വിശാഖപട്ടണം: ഇന്ത്യയുടെ ബഹിരാകാശ സ്വപ്നമായ ഗഗൻയാൻ ദൗത്യത്തിൽ നിർണായക നേട്ടം. ഗഗൻയാൻ സഞ്ചാരികളെ സുരക്ഷിതമായി തിരിച്ചിറക്കുന്ന 'വെൽ ഡെക്ക്" പരീക്ഷണം വിജയിച്ചതായി ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐ.എസ്.ആർ.ഒ) അറിയിച്ചു. നാവികസേനയുമായി ചേർന്ന് വിശാഖപട്ടണം തീരത്തായിരുന്നു പരീക്ഷണം.
ദൗത്യം പൂർത്തിയാകുമ്പോൾ, യാത്രികരെ തിരികെ ഭൂമിയിലെത്തിക്കാൻ ഉപയോഗിക്കുന്ന ക്രൂ മൊഡ്യൂൾ സമുദ്രത്തിൽ പതിക്കും. ഈ ക്രൂ മൊഡ്യൂളിനെ കിഴക്കൻ നേവൽ കമാൻഡിന്റെ വെൽ ഡെക്ക് ഷിപ്പ് ഉപയോഗിച്ച് വീണ്ടെടുക്കുന്നതിന്റെ പരീക്ഷണമാണ് പൂർത്തീകരിച്ചത്. ക്രൂ മൊഡ്യൂൾ കടലിൽ പതിക്കുമ്പോൾ യാത്രികർക്കുണ്ടാകുന്ന അസ്വസ്ഥതകൾ കുറയ്ക്കാനും അപ്രതീക്ഷിത വെല്ലുവിളികൾ ഒഴിവാക്കാനുമുള്ള നടപടികളാണ് നിലവിൽ നടത്തിവരുന്നത്. ക്രൂ മൊഡ്യൂളിന്റെ സമാന രൂപത്തിലും ഭാരത്തിലുമുള്ള വസ്തുവാണ് പരീക്ഷണത്തിന് ഉപയോഗിച്ചത്. സഞ്ചാരികൾ കടലിൽ ഇറങ്ങിയ ശേഷം എന്ത് ചെയ്യണമെന്ന് സംബന്ധിച്ച് കൊച്ചിയിലെ ഐ.എൻ.എസ് ഗരുഡയിലെ വാട്ടർ സർവൈവൽ ട്രെയിനിംഗ് ഫെസിലിറ്റി പരിശീലനം നൽകും.
വെൽ ഡെക്ക്: കടലിൽ പതിച്ച ബോട്ടുകളും എയർക്രാഫ്റ്റുകളുമുൾപ്പെടെ സുരക്ഷിതമായി വീണ്ടെടുക്കുന്നതിന് ഉപയോഗിക്കുന്ന രീതിയാണ് വെൽ ഡെക്ക്. കപ്പലിന്റെ ഡെക്കിൽ വെള്ളം നിറച്ചാണ് ഇത് ചെയ്യുക. കടലിൽ പതിക്കുന്ന ക്രൂ മൊഡ്യൂളിൽ നിന്ന് യാത്രികരെ വേഗത്തിൽ സുരക്ഷിതമായി വീണ്ടെടുക്കാൻ ഇതിലൂടെ സാധിക്കും.
ഘട്ടങ്ങൾ
1. ക്രൂ മൊഡ്യൂൾ കണ്ടെത്തും
2. വലിച്ചെടുത്ത് ഡെക്കിലെത്തിക്കും
3. ഡെക്കിൽ നിന്ന് വെള്ളം വറ്റിക്കും
4. യാത്രികരെ സുരക്ഷിതരായി പുറത്തെത്തിക്കും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |