SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.08 PM IST

രാഷ്ട്രപതിയുടെ റഫറൻസ്; ബില്ലുകൾ ഒപ്പിടാനുള്ള സമയപരിധി തള്ളി

Increase Font Size Decrease Font Size Print Page
sc

ന്യൂഡൽഹി: നിയമസഭ പാസാക്കി അയക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി നിശ്ചയിച്ച രണ്ടംഗ ബെഞ്ചിന്റെ തീരുമാനം തള്ളി സുപ്രീം കോടതി ഭരണഘടനാ ബെഞ്ച്. രാഷ്‌ട്രപതിയുടെ പതിനാല് ചോദ്യങ്ങളടങ്ങിയ റഫറൻസിന് മറുപടി നൽകുകയായിരുന്നു സുപ്രീം കോടതി.


നിയമസഭ പാസാക്കിയ ബില്ല് ഗവർണർക്ക് മുന്നിൽ വന്നാൽ അനിശ്ചിത കാലത്തേക്ക് പിടിച്ചുവയ്‌ക്കുന്നത് ഫെഡറൽ തത്വങ്ങൾക്ക് എതിരാണെന്നും കോടതി ചൂണ്ടിക്കാട്ടി. നിയമസഭയുമായുള്ള ആശയവിനിമയത്തിലൂടെയും ചർച്ചയിലൂടെയുമാണ് ഇത് പരിഹരിക്കേണ്ടതെന്നും കോടതി നിർദേശിച്ചു. ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് അദ്ധ്യക്ഷനായ അഞ്ചംഗ ബെഞ്ചിന്റേതാണ് വിധി.

തമിഴ്നാട് ഗവർണർക്കെതിരെ സ്റ്റാലിൻ സർക്കാർ സമർപ്പിച്ച ഹർജിയിലായിരുന്നു കഴിഞ്ഞ ഏപ്രിലിൽ സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി നിശ്ചയിച്ചത്. ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്ക് ഭരണഘടനയിൽ സമയപരിധി നിശ്ചയിച്ചിട്ടില്ലെങ്കിൽ ജുഡീഷ്യൽ ഉത്തരവുകൾ വഴി അതിനു കഴിയുമോ, ഭരണഘടനയിലെ 142ാം അനുച്ഛേദം സുപ്രീംകോടതിക്ക് നൽകിയിരിക്കുന്ന സവിശേഷാധികാരത്തിന് പരിമിതികളില്ലേ തുടങ്ങിയ 14 ചോദ്യങ്ങളാണ് രാഷ്ട്രപതി ഉന്നയിച്ചത്.

കേന്ദ്ര സർക്കാർ രാഷ്‌ട്രപതിയുടെ റഫറൻസിനെ അനുകൂലിച്ചപ്പോൾ, കേരളവും തമിഴ്നാടും അടക്കം പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ എതിർത്തു. ഭരണഘടനയിലെ അനുച്ഛേദം 143(1) പ്രകാരം രാഷ്ട്രപതിക്ക് സുപ്രീം കോടതിയോട് അഭിപ്രായം തേടാം. ആ സവിശേഷാധികാരം ഉപയോഗിച്ചായിരുന്നു രാഷ്‌ട്രപതിയുടെ റഫറൻസ്.

TAGS: NEWS 360, NATIONAL, NATIONAL NEWS, PRESIDENT REFERENCE, LATESTNEWS, SC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY