ന്യൂഡൽഹി: ഇന്ത്യ മുന്നണിയിലെ അസ്വാരസ്യങ്ങൾക്ക് മൂർച്ഛയേകി പുതിയ സംഭവവികാസങ്ങൾ. മുന്നണി നേതാവായി മമത ബാനർജിയെ പിന്തുണച്ചുകൊണ്ട് ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ് രംഗത്ത് വന്നതോടെയാണ് കാര്യങ്ങൾ മറനീക്കി പുറത്തുവരുന്നത്. മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് ശക്തമായ തിരിച്ചടി നേരിട്ട സാഹചര്യത്തിൽ കൂടിയാണ് മമത തങ്ങളുടെ നേതാവായി വരണമെന്ന് കൂടുതൽ പ്രതിപക്ഷ കക്ഷികളും ആഗ്രഹിക്കുന്നത്. ഇന്ത്യ മുന്നണിയെ നയിക്കാനുള്ള താൽപര്യം മമത പ്രകടിപ്പിച്ചുവെന്നാണ് അവരുമായി അടുത്തവൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന.
ഈ അവസരം മുതലെടുത്ത് മമതയെ പിന്തുണക്കാൻ കോൺഗ്രസ് ഇതര പ്രമുഖ നേതാക്കളെല്ലാം രംഗത്തുണ്ട്. വൈ.എസ്.ആർ.സി.പി നേതാവ് ജഗൻ മോഹൻ റെഡ്ഡി, എൻസിപി അദ്ധ്യക്ഷൻ ശരത് പവാർ, ശിവസേനയുടെ ഉദ്ദവ് താക്കറെ തുടങ്ങിയവരെല്ലാം മമതയെ പിന്തുണക്കുന്നവരാണ്. ''ഞങ്ങൾ മമതയെ പിന്തുണക്കുന്നു. അവർ മുന്നണിയുടെ നേതൃസ്ഥാനത്തേക്ക് വരേണ്ടതാണ്''- ലാലു പ്രസാദ് പറഞ്ഞു. കോൺഗ്രസിന്റെ എതിർപ്പുകളൊന്നും പ്രസക്തമല്ല. അവരുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിന് ഇതുവരെ കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചിട്ടില്ലെന്നും മുൻ ബീഹാർ മുഖ്യൻ കൂട്ടിച്ചേർത്തു. അച്ഛന്റെ തീരുമാനം തന്നെയാണ് തന്റേതെന്ന് മകനും, പാർട്ടി നേതാവുമായ തേജസ്വി യാദവും പ്രതികരിച്ചു. മമതയെ പിന്തുണയ്‌ക്കുന്നു. എന്നാൽ കൂട്ടായ ആലോചനയിലൂടെ വേണം ഒരു തീരുമാനമുണ്ടാകാനെന്നും തേജസ്വി വ്യക്തമാക്കി.
''മമത ദീദി 42 ലോക്‌സഭാ സീറ്റുകൾ പ്രതിനിധാനം ചെയ്യുന്ന വലിയൊരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ്. അവർക്ക് തെരഞ്ഞെടുപ്പ് ഗോദയിൽ വളരെ വലിയ പരിജ്ഞാനവുമുണ്ട്. അതുകൊണ്ട് ഇന്ത്യ മുന്നണിയെ നയിക്കാൻ എന്തുകൊണ്ടും യോഗ്യയാണ്''- വൈ.എസ്.ആർ.സി.പി നേതാവും രാജ്യസഭാ മെമ്പറുമായ വിജയസായി റെഡ്ഡി പറഞ്ഞു. വൈ.എസ്.ആർ.സി.പി അദ്ധ്യക്ഷൻ ജഗൻ മോഹൻ റെഡ്ഡി മമതയുമായി കൂടുതൽ അടുക്കുന്നുവെന്ന സൂചനയാണ് വിജയസായി നൽകുന്നത്.
കൂടുതൽ പ്രതിപക്ഷ കക്ഷികൾ മമതയെ പിന്തുണച്ച് രംഗത്ത് വന്നതോടെ കോൺഗ്രസ് തങ്ങളുടെ ഈഗോ മാറ്റിവച്ച് ഇന്ത്യ മുന്നണി നേതാവായി മമത ബാനർജിയെ അംഗീകരിക്കണമെന്നാണ് ത്രിണമൂൽ കോൺഗ്രസ് എംപി കല്യാൺ ബാനർജി ആവശ്യപ്പെട്ടത്. ''നിങ്ങളുടെ നേതൃത്വത്തിൽ ഇന്ത്യ മുന്നണി പരാജയമാണെന്ന് കോൺഗ്രസ് നേതൃത്വം തിരിച്ചറിയണം. മമതയെ കോൺഗ്രസ് അകറ്റി നിറുത്തുന്നത് കേവലം ഈഗോ കൊണ്ട് മാത്രമാണ്. രാഷ്ട്രീയം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് നിങ്ങൾ മമതയെ കണ്ടുപഠിക്കൂ''- കല്യാൺ പറഞ്ഞു.
എന്നാൽ, മമതയെ ഉടനൊന്നും നേതാവായി അംഗീകരിക്കാൻ കോൺഗ്രസ് തയ്യാറാകില്ല. ബംഗൾ വിട്ടുകഴിഞ്ഞാൽ ത്രിണമൂൽ കോൺഗ്രസിന്റെ അവസ്ഥ എന്താണെന്നാണ് കോൺഗ്രസ് എംപി മണിക്കാം ടാഗോറിന്റെ ചോദ്യം. ഗോവയിലും, ത്രിപുരയിലും, മണിപ്പൂരിലും, ആസാമിലും മേഘാലയയിലും നാഗാലാൻഡിലും അരുണാചൽ പ്രദേശിലും എന്താണ് സംഭവിച്ചതെന്ന് ത്രിണമൂൽ കോൺഗ്രസ് മറുപടി പറയണമെന്ന് മണിക്കാം ടാഗോർ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |