തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കട്ടരാമനെ വൈദ്യപരിശോധനയ്‌ക്ക് വിധേയമാക്കാൻ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ഡോക്‌ടർമാർ വിസമ്മതിച്ചെന്ന പൊലീസ് റിപ്പോർട്ടിനെതിരെ ഡോക്‌ടർമാരുടെ സംഘടന. പൊലീസിന്റെ വീഴ്‌ച ഡോക്‌ടർമാരുടെ തലയിൽ കെട്ടിവയ്‌ക്കാനാണ് ശ്രമമെന്നും ഇതിനെതിരെ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകുമെന്നും ഡോക്‌ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ അറിയിച്ചു. വാഹനാപകടത്തിന് പിന്നാലെ ശ്രീറാമിനെ ജനറൽ ആശുപത്രിയിൽ എത്തിച്ചെന്നും എന്നാൽ അവിടുത്തെ ഡോക്‌ടർ വൈദ്യപരിശോധനയ്‌ക്ക് വിസമ്മതിച്ചെന്നും നേരത്തെ പൊലീസ് റിപ്പോർട്ട് നൽകിയിരുന്നു.
എന്നാൽ ശ്രീറാമിന്റെ കേസിൽ നിയമപ്രകാരമുള്ള എല്ലാ കാര്യങ്ങളും ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്‌ടർ ചെയ്‌തിട്ടുണ്ട്. പൊലീസ് രേഖാമൂലം ആവശ്യപ്പെട്ടാൽ മാത്രമേ വൈദ്യപരിശോധന നടത്താവൂ എന്നാണ് ചട്ടം. എന്നാൽ പൊലീസ് രക്തപരിശോധന നടത്താൻ ആവശ്യപ്പെട്ടില്ലെന്നതാണ് യാഥാർഥ്യം. മാത്രമല്ല, മദ്യത്തിന്റെ മണമുണ്ടെന്ന് ഒ.പി. ടിക്കറ്റിൽ രേഖപ്പെടുത്തുകയും ചെയ്തു. വാക്കാൽ ആവശ്യപ്പെട്ടെന്നാണ് പൊലീസിന്റെ റിപ്പോർട്ട്. എന്നാൽ വാക്കാൽ പോലും പൊലീസ് രക്തപരിശോധനയ്ക്ക് ആവശ്യപ്പെട്ടിട്ടില്ലെന്നും ജനറൽ ആശുപത്രിയിലെഡോക്ടറെ സംരക്ഷിക്കുമെന്നും കെ.ജി.എം.ഒ.എ. സെക്രട്ടറി ഡോ. വിജയകൃഷ്ണൻ വ്യക്തമാക്കി.
അതേസമയം, ബഷീറിന്റെ മരണത്തിന് കാരണമായ അപകടമുണ്ടാക്കിയ കാറോടിച്ചിരുന്ന യുവ ഐ.എ.എസുദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന്റെയും ഒപ്പമുണ്ടായിരുന്ന വനിതാ സുഹൃത്ത് വഫ ബഷീറിന്റെയും ലൈസൻസ് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കി. അപകടമുണ്ടായി ആഴ്ചകൾ കഴിഞ്ഞിട്ടും ഇരുവരുടെയും ലൈസൻസ് സസ്പെൻഡ് ചെയ്യാനും കാറിന്റെ രജിസ്ട്രേഷൻ റദ്ദാക്കാനും മോട്ടോർ വാഹന വകുപ്പ് നടപടികൾ സ്വീകരിക്കാത്തത് വിവാദമായിരുന്നു. തുടർന്ന് വിഷയത്തിൽ ഇടപെട്ട ഗതാഗത മന്ത്രിയാണ് അടിയന്തര നടപടി സ്വീകരിച്ചത്.
മദ്യലഹരിയിൽ അമിത വേഗത്തിലോടിച്ച കാറിടിച്ച് ജീവഹാനി സംഭവിച്ചാൽ ഡ്രൈവറുടെ ലൈസൻസ് ഉടൻ സസ്പെൻഡ് ചെയ്യണമെന്നാണ് ചട്ടം. അപകടത്തിൽ ശ്രീറാമിനെതിരെ കേസെടുക്കുകയും സംഭവം വൻവിവാദങ്ങൾക്ക് വഴിവയ്ക്കുകയും ചെയ്തെങ്കിലും ലൈസൻസ് സസ്പെൻഡ് ചെയ്യാതെ മോട്ടോർ വാഹന വകുപ്പ് ഒളിച്ചുകളിക്കുകയായിരുന്നു. പല തവണ അമിത വേഗത്തിന് ഫൈൻ അടിക്കപ്പെടുകയും ഗ്ളാസുകൾ കറുത്ത ഫിലിം ഒട്ടിക്കുകയും ചെയ്ത് മോട്ടോർ വാഹനചട്ടം ലംഘിച്ച കാറിന്റെ അമിതവേഗം ജീവഹാനിക്ക് ഇടയാക്കിയതോടെ കാറിന്റെ രജിസ്ട്രേഷൻ റദ്ദാക്കുമെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും അതിനുള്ള നടപടികളും മന്ദഗതിയിലായി. ലൈസൻസ് റദ്ദാക്കുന്നതിനായി ഇരുവർക്കും നോട്ടീസ് നൽകിയെങ്കിലും ഇത് കൈപ്പറ്റാതിരുന്നതാണ് നടപടികൾക്ക് തടസമായതെന്നാണ് മോട്ടോർ വാഹനവകുപ്പിന്റെ വിശദീകരണം.
അതേസമയം, അപകട സ്ഥലത്ത് നിന്ന് നഷ്ടപ്പെട്ട കെ.എം ബഷീറിന്റെ ഫോൺ കണ്ടെത്തുന്ന കാര്യത്തിൽ പൊലീസിന്റെ അലംഭാവവും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. അപകടമുണ്ടായി ആഴ്ചകൾ പിന്നിട്ടിട്ടും കെ.എം ബഷീറിന്റെ ഫോൺ കണ്ടെത്തുന്നതിൽ പൊലീസ് ഗുരുതരവീഴ്ചയാണ് വരുത്തിയത്. അപകടമുണ്ടായി ഒരുമണിക്കൂറിനുശേഷം മ്യൂസിയം പൊലീസ് ബഷീറിന്റെ ഫോണിലേക്ക് വിളിച്ചിരുന്നു. ഈ കോൾ അറ്റൻഡ് ചെയ്തയാൾ അവ്യക്തമായും പരസ്പര വിരുദ്ധമായും എന്തൊക്കെയോ സംസാരിച്ചശേഷം ഫോൺ സ്വിച്ച് ഓഫ് ചെയ്തു. ഫോൺ കണ്ടെത്താനായി അതിന്റെ ഐ.എം.ഇ.ഐ നമ്പർ ശേഖരിച്ച് സൈബർ പൊലീസിന്റെ സഹായം തേടിയതായി പ്രത്യേക അന്വേഷണ സംഘത്തലവൻ ഷീൻ തറയിൽ വെളിപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |