ഒരു രൂപ പോലും വാങ്ങാതെയാണ് വന്നിരിക്കുന്നതെന്നും നടി അന്ന് മറുപടി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |